അയര്‍ലന്‍ഡില്‍ മലയാളി കത്തോലിക്കാ വൈദികനു കുത്തേറ്റു; പ്രതി പിടിയില്‍

അയര്‍ലന്‍ഡില്‍ മലയാളി കത്തോലിക്കാ വൈദികനു കുത്തേറ്റു; പ്രതി പിടിയില്‍

ഡബ്‌ളിന്‍: അയര്‍ലന്‍ഡില്‍ മലയാളി കത്തോലിക്കാ വൈദികനു കുത്തേറ്റു. വാട്ടര്‍ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെ ചാപ്ല്യന്‍ ഫാ. ബോബിറ്റ് തോമസിനു (30) നേരേയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റെങ്കിലും ചികിത്സയില്‍ കഴിയുന്ന വൈദികന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ 20 വയസുകാരനായ പ്രതി പോലീസ് കസ്റ്റഡിയിലാണ്.

ഞായറാഴ്ച്ച രാവിലെ 9.30-നായിരുന്നു സംഭവം. വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ ആശുപത്രിയോടു ചേര്‍ന്ന് വൈദികര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് സംഭവമുണ്ടായത്. ആശുപത്രിയിലെ സൈക്കാട്രിക് വിഭാഗത്തില്‍നിന്നിറങ്ങിയ പ്രതി വൈദികര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ പിന്‍വാതിലിലൂടെ അകത്തു കടന്ന് വൈദികനെ കുത്തുകയായിരുന്നു. ബഹളം കേട്ട് ഒപ്പം താമസിച്ചിരുന്ന രണ്ടു വൈദികര്‍ ഓടിയെത്തിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഇതോടെ അക്രമി തിരികെ ആശുപത്രിയിലേക്ക് ഓടിപ്പോകുകയും ചെയ്തു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

ആക്രമണത്തില്‍ വൈദികന്റെ തോളിനും തലയ്ക്കും പുറത്തും ഗുരുതരമായി പരിക്കേറ്റു. അടിയന്തര സേവന വിഭാഗങ്ങള്‍ സംഭവസ്ഥലത്ത് എത്തിയാണ് വൈദികനെ ആശുപത്രിയിലേക്കു മാറ്റിയത്. അതേസമയം ജീവന് ഭീഷണിയില്ലെന്ന് വൈദികനെ ചികിത്സിക്കുന്ന വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു.

വാട്ടര്‍ഫോര്‍ഡിലെയും ലിസ്മോറിലെയും ബിഷപ്പായ അല്‍ഫോന്‍സസ് കള്ളിനന്‍ സംഭവത്തെ അപലപിച്ചു. ആക്രമണം തന്നെ ഞെട്ടിച്ചതായും ഫാ. ബോബിറ്റ് തോമസ് എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു.

എല്ലാവര്‍ക്കും ഏറെ പ്രിയങ്കരനായ മലയാളി വൈദികന് നേരെയുണ്ടായ ആക്രമണത്തില്‍ അയര്‍ലന്‍ഡിലുള്ള മലയാളികളെ ഞെട്ടിച്ചിട്ടുണ്ട്. നിരവധി മലയാളികള്‍ താമസിക്കുന്ന അയര്‍ലന്‍ഡ് നഗരമാണ് വാട്ടര്‍ഫോര്‍ഡ്.

കമില്ലന്‍ സമൂഹാംഗവും വയനാട് മാനന്തവാടി സ്വദേശിയുമാണ് ഫാ. ബോബിറ്റ് തോമസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.