കേപ്പ് കനവറൽ: പുഞ്ചിരിക്കുന്ന സൂര്യന്റെ ചിത്രം അൾട്രാവയലറ്റ് വെളിച്ചത്തിൽ പകർത്തി നാസയുടെ സോളാർ ഡൈനാമിക്‌സ് ഒബ്‌സർവേറ്ററി. ഒറ്റനോട്ടത്തിൽ ചിരിക്കുമെന്ന് തോന്നുമെങ്കിലും സൂര്യൻ യഥാർത്ഥത്തിൽ ചിരിക്കുകയല്ലെന്നും നാസ വിശദീകരിക്കുന്നു.
ചിത്രത്തിലെ ഇരുണ്ടു കാണപ്പെടുന്ന മൂന്നു ഭാഗങ്ങൾ ആണ് സൂര്യന്റെ ചിരിക്കുന്ന മുഖം പോലെ തോന്നിപ്പിക്കുന്നത്. അതിവേഗതയിൽ സൗരക്കാറ്റ് പ്രവഹിക്കുന്ന പ്രദേശങ്ങളായ കൊറോണൽ ദ്വാരങ്ങൾ (coronal holes) ആണ് ഇവ.
എന്താണ് കൊറോണൽ ദ്വാരങ്ങൾ?
സൗരാന്തരീക്ഷത്തിലെ ഏറ്റവും പുറമെയുള്ള പാളിയാണ് കൊറോണ. കൊറോണയിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ചു ചൂടും സാന്ദ്രതയും കുറഞ്ഞ പ്ലാസ്മ ഉള്ള ഭാഗങ്ങൾ ആണ് കൊറോണൽ ദ്വാരങ്ങൾ എന്നറിയപ്പെടുന്നത്. എക്സ്-റേ, അൾട്രാവയലറ്റ് തുടങ്ങിയ വെളിച്ചങ്ങളിൽ എടുക്കുന്ന ചിത്രങ്ങളിൽ മാത്രം ഈ ഭാഗങ്ങൾ ഇരുണ്ടു കാണപ്പെടും. അതുകൊണ്ട് തന്നെ ഒരു സാധാരണ ടെലിസ്കോപ് ഉപയോഗിച്ച് കൊറോണൽ ദ്വാരങ്ങൾ കാണാൻ സാധിക്കില്ല.
അതിവേഗ സൗരക്കാറ്റിന്റെ പ്രഭവകേന്ദ്രങ്ങളാണ് ഇത്തരം പ്രദേശങ്ങൾ. കൊറോണൽ ദ്വാരങ്ങളിലെ കാന്തികരേഖകൾ സൂര്യനിൽ നിന്നും പുറത്തേക്ക് നീണ്ടു കിടക്കുന്നവയാണ്. സൂര്യനിൽ നിന്നും ഈ കാന്തിക രേഖകളിലൂടെ അതിവേഗതയിൽ പ്ലാസ്മ പുറത്തേക്ക് പ്രവഹിക്കുന്നു. അങ്ങനെ വേഗമേറിയ സൗരക്കാറ്റ് ഉണ്ടാകുന്നു. സാധാരണ സൗരക്കാറ്റിന്റെ ഇരട്ടിയോളം വേഗതയുണ്ട് കൊറോണൽ ദ്വാരങ്ങളിൽ നിന്നുള്ള സൗരക്കാറ്റിന്.
സൗരപ്രവർത്തനങ്ങളിലെ (solar activities) ഏറ്റക്കുറച്ചിലുകൾ അനുസരിച്ചാണ് കൊറോണയുടെ പല ഭാഗങ്ങളിലായി ഇവ രൂപപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നത്. സൗരപ്രവർത്തനങ്ങൾ 11 വർഷങ്ങളുടെ സൗരചക്രമനുസരിച്ചു കൂടിയും കുറഞ്ഞും ഇരിക്കും. ശാസ്ത്രജ്ഞർ കൗതുകത്തോടെ ഉറ്റു നോക്കുന്ന സൗരപ്രതിഭാസമാണ് കൊറോണൽ ദ്വാരങ്ങൾ.
കൊറോണൽ ദ്വാരങ്ങളിലേത് സാധാരണകാന്തികമണ്ഡലത്തിൽ നിന്നും വ്യത്യസ്തമായി ഏകധ്രുവമണ്ഡലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് സൂര്യന്റെ കാന്തികമണ്ഡലത്തിലെ മലക്കം മറിച്ചിലുകളെ കുറിച്ചും ധ്രുവങ്ങളുടെ സ്ഥാനമാറ്റത്തെ കുറിച്ചും പഠിക്കാൻ ശാസ്ത്രജ്ഞർ കൊറോണൽ ദ്വാരങ്ങളിൽ നിന്നുള്ള വിവരങ്ങളെ ഉപയോഗപ്പെടുത്താറുണ്ട്.
ഈ പുഞ്ചിരി ഭൂമിക്ക് ഗുണം ചെയ്തേക്കില്ല
അതേസമയം ചിരിക്കുന്ന സൂര്യനെന്നൊക്കെ പറയാമെന്നല്ലാതെ ഭൂമിയ്ക്ക് ഈ പ്രതിഭാസം ഗുണം ചെയ്‌തേക്കില്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത്തരത്തിലുള്ള പ്രതിഭാസം സൂര്യന്റെ കാഠിന്യമേറിയ സൗരക്കാറ്റ് ഭൂമിയിലെത്താൻ കാരണമാകുമെന്ന് സ്‌പേസ് വെതർ ഡോട്ട് കോം വ്യക്തമാക്കുന്നു.
സോളാർ ഡൈനാമിക്‌സ് ഒബ്സർവേറ്ററി വിവിധ സൂര്യചിത്രങ്ങൾ
2010 ഫെബ്രുവരി 11-ന് വിക്ഷേപിച്ച ഡോളർ ഡൈനാമിക്‌സ് ഒബ്‌സർവേറ്ററിയുടെ ദൗത്യം സൂര്യനെ നിരീക്ഷിക്കുക എന്നതാണ്. നാസയുടെ ലിവിംഗ് വിത്ത് എ സ്റ്റാർ പ്രോഗ്രാമിനായി വിക്ഷേപിച്ച ആദ്യത്തെ ദൗത്യമാണ് ഒബ്സർവേറ്ററി. ഇത് സൗര വ്യതിയാനത്തിന്റെ കാരണങ്ങളും ഭൂമിയിൽ അതിന്റെ സ്വാധീനവും മനസ്സിലാക്കാൻ വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
https://twitter.com/NASASun/status/1585401697819656193
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.