തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതില്‍ അപ്രീതി രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതില്‍ പ്രതികരണവുമായി സിപിഎം.
മന്ത്രിയില്‍ വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയെന്നും ഗവര്‍ണറുടെ വ്യക്തിപരമായ പ്രീതിയല്ല ഭരണഘടന പറയുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടാണ് ഗവര്‍ണര്‍ക്ക് ബാധകം. കേരളത്തില്‍ ആര്‍എസ്എസ് അനുകൂലമായി കാര്യങ്ങള്‍ മാറ്റാനാണ് ഗവര്‍ണറുടെ ശ്രമം. ചില മാധ്യമങ്ങളെ മാത്രമേ കാണൂ എന്നത് ഗവര്‍ണറുടെ ഫാസിസ്റ്റ് നിലപാടാണ്.
ഗവര്‍ണറുമായി പ്രതിപക്ഷത്തിന് പ്രത്യേക ബന്ധമുണ്ട്. പ്രതിപക്ഷത്തിന്റെ നിലപാട് ഗൗരവതരമാണ്. പ്രതിപക്ഷ നേതാവ് വിഷയത്തെ നിസാരവല്‍ക്കരിക്കുന്നത് അടവാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണത്തെ മുസ്ലിം ലീഗ് എതിര്‍ത്തിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.
ഗവര്‍ണറുമായി ഒത്തുതീര്‍പ്പിനില്ല. നടപടികള്‍ നിയമപരമായി നേരിടും. ബില്ലില്‍ ഒപ്പിടാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് ആകില്ല. നിയമപരമായ എല്ലാ വഴിയും ഉപയോഗിക്കും. ഗവര്‍ണര്‍ ചാന്‍സലര്‍ ആകണമെന്നില്ല. ഗവര്‍ണര്‍ ചാന്‍സലര്‍ ആകണമെന്ന് ഒരു നിയമവും പറയുന്നില്ല.
ബിജെപി ഭരിക്കുന്ന സംസ്ഥാനത്തുള്‍പ്പെടെ ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവിയില്ല. കേരളത്തിലും അത് നടപ്പാക്കാന്‍ നിയമപരമായി സര്‍ക്കാര്‍ ആലോചിക്കുകയാണ്. ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ ശുപാര്‍ശ ചെയ്യുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒരുപഴുതും ബാക്കി വയ്ക്കില്ലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.
ഗവര്‍ണര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ധനമന്ത്രിയെ പുറത്താക്കട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. തന്റെ പദവിയെ കുറിച്ച് അറിയാതെയാണ് ഗവര്‍ണര്‍ പലതരത്തിലുള്ള കാര്യങ്ങള്‍ സ്വീകരിക്കുന്നത്.
ഇങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ ഒരു മന്ത്രിയെ പിരിച്ചുവിടാന്‍ കഴിയുമോ? ഇതൊക്കെ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്ന് കാനം പറഞ്ഞു. ഗവര്‍ണര്‍ ജനാധിപത്യത്തെയല്ല, ഭരണഘടനയെ തന്നെ വെല്ലുവിളിക്കുകയാണ്.
ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷത്തില്‍ തന്നെ ഭിന്നതയുണ്ട്. മുഖ്യമന്ത്രിക്ക് ആരെങ്കിലും ഒരു കത്ത് അയച്ചാല്‍ ഒരു മന്ത്രിയെ പുറത്താക്കാനാകുമോ? കത്തയക്കാന്‍ പോസ്റ്റ് ഓഫീസ് ഉണ്ടെങ്കില്‍ ആര്‍ക്കും കത്തയക്കാമെന്നും കാനം പരിഹസിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.