'ആവേശം ഫുട്ബോളിനോടും നിയോഗം സിനിമയിലെത്താനും'; അതുല്യ നടന്‍ ഉമ്മര്‍ ഓര്‍മ്മയായിട്ട് 21 വര്‍ഷം

'ആവേശം ഫുട്ബോളിനോടും നിയോഗം സിനിമയിലെത്താനും'; അതുല്യ നടന്‍ ഉമ്മര്‍ ഓര്‍മ്മയായിട്ട് 21 വര്‍ഷം

മലയാളത്തിന്റെ അതുല്യ നടന്‍ കെ.പി ഉമ്മര്‍ ഓര്‍മ്മയായിട്ട് 21 വര്‍ഷം. നാടകവേദികളില്‍ നിന്നെത്തി മലയാള സിനിമയില്‍ നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി മാറിയ നടനായിരുന്നു കെ.പി.ഉമ്മര്‍. നാല് പതിറ്റാണ്ടോളം മലയാള സിനിമയില്‍ നിറഞ്ഞു നിന്നു ആ മഹാനടന്‍.

സുന്ദരനായ വില്ലന്‍ എന്നാണ് ഉമ്മറിനെക്കുറിച്ച് പറഞ്ഞിരുന്നത്. നായകന് തുല്യമായ പ്രാധാന്യം ലഭിച്ച വില്ലന്‍. പ്രേം നസീര്‍ നായകനായും ഉമ്മര്‍ വില്ലനായുമുളള നിരവധി ചിത്രങ്ങളാണ് അരങ്ങിലെത്തിയത്.

ചെറുപ്പത്തില്‍ ഫുട്‌ബോളായിരുന്നു കെ.പി.ഉമ്മറിന്റെ ആവേശം. പിന്നീട് കോഴിക്കോടന്‍ നാടകവേദികളിലെ സ്ഥിര സാന്നിധ്യമായി മാറി. കെ.ടി.മുഹമ്മദിന്റെ നാടകങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. തുടര്‍ന്ന് കെ.പി.എ.സിയിലെത്തിയ ഉമ്മര്‍ 1956ല്‍ പി.ഭാസ്‌കരന്റെ രാരിച്ചന്‍ എന്ന പൗരനിലൂടെ സിനിമയിലെത്തി. 1965ല്‍ ഇറങ്ങിയ എം.ടിയുടെ മുറപ്പെണ്ണിലെയും നഗരമേ നന്ദി എന്ന ചിത്രത്തിലേയും അഭിനയത്തിലൂടെ ഉമ്മര്‍ ശ്രദ്ധേയനായി.

കണ്ണൂര്‍ ഡീലക്‌സ്, സി.ഐ.ഡി നസീര്‍, അര്‍ഹത, ശാലിനി എന്റെ കൂട്ടുകാരി തുടങ്ങി നിരവധി ചിത്രങ്ങളീലൂടെ ഉമ്മര്‍ സിനിമയില്‍ സജീവമായി.

നായക വേഷങ്ങളിലെത്തി നടത്തിയ പരീക്ഷണങ്ങള്‍ പലപ്പോഴും വിജയം നേടിയില്ല. അപ്പോഴൊക്കെയും വില്ലന്‍ റോളുകളിലേയ്ക്ക് തന്നെ ഉമ്മറിന് മടങ്ങേണ്ടി വന്നു. എന്നാല്‍ വൈകിയാണെങ്കിലും കെ.പി ഉമ്മറിനെത്തേടി വ്യത്യസ്തമായ നിരവധി വേഷങ്ങളെത്തി.

നായകനായും പ്രതിനായകനായും സ്വഭാവനടനായും ഉമ്മര്‍ നാലുപതിറ്റാണ്ടിലേറെ മലയാള സിനിമയില്‍ നിറഞ്ഞു നിന്നു. വിടവാങ്ങി വര്‍ഷങ്ങള്‍ കഴിയുമ്പോഴും വേഷമിട്ട കഥാപാത്രങ്ങളിലൂടെ ഉമ്മര്‍ ഇപ്പോഴും മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.