തിരുവനന്തപുരം: എന്‍എസ്എസ് വൊളന്റിയര്‍മാരെയും എന്‍സിസി കേഡറ്റുമാരെയും ചേര്‍ത്ത് ലഹരിവിരുദ്ധ കര്‍മസേന രൂപീകരിക്കും. കോളജ് ക്യാമ്പസുകള്‍ ലഹരി മുക്തമാക്കാനുള്ള ബോധപൂര്‍ണിമ ക്യാമ്പയിനിന്റെ ഭാഗമായാണ് സേന രൂപീകരിക്കുന്നത്. സേനയുടെ നാമകരണവും രൂപീകരണ പ്രഖ്യാപനവും ഇന്ന് രാവിലെ 11ന് തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വ്വഹിക്കും.
ഓരോ കലാലയത്തിലെയും എന്‍എസ്എസ്, എന്‍സിസി വിഭാഗം വിദ്യാര്‍ഥികളില്‍ നിന്നും തിരഞ്ഞെടുക്കുന്ന പത്തുപേര്‍ വീതമുള്ള (ആകെ 20) വൊളന്റിയര്‍മാര്‍ ചേരുന്നതാണ് ക്യാമ്പസ് തല കര്‍മസേനയെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓരോ കര്‍മസേനാംഗവും മൂന്നു വര്‍ഷക്കാലം ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകും. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന വൊളന്റിയര്‍മാര്‍ക്ക് മാര്‍ഗ നിര്‍ദേശവും പരിശീലനവും നല്‍കും.
പ്രസംഗപാടവം, കല-കായിക രംഗങ്ങളിലെ മിടുക്ക് തുടങ്ങിയവ കര്‍മ്മസേനയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അധിക യോഗ്യതകളായി കണക്കാക്കും. തെരഞ്ഞെടുക്കപ്പെടുന്ന വൊളന്റിയര്‍മാര്‍ക്ക് കൗണ്‍സലിങ്, നിയമാവബോധം, ആശയവിനിമയ നൈപുണി എന്നിവയ്ക്ക് മികച്ച പരിശീലനം നല്‍കും. മികച്ച വളണ്ടിയര്‍മാരെ ക്യാമ്പസ് ജില്ല സംസ്ഥാന തലങ്ങളില്‍ ആദരിക്കുകയും സാക്ഷ്യപത്രങ്ങള്‍ നല്‍കുകയും ചെയ്യും.
പ്രിന്‍സിപ്പാള്‍ ചെയര്‍മാനും എന്‍എസ്എസ് പ്രോഗ്രാം ഓഫീസറും എന്‍സിസി ഓഫീസറും മെമ്പര്‍ സെക്രട്ടറിമാരുമായിട്ടാകും കര്‍മസേനയുടെ ക്യാംപസ് തല ഭരണ സംവിധാനം രൂപീകരിക്കുക. മുതിര്‍ന്ന അധ്യാപകര്‍, പിടിഎ മെമ്പര്‍ പ്രതിനിധി, എന്‍എസ്എസ് എന്‍സിസി വിദ്യാര്‍ഥി പ്രതിനിധികള്‍, തദ്ദേശസ്ഥാപന പ്രതിനിധി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പൊലീസ്-എക്സൈസ് വകുപ്പ് പ്രതിനിധികള്‍, സാമൂഹ്യനീതി വകുപ്പ് പ്രതിനിധി, രണ്ട് പ്രാദേശിക സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവരാകും എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉണ്ടാവുക.
സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും മുഴുവന്‍ വിദ്യാര്‍ഥികളുടെയും രക്ഷാകര്‍ത്താക്കളും തിരഞ്ഞെടുത്ത പ്രാദേശിക യുവജന ക്ലബുകളുടെ പ്രതിനിധികളും ക്ലാസ് പ്രതിനിധികള്‍, പൂര്‍വ്വവിദ്യാര്‍ഥിപ്രതിനിധി, വിരമിച്ച അധ്യാപകരും മറ്റു ജീവനക്കാരും എന്നിവര്‍ ഉള്‍പ്പെട്ടതാണ് ജനറല്‍ ബോഡി. എല്ലാ മൂന്നു മാസത്തിലും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരും. മെമ്പര്‍ സെക്രട്ടറിമാര്‍ അതില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടു വെക്കും. എല്ലാ അധ്യയനവര്‍ഷാരംഭത്തിലും അവസാനത്തിലും ജനറല്‍ ബോഡി യോഗം ചേരും. പ്രവര്‍ത്തന റിപ്പോര്‍ട്ട് അവര്‍ക്കും ലഭ്യമാക്കും.
ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധി അധ്യക്ഷനായിട്ടാകും ജില്ലാതല ഭരണ സംവിധാനം രൂപീകരിക്കുക. എന്‍എസ്എസ് ജില്ലാ കോര്‍ഡിനേറ്റര്‍, എന്‍സിസി പ്രതിനിധി എക്സൈസ്-പോലീസ്-ആരോഗ്യ വകുപ്പ് പ്രതിനിധികള്‍, ജില്ലാ പഞ്ചായത്ത് പ്രതിനിധി, സാമൂഹ്യനീതി വകുപ്പ് പ്രതിനിധി, രണ്ട് സാമൂഹ്യപ്രവര്‍ത്തകര്‍, രണ്ട് വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവരും ജില്ലാതല സംവിധാനത്തില്‍ ഉണ്ടാവും. എല്ലാ അധ്യയനവര്‍ഷാരംഭത്തിലും ജില്ലാതല കമ്മിറ്റി യോഗം ചേര്‍ന്ന് നടപ്പുവര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖയുണ്ടാക്കി ക്യാമ്പസ് തല കമ്മിറ്റികള്‍ക്ക് എത്തിക്കും.
കര്‍മ്മസേനാംഗങ്ങള്‍ക്ക് പൊതുവായ പെരുമാറ്റച്ചട്ടത്തിനും രൂപം നല്‍കിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. സ്ഥാപനത്തിലും സമൂഹത്തിലും പരമാവധി അച്ചടക്കം പാലിക്കല്‍, പ്രശ്നങ്ങളെ തികഞ്ഞ സമചിത്തതയോടെ സമീപിക്കല്‍, ഏതെങ്കിലും തരത്തിലുള്ള ലഹരി ഉപയോഗമോ വില്‍പനയോ ശ്രദ്ധയില്‍ പെട്ടാല്‍ തന്ത്രപരമായ സമീപനം കൈക്കൊണ്ട് സ്ഥാപന മേധാവിയെയോ മെമ്പര്‍ സെക്രട്ടറിമാരെയോ എക്സൈസ്-സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥരെയോ അറിയിക്കല്‍, പരമാവധി ദയയും സഹാനുഭൂതിയും പുലര്‍ത്തി എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളുടെയും സമ്മതി സാമൂഹ്യവിരുദ്ധ ശക്തികളുമായും ലഹരി വിതരണക്കാരുമായും യാതൊരുവിധ തര്‍ക്കങ്ങളും ബലപ്രയോഗങ്ങളും ഉണ്ടാവാതെ ശ്രദ്ധിക്കല്‍ എന്നിവ ഇതില്‍പ്പെടും.
എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികളില്‍ ലഹരി ഉപയോഗം നിരുത്സാഹപ്പെടുത്തുക, ആവശ്യം വരുന്ന പക്ഷം കൗണ്‍സലിങ് നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുക, ഉപയോഗം ശ്രദ്ധയില്‍ പെടുമ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് വിവരം നല്‍കുക തുടങ്ങി, ലഹരി വിപത്തിനെതിരെ നിരന്തര ബോധവത്കരണത്തിന് നേതൃത്വം നല്‍കലും സാമൂഹ്യ മാധ്യമങ്ങള്‍ വഴിക്കും സൗഹൃദ കൂട്ടായ്മകള്‍ വഴിക്കും ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കലും ലഹരിവിരുദ്ധ സേന മുഖ്യകര്‍ത്തവ്യങ്ങളായി ഏറ്റെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.