കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനം: ജമിഷ മുബീന്റെ ബന്ധു അറസ്റ്റില്‍

കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനം: ജമിഷ മുബീന്റെ ബന്ധു അറസ്റ്റില്‍

പാലക്കാട്: കോയമ്പത്തൂര്‍ ഉക്കടം കാര്‍ ബോംബ് സ്‌ഫോടനക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. 
സ്‌ഫോടനത്തില്‍ മരിച്ച ജമിഷ മുബീന്റെ ബന്ധുവായ അഫ്‌സര്‍ ഖാനാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.

സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ അഫ്‌സര്‍ ഖാന്റെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. അഫ്‌സര്‍ ഖാന്റെ വീട്ടില്‍ നിന്ന് ഒരു ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇതിനോടകം ശുപാര്‍ശ ചെയ്തിട്ടുണ്ട്. പ്രതികളില്‍ ഒരാളുടെ ഐ.എസ് ബന്ധവും ചാവേര്‍ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകള്‍ പൊലീസിന് കിട്ടിയ സാഹചര്യത്തിലാണ് ശുപാര്‍ശ. കോയമ്പത്തൂരില്‍ ക്യാംപ് ചെയ്യുന്ന ഡിഐജിയുടെ നേതൃത്വത്തിലുള്ള എന്‍ഐഎ സംഘവും പ്രാഥമിക വിവര ശേഖരണം തുടരുന്നുണ്ട്.

പൊലീസ് കണ്ടെടുത്ത 75 കിലോ സ്‌ഫോടക വസ്തുക്കള്‍ എങ്ങനെ ശേഖരിച്ചു എന്നതിന്റെ ചുരുളഴിക്കാനാണ് ആദ്യ ശ്രമം. സ്‌ഫോടക വസ്തു നിര്‍മ്മാണത്തിന് ആവശ്യമായ രാസ വസ്തുക്കള്‍ ഓണ്‍ലൈനായാണോ വാങ്ങിയതെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് ജമിഷ മുബീന്‍ പങ്കുവച്ച വാട്‌സ് ആപ്പ് സ്റ്റാറ്റസാണ് ചാവേര്‍ ആക്രമണ സംശയം ബാലപ്പെടുത്തുന്നതില്‍ ഒന്ന്. എന്റെ മരണ വിവരം അറിഞ്ഞാല്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണം, സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കണം എന്നായിരുന്നു സ്റ്റാറ്റസിലെ ഉള്ളടക്കം.

ഇതിന് പുറമെ ഇയാളുടെ മൃതദേഹത്തില്‍ നിന്ന് കത്താന്‍ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം കണ്ടെത്തി. സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ജമിഷിന്റെ വീട്ടില്‍ നിന്നു കോയമ്പത്തൂരിലെ ക്ഷേത്രങ്ങള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയുടെ വിവരങ്ങളും സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.