സതീശൻ പാച്ചേനിക്ക് ആദരവ് അർപ്പിച്ച് ഒഐസിസി കുവൈറ്റ് മലയാളോത്സവം; രാഹുൽ മാങ്കൂട്ടത്തിൽ ഉദ്‌ഘാടനം ചെയ്‌തു

സതീശൻ പാച്ചേനിക്ക് ആദരവ് അർപ്പിച്ച് ഒഐസിസി കുവൈറ്റ് മലയാളോത്സവം; രാഹുൽ മാങ്കൂട്ടത്തിൽ ഉദ്‌ഘാടനം ചെയ്‌തു

കുവൈറ്റ് സിറ്റി: അന്തരിച്ച മുൻ കെ പി സി സി ജനറൽ സെക്രട്ടറിയും മുൻ കണ്ണൂർ ഡിസിസി പ്രസിഡണ്ടുമായിരുന്ന സതീശൻ പാച്ചേനിക്ക് ഒഐസിസി കുവൈറ്റ് ഓണാഘോഷ പരിപാടിയായ ഓണം-2022 മലയാളോത്സവത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചു. സംസ്ഥാന യൂത്ത് കോൺഗ്രസ് ജന. സെക്രട്ടറി രാഹുൽ മാങ്കുട്ടത്തിൽ ഉദ്ഘാടനം ചെയ്‌തു. 'സതീശൻ പാച്ചേനി നഗർ' എന്ന് നാമകരണം ചെയ്ത ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ഒഐസിസി കുവൈറ്റ് മലയാളോത്സവം അരങ്ങേറിയത്.
 
കോവിഡിനെ തുടർന്നുണ്ടായ ദീർഘനാളത്തെ ഇടവേളക്കുശേഷം ഒഐസിസി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇത്തവണത്തെ ഓണാഘോഷം സാധാരണ കോൺഗ്രസ്സ് പ്രവർത്തകരെ സംബന്ധിച്ച് ആവേശം ജ്വലിച്ചു നിന്ന അനുഭവമായിരുന്നു.
ഏറെ നാളത്തെ മുന്നൊരുക്കങ്ങൾക്കും തയ്യാറെടുപ്പുകൾക്കും ശേഷം നടന്ന ഓണാഘോഷത്തിനിടയിൽ സതീശൻ പാച്ചേനിയുടെ ആകസ്മിക വിയോഗം കരിനിഴൽ വീഴ്ത്തിയെങ്കിലും വേദിക്ക് 'സതീശൻ പാച്ചേനി നഗർ' എന്ന് നാമകരണമാക്കിക്കൊണ്ടും പ്രത്യേക ആദരാഞ്ജലി ഒരുക്കികൊണ്ടും ഉണർന്ന് പ്രവർത്തിച്ച നേതൃത്വം അതിനെയെല്ലാം മറികടന്നു.
 
ഭാരതത്തിന്റെ മതേതര മനസ്സിന് വെളിച്ചം നൽകുന്ന പ്രസ്ഥാനമായി കോൺഗ്രസ്സ് എന്നും ഉണ്ടാവുമെന്നും കോൺഗ്രസെന്ന പ്രസ്ഥാനത്തിന് ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന ആപ്ത വാക്യവുമായെ മുന്നോട്ടു പോകാൻ കഴിയുകയുള്ളുയെന്നും, മലയാളോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് രാഹുൽ മാങ്കുട്ടത്തിൽ ഓർമിപ്പിച്ചു

ഒഐസിസി ആക്ടിങ് പ്രസിഡണ്ട് എബി വാരികാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ജനറൽ കൺവീനർ ബി എസ് പിള്ള സ്വാഗതവും, ട്രഷറർ രാജീവ് നടുവിലേമുറി നന്ദിയും രേഖപ്പെടുത്തി. ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ: ജോർജ് തോമസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ആരോഗ്യ കാരണങ്ങളാൽ ചടങ്ങിൽ സംബന്ധിക്കാൻ കഴിയാതിരുന്ന ഒ ഐ സി സി പ്രസിഡണ്ട് വര്ഗീസ് പുതുക്കുളങ്ങര വീഡിയോ സന്ദേശത്തിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു.
 
ഗതകാല സ്മരണകൾ ഉണർത്തി മാവേലി എഴുന്നള്ളത്ത് ,ചെണ്ടമേളം , താലപ്പൊലി എന്നിവയോടെയാണ് ഒഐസിസി രാഹുൽ മാങ്കുട്ടത്തെ സ്വീകരിച്ച് ആനയിച്ചത്. സംഘാടനാ മികവും, അച്ചടക്കവും കൊണ്ടും ശ്രദ്ധേയമായി ഒഐസിസി ഓണം-2022. കോവിഡിന്റെ രൂക്ഷത അനുഭവിച്ച കാലയളവിൽ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് മുൻപന്തിയിൽ ഉണ്ടായിരുന്ന ഒ ഐ സി സി വളണ്ടിയർമാരെ ചടങ്ങിൽ ആദരിച്ചു.
തിരുവാതിരകളി, ശിവഗംഗ നൃത്തങ്ങൾ, വഞ്ചിപ്പാട്ട്, കോൽക്കളി എന്നിവ കൂടാതെ ഡി കെ ഡാൻസ് ഒരുക്കിയ പാശ്ചാത്യ ശൈലിയിലുള്ള നൃത്ത വിസ്മയങ്ങളും ഗായകൻ കൊല്ലം ഷാഫിയുടെ നേതൃത്വത്തിൽ അരങ്ങേറിയ ഗാനമേളയും മുഴുദിന സദസ്സിന് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.
 
കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ, മാധ്യമ പ്രവർത്തകർ, സംരംഭകർ തുടങ്ങി വലിയൊരു സദസ്സാണ് പരിപാടിയിൽ പങ്കെടുത്തത്. ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മുഴുദിന പരിപാടിയിൽ ജില്ലാ കമ്മറ്റികൾ, പോഷക സംഘടനാ കമ്മിറ്റികളും സജീവ ഭാഗധേയത്വം വഹിച്ചു. വര്ഗീസ് ജോസഫ് മാരാമൺ, ജോയ് ജോൺ തുരുത്തിക്കര, രാജീവ്‌ നെടുവിലെമുറി, നിസ്സാം, റോയ് കൈതവന, ജോയ് കരുവാളൂർ, റിഷി ജേക്കബ്, ജോബിൻ ജോസ്, സജി മഠത്തിൽ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. ഫിലിപ്പ്, നിഷ മനോജ്‌ എന്നിവർ അവതാരകരായിരുന്നു.സ്ലാ നിയ പയ്ടോൺ, റോമ സിനിജിത് എന്നിവർ ചേർന്ന് പ്രാർത്ഥനാഗാനം ആലപിച്ചു.

രാമകൃഷ്ണൻ കല്ലാർ, കണ്ണൻ ജോബിൻ ജോസ്, അനൂപ് കോട്ടയം, അക്ബർ വയനാട്, വിപിൻ മങ്ങാട്ട്, കൃഷ്ണൻ കടലുണ്ടി, ബത്താർ വൈക്കം, അൽ അമീൻ, വിധുകുമാർ, ബിനോയ്‌ ചന്ദ്രൻ, ശിവൻ കുട്ടി, ചന്ദ്രമോഹൻ ജലിൻ തൃപ്രയാർ, റസാഖ് ചെറുത്തുരുത്തി, ഷംസു കോഴിക്കോട്, മനോജ്‌ റോയ്, ഷംസു താമരക്കുളം തുടങ്ങിയവരും വിവിധ ക്കമ്മറ്റിയംഗങ്ങളും ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.