കോഴിക്കോട്ട് വീണ്ടും ഷിഗെല്ല; കാരശേരി പഞ്ചായത്തിലെ ആറ് വയസുകാരനും രോഗബാധ

കോഴിക്കോട്ട് വീണ്ടും ഷിഗെല്ല; കാരശേരി പഞ്ചായത്തിലെ ആറ് വയസുകാരനും രോഗബാധ

കോഴിക്കോട്: കോഴിക്കോട് കാരശേരി പഞ്ചായത്തില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്ള ആറു വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കാരശേരി പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ താമസിക്കുന്ന പത്ത് വയസുകാരനാണ് കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. കുട്ടികള്‍ രണ്ടു പേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികത്സയിലാണ്.

പ്രദേശത്തെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. കിണറുകളിലെ വെള്ളം പരിശോധനയ്ക്ക് അയക്കും. ജനങ്ങളെ ബോധവത്കരിക്കും. പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവത്ക്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. മത്സ്യ മാംസ കടകളിലും ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തും.

പനിയും വയറിളക്കവുമുള്ളവരെ കണ്ടെത്തുന്നതിന് പഞ്ചായത്തിലെ വീടുകളില്‍ സര്‍വേയും ആരംഭിച്ചു. രോഗ ലക്ഷണമുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും അറിയിച്ചു.

ഷിഗെല്ല വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയകള്‍ കുടലുകളെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന അണുബാധയാണ് ഷിഗെല്ലോസിസ് എന്ന് അറിയപ്പെടുന്നത്. പെട്ടെന്ന് പടര്‍ന്നു പിടിക്കുന്നതാണ് ഈ രോഗം. രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കമാണ്. ഗുരുതരമാകുമ്പോള്‍ ഇത് രക്തത്തോട് കൂടിയ വയറിളക്കമാകും.

ഷിഗെല്ല ബാക്ടീരിയ കുടലിന്റെ സ്തരങ്ങളെ ബാധിക്കുമ്പോള്‍ ഷിഗെല്ല ടോക്‌സിന്‍ എന്ന വിഷവസ്തു ഉണ്ടാകുന്നു. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കാണ് ഷിഗെല്ല ബാക്ടീരിയ പകരുന്നത്.

മല പരിശോധനയിലൂടെയാണ് രോഗ നിര്‍ണയം നടത്തുന്നത്. രോഗ ബാധിതന്റെ ശരീരത്തില്‍ നിന്ന് ജലാംശവും ലവണങ്ങളും നഷ്ടപ്പെടുന്നതിന് അനുസരിച്ച് അത് ശരീരത്തിലെത്തിക്കണം. ഒ.ആര്‍.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം എന്നിവ ധാരാളം നല്‍കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.