സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി: സ്ഥിരീകരിച്ചത് കോട്ടയത്ത്; പന്നികളെ കൊന്നൊടുക്കും

സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി: സ്ഥിരീകരിച്ചത് കോട്ടയത്ത്; പന്നികളെ കൊന്നൊടുക്കും

കോട്ടയം: പക്ഷിപ്പനിയെ തുടര്‍ന്ന് അരലക്ഷത്തോളം പക്ഷികളെ കൊന്നുടുക്കുന്നതിന് പിന്നാലെ സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനിയും. കോട്ടയം മീനച്ചില്‍ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് പന്നിയിറച്ചി വില്‍പ്പനയും നിരോധിച്ചിരിക്കുകയാണ്. 

രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണായ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. 

രോഗബാധിത പ്രദേശങ്ങളില്‍ നിന്നു പന്നി മാംസം വിതരണം, വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനം എന്നിവ നിര്‍ത്തിവച്ചു. ഇവിടെനിന്ന് പന്നികള്‍, പന്നി മാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റിടങ്ങളില്‍നിന്ന് നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിര്‍ത്തിവയ്ക്കാനും നിര്‍ദ്ദേശമുണ്ട്. 

പന്നിപ്പനി സ്ഥിരീകരിച്ച പന്നി ഫാമിലെയും അതിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ പന്നികളെയും മാനദണ്ഡങ്ങള്‍ പാലിച്ച് ഉന്മൂലനം ചെയ്ത് സംസ്‌കരിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. പന്നിപ്പനി രോഗം സ്ഥിരീകരിച്ച പന്നിഫാമുകളില്‍ നിന്നും മറ്റ് പന്നിഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ പന്നികളെ കൊണ്ടു പോയിട്ടുണ്ടോയെന്ന് അന്വേഷിക്കും.

രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണസ്ഥാപന പരിധിയില്‍ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, വില്ലേജ്, തദേശസ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ ചേര്‍ന്ന് ദ്രുതകര്‍മ്മസേന രൂപീകരിച്ചു. ജില്ലയിലെ മറ്റിടങ്ങളില്‍ വൈറസ് കണ്ടെത്തുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട വെറ്റിനറി ഓഫീസറെ അറിയിച്ച് വ്യാപനം തടയാന്‍ മൃഗസംരക്ഷണ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ പറഞ്ഞു. 

ഈരാറ്റുപേട്ട, പാലാ നഗരസഭകളും കൊഴുവനാല്‍, മുത്തോലി, ഭരണങ്ങാനം, തിടനാട്, പൂഞ്ഞാര്‍, മൂന്നിലവ്, കരൂര്‍, കിടങ്ങൂര്‍, കാഞ്ഞിരപ്പള്ളി, അകലക്കുന്നം, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകളും നിരീക്ഷണ മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.