ബത്തേരി: വയനാട് ചീരാലിൽ ഒരുമാസത്തോളമായി പ്രദേശവാസികളെ ഭീതിയിലാക്കിയ കടുവയെ വനംവകുപ്പ് കെണിയിൽ കുടുക്കി. പഴൂർ ഭാഗത്ത് തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച് കൂട്ടിലാണ് വെള്ളിയാഴ്ച പുലർച്ചയോടെ കടുവ കുടുങ്ങിയത്.
ഏകദേശം 10വയസ് പ്രായമുള്ള ആൺ കടുവയാണ് പിടിയിലായത്. കടുവയെ ബത്തേരിയിലെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. കടുവയുടെ പല്ലിന് ചെറിയ പരിക്ക് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വെറ്ററിനറി ഡോക്ടർമാർ കടുവയ്ക്ക് പ്രാഥമിക ചികിൽസ നടത്തും.
ചീരാലിൽ ഒരു മാസത്തിനിടെ 13 വളർത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. ഒൻപതു പശുക്കൾ കടുവയുടെ ആക്രമണത്തിൽ ചത്തു. രാത്രിയും പകലും പുറത്തിറങ്ങാൻ കഴിയാത്തവിധം ഭീതിയിലായിരുന്നു ചീരാലിലെ പ്രദേശവാസികൾ.
സെപ്റ്റംബർ 24ന് ദേവദാസ് എന്ന കർഷകന്റെ പശുവിനെയാണ് ആദ്യം കടുവ ആക്രമിച്ചത്. മുണ്ടക്കൊല്ലി ഡാനിയൽ, അയ്യൻചോല വേലായുധൻ എന്നിവരുടെ പശുക്കളെയും കടുവ കൊന്നു തിന്നു. ഏറ്റവുമൊടുവിൽ 24നു രാത്രിയും ഗ്രാമത്തിലെത്തിയ കടുവ മൂന്നു പശുക്കളെ ആക്രമിക്കുകയും ഒന്നിനെ തിന്നുകയും ചെയ്തു. ഇതേ തുടർന്നാണ് കെണി ഒരുക്കി കടുവയെ പിടികൂടാൻ വനം വകുപ്പ് നടപടി തുടങ്ങിയത്.
കടുവയെ പിടികൂടുന്നതിനായി കേരള വനംവകുപ്പിന്റെ കൂടിനൊപ്പം, കർണാടക, തമിഴ്നാട് വനംവകുപ്പുകളുടെ കൂടുകളും ചീരാലിൽ സ്ഥാപിച്ചിരുന്നു. ക്യാമറകളും സ്ഥാപിച്ചിരുന്നു. കടുവയെ പേടിച്ച് ജനം പതിവുയാത്രകൾ പോലും ഒഴിവാക്കി.
ചീരാൽ മാത്രമല്ല വയനാടിന്റെ മറ്റു പ്രദേശങ്ങളും കടുവാഭീതിയിലാണ്. മീനങ്ങാടി, അമ്പലവയൽ, പുൽപള്ളി പഞ്ചായത്തുകളിലെ ജനവാസകേന്ദ്രങ്ങളിലും കടുവകളിറങ്ങുന്നുണ്ട്. ജില്ലയിൽ പലയിടത്തായി അടുത്തിടെ കടുവകൾ കൊന്നത് 24 വളർത്തുമൃഗങ്ങളെയാണ്.
കന്നുകാലികൾ കൊല്ലപ്പെട്ട ഒൻപതു കർഷകർക്ക് ഇതുവരെ 6,45,000 രൂപ നഷ്ടപരിഹാരമായി വനംവകുപ്പ് നൽകിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.