ശിവശങ്കറിന്റെ പങ്ക് വ്യക്തമായപ്പോള്‍ അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന് ഇ.ഡി സുപ്രീം കോടതിയില്‍

ശിവശങ്കറിന്റെ പങ്ക് വ്യക്തമായപ്പോള്‍ അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെന്ന്  ഇ.ഡി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയെങ്കിലും പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് വ്യക്തമാക്കി ഇ.ഡി സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തു.

സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ ചെയ്തത് രാഷ്ട്രീയ താത്പര്യത്തോടെയല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേസിന്റെ വിചാരണ കേരളത്തില്‍ നിന്ന് ബെംഗളുരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഇ.ഡി സുപ്രീം കോടതിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ചെയ്തത്.

ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്തെ  ഡെപ്യൂട്ടി  ഡയറക്ടര്‍ ദേവ് രഞ്ചന്‍ മിശ്രയാണ് മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴി രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്നും ഇ.ഡി അറിയിച്ചു.

കേസില്‍ ഉന്നതരുടെ പങ്ക് വ്യക്തമാക്കി കൊണ്ടുള്ള രഹസ്യ മൊഴിയാണ് സ്വപ്ന സുരേഷ് നല്‍കിയത്. ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം സ്വന്തന്ത്ര ജുഡീഷ്യല്‍ ഫോറത്തിന് മുമ്പാകെയാണ് രഹസ്യ മൊഴി നല്‍കിയത്. ഇതില്‍നിന്നു തന്നെ മൊഴി മറ്റാരുടെയും സ്വാധീനത്താല്‍ അല്ല നല്‍കിയതെന്ന് വ്യക്തമാണെന്ന് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് എം. ശിവശങ്കര്‍ ഉന്നയിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഉന്നത വ്യക്തികള്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്തിനെ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. ചില കാര്യങ്ങള്‍ മൂടിവെക്കാനും സര്‍ക്കാരിന്റെ വിശ്വാസ്യത കൂട്ടാനുമായിരുന്നു ഇത്തരം ഒരു കത്ത് ആദ്യ ഘട്ടത്തില്‍ എഴുതിയത്. അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ മുഖ്യമന്ത്രി, പ്രധാനമന്ത്രിക്ക് എഴുതിയ കത്തിനെ കുറിച്ചും മറുപടി സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കത്തുകള്‍ എഴുതിയതല്ലാതെ അന്വേഷണത്തിന് ഒരു സഹകരണവും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെയ്തില്ല.

അന്വേഷണം അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും വിവിധ ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായതായും ഇ.ഡി ആരോപിക്കുന്നു.സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ പി.എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്തതാനും സംസ്ഥാന സര്‍ക്കാരും കേരള പോലീസും ശ്രമിക്കുകയാണ്.

എം. ശിവശങ്കറിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. വിചാരണ അട്ടിമറിച്ച് കേസില്‍ ഉള്‍പ്പെട്ട ചില ഉന്നതരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്തരം പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുന്നത്. ഇ.ഡി ഫയല്‍ ചെയ്ത ട്രാന്‍സ്ഫര്‍ ഹര്‍ജി നവംബര്‍ മൂന്നിന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ഇതിന് മുന്നോടിയായാണ് ഇ.ഡി സുപ്രീം കോടതിയില്‍ എം. ശിവശങ്കറിന്റെ സത്യവാങ്മൂലത്തിന് മറുപടി ഫയല്‍ ചെയ്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.