ന്യൂഡൽഹി: ഏഷ്യയിലെ ഉരുക്കുവനിതയെന്ന് അറിയപ്പെടുന്ന മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 38-ാം ചരമ വാര്‍ഷികം ഇന്ന്. ജവഹർലാൽ നെഹ്റുവിന് ശേഷം ഇന്ത്യാചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി സുരക്ഷാഭടന്മാരുടെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ചിട്ട് ഇന്നേക്ക് 38 വർഷമാവുന്നു.
രാജ്യവ്യാപകമായി അനുസ്മരണം ഒരുക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. എ.ഐ.സി.സി മുതൽ താഴെ മണ്ഡലം കമ്മറ്റികൾ വരെ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. പി.സി.സി കളിലും ഡി.സി.സി കളിലും ചരമ വാർഷികാചരണം നടത്തും. മുതിർന്ന നേതാക്കൾ പരിപാടികളിൽ പങ്കെടുക്കും.
1967ൽ ലാൽബഹദൂർ ശാസ്ത്രിയുടെ മരണശേഷം കാമരാജിനെപ്പോലുള്ളവരുടെ ശക്തമായ പിന്തുണയോടെയാണ് കോൺഗ്രസിലെ സിൻഡിക്കേറ്റ് വിഭാഗമായി അറിയപ്പെട്ടിരുന്ന നിജലിംഗപ്പ, മൊറാർജി ദേശായി, അതുല്യഘോഷ്, എസ്.കെ. പാട്ടീൽ തുടങ്ങിയവരുടെ എതിർപ്പിനെ തൃണവത്ഗണിച്ച് മുന്നേറാൻ ഇന്ദിര ഗാന്ധിക്ക് സാധിച്ചത്. ഡോ.സാക്കിർ ഹുസൈന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവു വന്ന രാഷ്ട്രപതി സ്ഥാനത്തേക്ക് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായിരുന്ന നീലം സഞ്ജീവ റെഡ്ഢിക്കെതിരെ ഉപരാഷ്ട്രപതി വി.വി. ഗിരിയെ മത്സരിപ്പിച്ച് ജയിപ്പിച്ചതോടെ കോൺഗ്രസ് അവരെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി.
705 എ.ഐ.സി.സി അംഗങ്ങളിൽ 446 അംഗങ്ങളുടെ പിന്തുണയുമായി ഇന്ദിര ഗാന്ധി ജഗ്ജീവൻറാമിനെ അധ്യക്ഷനാക്കി പുതിയ പാർട്ടിക്ക് രൂപം നൽകി. 1971ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും നേടി. ഈ വിജയത്തിന് പ്രധാന കാരണം '69ലെ പിളർപ്പിനുശേഷം ഇന്ദിര കൈക്കൊണ്ട ബാങ്ക് ദേശസാത്കരണം, പ്രിവിപെഴ്സ് എന്ന പേരിൽ 560 ഓളം നാട്ടുരാജാക്കന്മാർക്ക് നൽകി വന്നിരുന്ന രാജകീയ ആനുകൂല്യങ്ങൾ നിർത്തലാക്കൽ തുടങ്ങിയ സുപ്രധാന സാമ്പത്തിക പരിഷ്കരണങ്ങളായിരുന്നു.
കിഴക്കൻ പാകിസ്താനിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ മുജീബുറഹ്മാന്റെ നേതൃത്വത്തിലെ അവാമിലീഗ് വമ്പിച്ച വിജയം കൈവരിച്ചെങ്കിലും അധികാരം കൈമാറാൻ തയാറാവാത്ത പാകിസ്താൻ പ്രസിഡന്റ് യഹ്യാഖാന്റെ തീരുമാനത്തിനെതിരെ ബംഗ്ലാദേശ് രാഷ്ട്രം എന്ന ആവശ്യമുന്നയിച്ച് കിഴക്കൻ പാകിസ്താനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിന് ഇന്ത്യ പരിപൂർണ പിന്തുണ പ്രഖ്യാപിച്ചു. ബംഗ്ലാദേശ് വിമോചന പോരാളികളായ മുക്തി ഭാഹിനിക്കനുകൂലമായി ഇന്ത്യ പരസ്യപിന്തുണ പ്രഖ്യാപിച്ചതോടെ പാകിസ്താൻ ഇന്ത്യക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തി. 14 ദിവസം നീണ്ട യുദ്ധത്തിൽ പാക് സൈന്യം കീഴടങ്ങി. ബംഗ്ലാദേശ് എന്ന ഒരു രാജ്യത്തിന്റെ ജന്മത്തിന് ഇന്ത്യ കാർമികത്വം വഹിച്ചുവെന്നുതന്നെ പറയാം.
1975 ജൂൺ 12ന് അലഹബാദ് ഹൈകോടതി ഇന്ദിര ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയതിന് പിറകെ 1975 ജൂൺ 26ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും തുടർന്ന് ഭരണഘടനപരമായ മൗലികാവകാശങ്ങൾ മരവിപ്പിച്ച് പ്രതിപക്ഷ നേതാക്കളെ കൂട്ടമായി അറസ്റ്റ് ചെയ്തതുമെല്ലാം രാജ്യചരിത്രത്തിലെ ഇരുണ്ട അധ്യായമാണ്. അടിയന്തരാവസ്ഥക്കാലത്ത് സർവ അധികാരങ്ങളും പ്രധാനമന്ത്രിയിൽ കേന്ദ്രീകരിക്കപ്പെട്ടെന്ന് ആരോപിക്കപ്പെട്ടിരുന്നപ്പോഴും സുപ്രീംകോടതിക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരമുണ്ടായിരുന്നു.
1977ലെ തെരഞ്ഞെടുപ്പ് പരാജയം ഇന്ദിര ഗാന്ധി എന്ന നേതാവിനെ ഗുണകരമായി മാറ്റിപ്പണിതു എന്നുവേണം വിലയിരുത്താൻ. കർണാടകത്തിലെ ചിക്കമംഗളൂരുവിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിയുടെ തീരുമാനപ്രകാരം തിരഞ്ഞെടുക്കപ്പെട്ട ഇന്ദിര ഗാന്ധിയെ സ്ഥാനത്തുനിന്ന് നീക്കി. ലോക്സഭ പിരിയും വരെ ഇന്ദിര ഗാന്ധിയെ തടവിൽ പാർപ്പിച്ചെങ്കിലും 1980 ൽ അവർ അധികാരത്തിൽ തിരിച്ചു വന്നു.
ലോകത്തിലെ ശാക്തികചേരികൾ എന്നും ആദരിച്ച നേതാവായിരുന്നു ഇന്ദിര ഗാന്ധി. മതേതരത്വത്തെ മുറുകെ പിടിച്ച നേതാവ് കൂടിയായിരുന്നു അവർ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.