പെര്‍ത്ത്(ഓസ്‌ട്രേലിയ): ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് തോല്‍വി. എയ്ഡന്‍ മര്‍ക്‌റാമിന്റെയും ഡേവിഡ് മില്ലറുടെയും അര്‍ദ്ധ സെഞ്ചുറിയുടെ ബലത്തില്‍ ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റു വിജയമാണു സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 133 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 19.4 ഓവറില്‍ ദക്ഷിണാഫ്രിക്ക വിജയത്തിലെത്തി.
രണ്ടാം ജയത്തോടെ അഞ്ചു പോയിന്റുമായി ഗ്രൂപ്പ് രണ്ടില്‍ ദക്ഷിണാഫ്രിക്ക ഒന്നാമതെത്തി. നാലു പോയിന്റുള്ള ഇന്ത്യ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തില്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. മൂന്ന് പന്തില്‍ ഒരു റണ്ണെടുത്ത ക്വിന്റന്‍ ഡി കോക്കിനെ അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ കെ.എല്‍. രാഹുല്‍ ക്യാച്ചെടുത്തു പുറത്താക്കി. ഇതേ ഓവറില്‍ തന്നെ റിലീ റൂസോയെ അര്‍ഷ്ദീപ് എല്‍ബിയില്‍ കുടുക്കി. ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ടെംബ ബാവുമ 15 പന്തില്‍ പത്ത് റണ്‍സെടുത്തു. മുഹമ്മദ് ഷമിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്ക് ക്യാച്ചെടുത്താണ് ബാവുമയെ മടക്കിയത്.
തുടര്‍ന്ന് എയ്ഡന്‍ മര്‍ക്‌റാമും ഡേവിഡ് മില്ലറും ചേര്‍ന്നതോടെ ദക്ഷിണാഫ്രിക്ക സ്‌കോര്‍ 100 പിന്നിട്ടു. 38 പന്തില്‍ മര്‍ക്‌റാം അര്‍ധ സെഞ്ചറി തികച്ചു. തൊട്ടുപിന്നാലെ മര്‍ക്‌റാമിനെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ കളിപിടിക്കാന്‍ ശ്രമിച്ചു. ട്രിസ്റ്റന്‍ സ്റ്റബ്‌സ് ആറു പന്തില്‍ ആറു റണ്‍സെടുത്തു പുറത്തായി. എന്നാല്‍ പുറത്താകാതെ നിന്ന ഡേവിഡ് മില്ലര്‍ രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കെ ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു. 46 പന്തുകളില്‍നിന്ന് 56 റണ്‍സാണു മില്ലര്‍ അടിച്ചെടുത്തത്. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും നേടി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് മാത്രമാണ് നേടാനയത്. സൂര്യകുമാര്‍ യാദവ് മാത്രമാണ് പിടിച്ചു നിന്നത്. 40 പന്തുകള്‍ നേരിട്ട സൂര്യകുമാര്‍ 68 റണ്‍സെടുത്തു പുറത്തായി. കെ.എല്‍. രാഹുല്‍ (14 പന്തില്‍ 9), രോഹിത് ശര്‍മ (14 പന്തില്‍ 15), വിരാട് കോലി (11 പന്തില്‍ 12), ഹാര്‍ദിക് പാണ്ഡ്യ (രണ്ട്), ദീപക് ഹൂഡ (പൂജ്യം), ദിനേഷ് കാര്‍ത്തിക്ക് ( 15 പന്തില്‍ ആറ്), ആര്‍. അശ്വിന്‍ (11 പന്തില്‍ ഏഴ്), മുഹമ്മദ് ഷമി (പൂജ്യം) എന്നിങ്ങനെയാണു പുറത്തായ മറ്റു ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.