ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയിൽ ഒക്ടോബർ 30 ന് ഇന്ത്യൻ എയർഫോഴ്സിനായി C-295MW- ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് നിർമ്മാണ പദ്ധതിയുടെ തറക്കല്ലിടും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ എന്നിവരും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
ഒരു സ്വകാര്യ കമ്പനി ഇന്ത്യയിൽ സൈനിക വിമാനം നിർമിക്കുന്ന ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്. സിവിലിയൻ ആവശ്യങ്ങൾക്കും ഈ വിമാനം ഉപയോഗിക്കാവുന്നതാണ്. 5 മുതൽ 10 ടൺ വരെ ശേഷിയുള്ള ഈ അത്യാധുനിക ഗതാഗത വിമാനം വ്യോമസേനയുടെ ലോജിസ്റ്റിക് കഴിവുകളെ ശക്തിപ്പെടുത്തും.
കഴിഞ്ഞ വർഷം സെപ്തംബറിൽ, ഇന്ത്യൻ അയർഫോഴ്സിന്റെ പഴകിയ അവ്രോ -748 വിമാനങ്ങൾക്ക് പകരമായി 56 C-295 വിമാനങ്ങൾ വാങ്ങുന്നതിനായി എയർബസ് ഡിഫൻസ് ആന്റ് സ്‌പേസുമായി 21,000 കോടി രൂപയുടെ കരാറിൽ ഇന്ത്യ ഒപ്പുവച്ചിരുന്നു. ഇതനുസരിച്ച് എയർബസ് സ്പെയിനിലെ നിർമ്മാണ യൂണിറ്റിൽ നിന്നും നാല് വർഷത്തിനുള്ളിൽ ആദ്യത്തെ 16 വിമാനങ്ങൾ പൂർണ്ണ സജ്ജമായ അവസ്ഥയിൽ എത്തിക്കും. തുടർന്നുള്ള 40 വിമാനങ്ങൾ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് (ടിഎഎസ്എൽ) ഇന്ത്യയിൽ നിർമ്മിക്കുകയും അസംബിൾ ചെയ്യുകയും ചെയ്യും.
2026 സെപ്റ്റംബറിൽ ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ വിമാനം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ ആകെ ചെലവ് 21,935 കോടി രൂപയാണ്. എല്ലാ 56 ട്രാൻസ്പോർട്ട് വിമാനങ്ങളിലും തദ്ദേശീയമായ ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് ഘടിപ്പിക്കും. ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് നിർമ്മാണ സൗകര്യം നിരവധി വൈദഗ്ധ്യവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഉയർന്ന വൈദഗ്ധ്യമുള്ള 600 തൊഴിലവസരങ്ങളും മൂവായിരത്തിലധികം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്.
വ്യോമയാന മേഖലയിൽ സ്വാശ്രയത്വത്തിനായുള്ള രാജ്യത്തിന്റെ ശ്രമങ്ങളിലെ മറ്റൊരു നാഴികക്കല്ലായി ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് നിർമ്മാണ പദ്ധതി മാറുമെന്ന് ഇന്ത്യൻ വ്യോമയാന വൃത്തങ്ങൾ പ്രതീക്ഷിക്കുന്നു. മേക്ക് ഇൻ ഇന്ത്യ സംരംഭം പ്രോത്സാഹിപ്പിക്കുന്നതിലൂടെ മിസൈൽ രംഗത്ത് എന്ന പോലെ ഗതാഗത വിമാന നിർമ്മാണ രംഗത്തും രാജ്യം ശ്രദ്ധേയമായ സ്ഥാനം കൈവരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.