കുട്ടികളെ പേടിപ്പിക്കാതെയും വളര്‍ത്താം; ഇതാ ക്ഷമ പരിശീലിക്കാന്‍ നാല് വഴികള്‍

കുട്ടികളെ പേടിപ്പിക്കാതെയും വളര്‍ത്താം; ഇതാ ക്ഷമ പരിശീലിക്കാന്‍ നാല് വഴികള്‍

നമ്മുെട ജീവിതത്തില്‍ ഒരു പുതിയ അതിഥി വരുന്നു എന്നത് എല്ലാവരെയും സന്തോഷിപ്പിക്കുന്ന കാര്യമാണ്. എന്നാല്‍ ആ സന്തോഷത്തിനപ്പുറം അത് ആവശ്യപ്പെടുന്ന ഉത്തരവാദിത്വം കൂടി നാം അറിയണം. കുട്ടികളെ വളര്‍ത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പല സാഹചര്യങ്ങളും എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ മാതാപിതാക്കള്‍ ആശങ്കയിലാകുന്ന അവസരങ്ങളും ഉണ്ട്.

നമ്മുടെ ചുറ്റുപാടുകള്‍ സംയമനത്തോടെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവരെ പാകതപ്പെടുത്തിയെടുക്കാന്‍ അനുകൂലമല്ലെങ്കിലും അവരോട് തന്മയത്വത്തോടെ ഇടപെടേണ്ടത് അനിവാര്യമാണ്.

മാതാപിതാക്കള്‍ പലപ്പോഴും നേരിടുന്ന ബുദ്ധിമുട്ടാണ് ദേഷ്യം പിടിച്ചു നിര്‍ത്തുക എന്നത്. ക്ഷമയോടെ കുട്ടികളോട് ഇടപെടുന്നതില്‍ പലരും പരാജയപ്പെടാറുണ്ട്. എന്നാലിത് സ്വയം പരിശീലിക്കുകയും ആര്‍ജ്ജിച്ചെടുക്കുകയും ചെയ്യണം. ഇതിനായി നാല് പരിശീലനഘട്ടങ്ങള്‍ വിശദീകരിക്കുകയാണ് മനശാസ്ത്ര വിദഗ്ധര്‍.

കുട്ടികളോട് ഇടപെടുമ്പോള്‍ പതിവായി നിങ്ങളെ അലട്ടുന്ന സാഹചര്യം അല്ലെങ്കില്‍ കാരണം എന്താണെന്ന് മനസിലാക്കുക. ദേഷ്യമുണ്ടാക്കുന്ന ഘടകത്തെ തിരിച്ചറിയുന്നതാണ് അത് പരിഹരിക്കുന്നതിനുള്ള ആദ്യഘട്ടം.

എന്തുകൊണ്ടാണ് ദേഷ്യം വരുന്നത് അല്ലെങ്കില്‍ നിയന്ത്രണം വിടുന്നത് എന്ന് കണ്ടെത്തിയാല്‍ ഇനിയൊരു തവണ ആ സാഹചര്യം ഉണ്ടാകുമ്പോള്‍ ബോധപൂര്‍വം ഓര്‍ത്ത് സ്വയം നിയന്ത്രിക്കുക. ഈ സമയത്ത് സംസാരമടക്കം എല്ലാ കാര്യങ്ങളും ഒന്ന് നിര്‍ത്തിവയ്ക്കുന്നതാണ് നല്ലത്. അതുകഴിഞ്ഞ് ഇതുവരെ ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി ആ സാഹചര്യത്തെ കൈകാര്യം ചെയ്തു നോക്കാം. ഇങ്ങനെ ഒരു തവണ മനസില്‍ ചെയ്തു നോക്കുന്നതും നല്ലതാണ്.

കുട്ടികള്‍ക്ക് മുമ്പില്‍ ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സ്വയം പരിശീലിക്കണം. ദേഷ്യം കുറയ്ക്കാനായി വ്യായാമം, യോഗ, കൗണ്‍സിലിങ് പോലുള്ളവ സഹായിക്കും. മുന്നിലുള്ള കാര്യങ്ങളെ കുറച്ചുകൂടി ലഘുവായി സമീപിക്കാന്‍ സ്വയം പാകപ്പെടുത്തണം.

കുട്ടികളോട് സംസാരിക്കുമ്പോഴും നിര്‍ദേശങ്ങള്‍ നല്‍കുമ്പോഴും അവരെ തിരുത്തുമ്പോഴും ശാസിക്കുമ്പോഴുമെല്ലാം നിങ്ങളുടെ സ്‌നേഹവും കരുതലും അതില്‍ പ്രതിഫലിക്കണം. അല്ലാത്തപക്ഷം കുട്ടികളുടെ മനസില്‍ അത് തെറ്റായ രീതിയിലായിരിക്കും പ്രതിഫലിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.