കോയമ്പത്തൂര്‍ സ്‌ഫോടനം എന്‍ഐഎ അന്വേഷിക്കും; എല്ലാ സംസ്ഥാനങ്ങളിലും ദേശീയ അന്വേഷണ ഏജന്‍സി ഓഫീസുകള്‍ തുറക്കുമെന്ന് അമിത് ഷാ

 കോയമ്പത്തൂര്‍ സ്‌ഫോടനം എന്‍ഐഎ അന്വേഷിക്കും; എല്ലാ സംസ്ഥാനങ്ങളിലും ദേശീയ അന്വേഷണ ഏജന്‍സി ഓഫീസുകള്‍ തുറക്കുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടു. തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.

പ്രതികളില്‍ ഒരാളുടെ ഐ.എസ് ബന്ധവും ചാവേര്‍ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകള്‍ പൊലീസിന് കിട്ടിയ സാഹചര്യത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടത്. എന്‍ഐഎ സംഘം ഇന്നലെ തന്നെ കോയമ്പത്തൂരെത്തി പ്രാഥമിക വിവര ശേഖരണം തുടങ്ങുകയും അറസ്റ്റിലായ ആറ് പ്രതികളെയും ചോദ്യം ചെയ്യുകയും ചെയ്തു.

അതേസമയം ദേശീയ അന്വേഷണ ഏജന്‍സിയെ കൂടുതല്‍ അധികാരങ്ങള്‍ നല്‍കി ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 2024 ഓടെ എല്ലാ സംസ്ഥാനങ്ങളിലും എന്‍ഐഎ ഓഫീസുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

സൈബര്‍ കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന്, അതിര്‍ത്തി കടന്നുള്ള ഭീകരവാദം, രാജ്യദ്രോഹം, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവ നേരിടാന്‍ സംയുക്ത പദ്ധതി ആവിഷ്‌കരിക്കുകയാണെന്നും ഹരിയാനയിലെ സൂരജ്കുണ്ഡില്‍ നടക്കുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ ദ്വിദിന ചിന്തിന്‍ ശിബിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു.

അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാനങ്ങളും കേന്ദ്രവും കൂട്ടായി പ്രവര്‍ത്തിക്കണം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ 34 ശതമാനത്തോളം തീവ്രവാദ കേസുകള്‍ കുറഞ്ഞതായി അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയിലെ അംഗങ്ങള്‍ കൊല്ലപ്പെടുന്നതില്‍ 64 ശതമാനത്തോളം കുറവുണ്ടായി. സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ 90 ശതമാനം കുറവുണ്ടായെന്നും അമിത് ഷാ അവകാശപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.