മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിസരത്ത് ശനിയാഴ്ച നടന്ന ഇരട്ട കാര്‍ ബോംബ് സ്ഫോടനങ്ങളില്‍ 100 പേരോളം കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രസിഡന്റ് ഹസന്‍ ഷെയ്ഖ് മുഹമ്മദ് ഞായറാഴ്ച പുലര്‍ച്ചെ ഇക്കാര്യം സ്ഥിരീകരിച്ചത്. കുട്ടികള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ ആക്രമണത്തിന് ഇരയായതായി അദ്ദേഹം വ്യക്തമാക്കി.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഉടനടി ഏറ്റെടുത്തില്ലെങ്കിലും ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ അല്‍ ഷബാബ് ഭീകരരാണെന്ന് പ്രസിഡന്റ് ആരോപിച്ചു. മരണ സംഘ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും അവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
മൊഗാദിഷുവിലെ തിരക്കേറിയ ജങ്ഷന് സമീപമുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിനു നേരെയാണ് ആദ്യ സ്ഫോടനം ഉണ്ടായത്. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ മന്ത്രാലയത്തിന്റെ മതിലില്‍ ഇടിച്ചായിരുന്നു സ്ഫോടനം. തുടര്‍ന്ന് ആംബുലന്‍സുകള്‍ എത്തുകയും ഇരകളെ സഹായിക്കാന്‍ ആളുകള്‍ ഒത്തുകൂടുകയും ചെയ്തപ്പോഴായിരുന്നു രണ്ടാമത്തെ സ്‌ഫോടനം. 2017-ല്‍ 500-ലധികം പേര്‍ കൊല്ലപ്പെട്ട സൊമാലിയയിലെ ഏറ്റവും വലിയ ബോംബ് സ്ഫോടനം നടന്ന അതേ സ്ഥലത്താണ് ശനിയാഴ്ചയും ആക്രമണം നടന്നത്.
അല്‍ ഖ്വായ്ദ, അല്‍ ഷബാബ് ഭീകരരുടെ നിരന്തരമായുള്ള ആക്രമണവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താന്‍ രാജ്യത്തെ പ്രസിഡന്റും പ്രധാനമന്ത്രിയും മറ്റ് ഉന്നതരുമായി യോഗം നടന്നിരുന്നു. ഇതിനിടെയായിരുന്നു ഇരട്ട സ്ഫോടനം.
വിദേശ പിന്തുണയുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇസ്ലാമിക തീവ്രവാദികള്‍ 15 വര്‍ഷത്തിലേറെയായി ശ്രമിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.