ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ഇന്ത്യാവിരുദ്ധ പരാമര്‍ശവുമായി പാക് വംശജയായ സെനറ്റര്‍

ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ഇന്ത്യാവിരുദ്ധ പരാമര്‍ശവുമായി പാക് വംശജയായ സെനറ്റര്‍

കാന്‍ബറ: ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ഇന്ത്യാവിരുദ്ധ പരാമര്‍ശവുമായി പാകിസ്ഥാന്‍ വംശജയായ സെനറ്റര്‍ മെഹ്റിന്‍ ഫാറൂഖി. ഗ്രീന്‍സ് പാര്‍ട്ടിയുടെ ന്യൂ സൗത്ത് വെയില്‍സില്‍ നിന്നുള്ള സെനറ്ററാണ് മെഹ്റിന്‍. ഓസ്‌ട്രേലിയയുടെ ഏറ്റവും അടുത്ത സുഹൃദ് രാഷ്ട്രമായ ഇന്ത്യക്കെതിരേ ഗുരുതരമായ പരാമര്‍ശങ്ങളുമായാണ് ഇവര്‍ രംഗത്തുവന്നിട്ടുള്ളത്. കാശ്മീരിനെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ലക്ഷ്യം വച്ചുള്ളതാണ് പരാമര്‍ശം. മുസ്ലിം വിരുദ്ധ ഭരണകൂടമാണ് ഇന്ത്യയെ നയിക്കുന്നത് എന്നു സ്ഥാപിച്ചെടുക്കുന്നതാണ് സെനറ്ററുടെ വാക്കുകള്‍.

കാശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് മെഹ്റിന്റെ ആവശ്യം. ഇക്കാര്യത്തില്‍ സ്‌കോട്ട് മോറിസണിന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച അതേ നിശബ്ദത ആല്‍ബനീസി സര്‍ക്കാര്‍ തുടരരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ചൊവ്വാഴ്ച്ച രാത്രിയോടെയാണ്, കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ മെഹ്റിന്‍ ഫാറൂഖി വിവാദ പ്രസംഗം നടത്തിയത്. മെഹ്റിന്റെ പ്രസംഗം ചുവടെ:

'ഒക്ടോബര്‍ 27 കാശ്മീരികള്‍ കറുത്ത ദിനമായി ആചരിക്കുന്നു. കാശ്മീര്‍ ഒരു തര്‍ക്കഭൂമിയായി നിലനില്‍ക്കുകയാണ്. ലോകമെമ്പാടുമുള്ളവര്‍ കശ്മീരികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും സ്വയം നിര്‍ണയാവകാശത്തിനായുള്ള അവരുടെ പോരാട്ടത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. കാശ്മീരികളെ നിശബ്ദമാക്കി അവിടെ എന്താണ് സംഭവിക്കുന്നതെന്ന് മറച്ചുവയ്ക്കാനാണ് പതിറ്റാണ്ടുകളായി ഇന്ത്യ ശ്രമിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണത്തിന്‍ കീഴില്‍ അടിച്ചമര്‍ത്തലും അക്രമവും വര്‍ദ്ധിച്ചു. 2019-ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കി. വിയോജിപ്പുകളെ ക്രൂരമായി അടിച്ചമര്‍ത്തി.

ഇന്റര്‍നെറ്റ്, മൊബൈല്‍ ആശയവിനിമയങ്ങള്‍ താല്‍ക്കാലികമായി വിലക്കിയതോടെ കാശ്മീര്‍ ലോകത്തില്‍ നിന്ന് വിച്ഛേദിക്കപ്പെട്ടു. സര്‍ക്കാരിന് മുന്നില്‍ മുട്ടുകുത്തുന്ന മള്‍ട്ടിനാഷണല്‍ ടെക് കമ്പനികള്‍ ഈ ക്രൂരത തുറന്നുകാട്ടാന്‍ ശ്രമിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്യുകയും വീഡിയോകള്‍ ബ്ലോക്ക് ചെയ്യുകയും അക്കൗണ്ടുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. പുതിയ സുരക്ഷാ ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ച് ഇന്ത്യന്‍ സായുധ സേന കാശ്മീരിലെ തെരുവുകളില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയപ്പോള്‍, മോഡി സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും നിശബ്ദരാക്കാന്‍ ക്രൂരമായി പ്രവര്‍ത്തിച്ചു' - ഇങ്ങനെ തുടരുന്നു മെഹ്റിന്‍ ഫാറൂഖിയുടെ ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങള്‍.

2018 മുതല്‍ ഗ്രീന്‍സിനെ പ്രതിനിധീകരിച്ച് ന്യൂ സൗത്ത് വെയില്‍സിലെ സെനറ്ററാണ് മെഹ്റിന്‍ ഫാറൂഖി. പാക്കിസ്ഥാനിലെ ലാഹോറില്‍ 1963 ജൂലൈയിലാണ് അവര്‍ ജനിച്ചത്. എന്‍ജിനീയറിംഗ് ബിരുദധാരിയായ മെഹ്റിനും ഭര്‍ത്താവ് ഒമറും 1992-ലാണ് സിഡ്നിയിലെത്തിയത്. 2014-ല്‍ ഗര്‍ഭച്ഛിദ്രം കുറ്റകരമല്ലാതാക്കുന്ന ആദ്യത്തെ ബില്‍ ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചും ഇവര്‍ വിവാദം സൃഷ്ടിച്ചിട്ടുണ്ട്.

ഇതാദ്യമായല്ല ഇന്ത്യക്കെതിരേ മെഹ്റിന്‍ ഫാറൂഖി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ പരാമര്‍ശം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിനും അവര്‍ പ്രധാനമന്ത്രി മോഡിക്കെതിരേ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. മോഡിയെ ഇന്ത്യയുടെ തീവ്ര വലതുപക്ഷ നേതാവ് എന്നാണ് അന്ന് അവര്‍ വിശേഷിപ്പിച്ചത്. മോഡി ഭരണത്തിന്‍ കീഴില്‍ ഇന്ത്യയില്‍ അപകടകരമായ ദേശീയതയും സ്വേച്ഛാധിപത്യവും വളര്‍ന്നുവരുന്നതായും അതിന്റെ ഫലമായി മുസ്ലീം, സിഖ് വിരുദ്ധ വികാരം വ്യാപിക്കുന്നതായും അവര്‍ പറയുന്നു. ഈ ദേശീയത ഓസ്ട്രേലിയയിലെ ഇന്ത്യന്‍ പ്രവാസികളിലും നേരിട്ട് സ്വാധീനം ചെലുത്തുകയാണെന്നും അവര്‍ ആരോപിക്കുന്നു.

മുന്‍പ് സിഡ്നിയിലെ ഹാരിസ് പാര്‍ക്കില്‍ നാല് സിഖുകാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പ്രധാന കാരണം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രധാനമന്ത്രി മോഡിയുടെ ദേശീയ അജണ്ടയാണെന്ന് മെഹ്റിന്‍ ഫാറൂഖി അവകാശപ്പെട്ടിരുന്നു. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അത് വിളിച്ചുപറയാന്‍ വിസമ്മതിക്കുന്നതായും അവര്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി മോഡിയുടെ ദേശീയ അജണ്ടയെ അപലപിക്കാന്‍ മറ്റ് സെനറ്റ് അംഗങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട് അവര്‍. ഇത്തരത്തില്‍ ഇന്ത്യയുടെ മതനിരപേക്ഷതയെ തകര്‍ക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങളാണ് മെഹ്റിന്‍ ഫാറൂഖി നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.