അശ്വിന്‍ പരീക്ഷണ വസ്തുവോ?.. ഷാരോണിന്റെ മരണവുമായി സമാനതകളേറെ; പൊലീസ് അന്വേഷണത്തില്‍ ട്വിസ്റ്റ്

അശ്വിന്‍ പരീക്ഷണ വസ്തുവോ?.. ഷാരോണിന്റെ മരണവുമായി സമാനതകളേറെ; പൊലീസ് അന്വേഷണത്തില്‍ ട്വിസ്റ്റ്

തിരുവനന്തപുരം: പാറശാലയിലെ ഷാരോണിന്റെ മരണത്തിന് പിന്നില്‍ കാമുകി ഗ്രീഷ്മയാണെന്ന് വ്യക്തമായതോടെ സമാന സാഹചര്യത്തില്‍ മരിച്ച തമിഴ്‌നാട്ടിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി അശ്വിന്റെ മരണവും കൂടുതല്‍ പഠന വിധേയമാക്കുന്നു. ഇതിന്റെ ഭാഗമായി പൊലീസിന്റെ സിബിസിഐഡി വിഭാഗം അന്വേഷണം ഊര്‍ജിതമാക്കി.

ഇരുവരുടെയും മരണങ്ങള്‍ തമ്മില്‍ സമാനതകള്‍ ഏറെയുണ്ട്. അശ്വിനില്‍ നടത്തിയത് ഷാരോണിനെ കൊല്ലുന്നതിനുള്ള പരീക്ഷണമായിരുന്നോ? ഗ്രീഷ്മയ്ക്ക് അശ്വിന്റെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. ഗ്രീഷ്മ ഹൊറന്‍ സിനിമകളുടെ കടുത്ത ആരാധികയാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതും സംശയത്തിന് ആക്കം കൂട്ടുന്നു.

ആസിഡിന് സമാനമായ വിഷാംശം ഉള്ളില്‍ ചെന്നതാണ് ആതംകോട് മായകൃഷ്ണ സ്വാമി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന അശ്വിന്റെ മരണത്തിന് ഇടയാക്കിയത്. ഷാരോണിനെ കൊല്ലുന്നതിനു മുമ്പ് അശ്വിനില്‍ പരീക്ഷണം നടത്തിയതാണെന്ന സംശയം ഇപ്പോള്‍ നാട്ടുകാരും ഉന്നയിക്കുന്നുണ്ട്.

സ്‌കൂളില്‍ വച്ച് ശീതളപാനീയം കുടിച്ചുവെന്നും അതിനു ശേഷമാണ് രോഗ ലക്ഷണങ്ങള്‍ കണ്ടതെന്നുമായിരുന്നു അശ്വിന്റെ മരണമൊഴിയിലുള്ളത്. എന്നാല്‍ ആരാണ് ഇത് നല്‍കിയതെന്ന് ഇപ്പോഴും വ്യക്തമല്ല. യൂണിഫോം അണിഞ്ഞെത്തിയ ഒരു ചേട്ടനാണ് പാനീയം നല്‍കിയതെന്നാണ് അശ്വിന്‍ മരണക്കിടക്കയില്‍ പറഞ്ഞത്. എന്നാല്‍ അന്വേഷണത്തില്‍ അത്തരമൊരാളെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

സ്‌കൂളിലെ സിസി ടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ആ നിലയ്ക്കും അന്വേഷണം നടത്താനായില്ല. സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫോട്ടോ മുഴുവന്‍ പരിശോധിച്ചെങ്കിലും അശ്വിന്‍ പറഞ്ഞ ലക്ഷണങ്ങളോടെയുള്ള ഒരു വിദ്യാര്‍ത്ഥിയെയും കണ്ടെത്താനുമായില്ല. അതിനാല്‍ വിദ്യാര്‍ത്ഥികളെ സംശയിക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്.

പാനീയം കുടിച്ച് ചികിത്സയിലിരിക്കെ ഇരുപത്തിനാലാം ദിവസമാണ് അശ്വിന്‍ മരിച്ചത്. ഷാരോണും ഒരാഴ്ചയിലധികം ദിവസം ചികിത്സയിലിരുന്നതിനു ശേഷമാണ് മരിച്ചത്. ഇരുവരിലും കാണപ്പെട്ട ലക്ഷണങ്ങളും ഏറക്കുറെ സമാനമാണ്. ആന്തരികാവയവങ്ങളിലെ പരിശോധനകളിലും സമാന അവസ്ഥ കണ്ടെത്തിയിരുന്നു.

ഷാരോണിന്റെ കൊലപാതകത്തിന് പിന്നില്‍ ഗ്രീഷ്മ മാത്രമല്ലെന്ന് കരുതുന്നവര്‍ ഏറെയാണ്. ആ നിലയ്ക്കാണ് അശ്വിനില്‍ വിഷ പരീക്ഷണം നടത്തി എന്ന് അവര്‍ സംശയിക്കുന്നത്. കളയിക്കാവിളയ്ക്ക് സമീപം മെതുക്കുമ്മല്‍ സ്വദേശിയാണ് അശ്വിന്‍. ഷാരോണ്‍ കൊലപാതക കേസില്‍ പിടിയിലായ ഗ്രീഷ്മ പഠിക്കുന്നത് തമിഴ്‌നാട്ടിലെ കോളജിലാണ്. ഇതും സംശത്തിന് ഇടനല്‍കുന്നുണ്ടെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.