13 ആഡംബര വീടുകൾ, കൽക്കരിഖനി; 22കാരനായ ഓൺലൈൻ തട്ടിപ്പുവീരന്റെ സ്വത്ത് വിവരം കേട്ട് കണ്ണ് തള്ളി പൊലീസ്

13 ആഡംബര വീടുകൾ, കൽക്കരിഖനി; 22കാരനായ ഓൺലൈൻ തട്ടിപ്പുവീരന്റെ സ്വത്ത് വിവരം കേട്ട് കണ്ണ് തള്ളി പൊലീസ്

ഇരിങ്ങാലക്കുട: ഓണ്‍ലൈനിലൂടെ വ്യാപകമായി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയെ ജാര്‍ഖണ്ഡില്‍നിന്ന് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് ധന്‍ബാദ് സ്വദേശി അജിത്കുമാര്‍ മണ്ഡലി(22)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന സംഭവത്തിലാണ് ഇയാളെ കേരള പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ ഇയാളെ കുറിച്ച് പൊലീസ് അന്വേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വെറും 22കാരനായ ഇയാള്‍ക്ക് 13ഓളം ആഡബംര വീടുകളും ഏക്കറുകണക്കിന് കല്‍ക്കരി ഖനികളുമുണ്ടെന്ന് പൊലീസ് പറയുന്നു.

എസ്.ബി.ഐ അക്കൗണ്ട് ബ്ലോക്കായതിനാല്‍ കെ.വൈ.സി വിവരങ്ങല്‍ ഒരു ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന എസ്.എം.എസ് സന്ദേശമായിരുന്നു തട്ടിപ്പിന് തുടക്കം കുറിച്ചത്. സന്ദേശം ലഭിച്ചയാള്‍ വ്യാജ സന്ദേശമാണെന്ന് തിരിച്ചറിയാതെ ലിങ്കില്‍ ക്ലിക്ക് ചെയ്തു. 

എസ്.ബി.ഐയുടെതാണെന്ന് തോന്നിപ്പിക്കുന്ന വെബ്‌സൈറ്റില്‍ വിവരങ്ങളും ഒ.ടി.പിയും നല്‍കിയതോടെ 40000 രൂപ പരാതിക്കാരന് നഷ്ടപ്പെട്ടു. തുടര്‍ന്ന് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.

തട്ടിപ്പ് നടത്താന്‍ പ്രതി അമ്പതോളം സിം കാര്‍ഡുകളാണ് ഉപയോഗിച്ചത്. കൂടാതെ 25 ഓളം മൊബൈല്‍ ഫോണുകളും ഉപയോഗിച്ചു. പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞതോടെ മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, മണി വാലറ്റുകള്‍, ഇ- കോമേഴ്‌സ് അക്കൗണ്ടുകള്‍ തുടങ്ങിയവ പൊലീസ് നിരീക്ഷിച്ചു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്.

അജിത് കുമാര്‍ മണ്ഡലിന് ബംഗളൂരുവിലും ദില്ലിയിലുമായി 13 ആഡംബര വീടുകളാണുള്ളത്. കൂടാതെ ധന്‍ബാദിലെ തുണ്ടി എന്ന സ്ഥലത്ത് നാലേക്കറോളം സ്ഥലവും ജാര്‍ഖണ്ഡില്‍ ഏക്കര്‍ കണക്കിന് കല്‍ക്കരി ഖനികളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്ക് രണ്ട് പേഴ്‌സണല്‍ അക്കൗണ്ടുകളും വെസ്റ്റ് ബംഗാള്‍ വിലാസത്തില്‍ 12 ബാങ്ക് അക്കൗണ്ടും ഉണ്ട്.

പ്രതിയെ പിടികൂടാന്‍ സഹായിച്ചത് കണ്ണൂര്‍ തലശ്ശേരി സ്വദേശിനിയും ജാര്‍ഖണ്ഡിലെ ജില്ലാ പോലീസ് മേധാവിയുമായ രേഷ്മ രമേഷിന്റെ ഇടപെടലാണെന്ന് പോലീസ് പറഞ്ഞു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ബാബു തോമസ്, ജില്ല ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി.പി സി. ഹരിദാസ്, ഇരിങ്ങാലക്കുട സൈബര്‍ ക്രൈം ഇന്‍സ്പക്ടര്‍ ബി.കെ. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സൈബര്‍ ക്രൈം സബ് ഇന്‍സ്പക്ടര്‍ വി. ഗോപികുമാര്‍, ജില്ലാ ക്രൈം ബ്രാഞ്ച് അസി. സബ് ഇന്‍സ്പക്ടര്‍ പി.പി. ജയകൃഷ്ണന്‍, സി.പി. ഒ.മാരായ നെഷ്‌റു എച്ച്.ബി., അജിത്ത്കുമാര്‍ കെ.ജി. എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.