ചിക്കാഗോ: ഈശോയുടെ തിരഞ്ഞെടുക്കപ്പെട്ട 12 അപ്പസ്തോലന്മാരിൽ ഒരുവനും അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനുമായ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളും ഹോളിവീനും ചിക്കാഗോയിലെ സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രലിൽ ഞായറാഴ്ച ആഘോഷിച്ചു.
തക്കല സീറോ മലബാർ രൂപതാ അധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയും ചിക്കാഗോ രൂപതയിൽ നിന്നും പ്രത്യേകമായി കൊണ്ടുവന്ന വിശുദ്ധന്റെ തിരുശേഷിപ്പ് വഹിച്ചുള്ള പ്രദിക്ഷണവും ആശീർവാദവും വി.യൂദാശ്ലീഹായുടെ തിരുനാളിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നതായിരുന്നു.
തിരുനാളിന് ഒരുക്കമായി ഒരു മാസമായി നടത്തി വന്നിരുന്ന നോവേനയും തിരുശേഷിപ്പ് വണങ്ങാനുള്ള അവസരവും ഈ തിരുനാളിന്റെ പ്രത്യേകതയായിരുന്നു. കത്തീഡ്രലിലെ മാതൃ സംഘടനയുടെ നേതൃത്വത്തിൽ നടന്ന ചെണ്ടമേളവും എസ് എം സി സി യുടെ നേതൃത്വത്തിൽ നടന്ന സ്നേഹവിരുന്നും തിരുനാളിന്റെ മാറ്റുകൂട്ടുന്നതായിരുന്നു. യുവതലമുറയ്ക്കായി ഫാ. ജോസിയുടെയും ഫാ. നോയലിന്റെയും നേതൃത്വത്തിൽ ഇംഗ്ലീഷ് കുർബാനയും ഉണ്ടായിരുന്നു.
കൂടാതെ പരമ്പരാഗതമായി നടന്നുവരുന്നതും യുവ മനസ്സുകളെ ദോഷകരമായി ബാധിക്കുന്നതുമായ ഹാലോവീൻ ആഘോഷങ്ങളെ തമസ്ക്കരിച്ചുകൊണ്ട്, കത്തീഡ്രലിലെ ഇളം തലമുറ വിശുദ്ധരുടെ വേഷം അണിഞ്ഞെത്തി പരേഡ് നടത്തി ഹോളിവീനും ആഘോഷിച്ചു.
സകല വിശുദ്ധരുടെയും തിരുനാളിന് ഒരുക്കമായി പരിശുദ്ധ കന്യാമറിയം മുതൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുവതലമുറയുടെ ഹരമായി തീർന്ന വാഴ്ത്തപ്പെട്ട കാർലോ അകുറ്റിസിന്റെയും ഉൾപ്പെടെ ഏതാണ്ട് 200 ഓളം വിശുദ്ധരുടെ വേഷമണിഞ്ഞ് വേദപാഠ കുട്ടികളും അധ്യാപകരും അണിനിരന്നത് സകലർക്കും പ്രചോദനമായി.
വൈദികരുടെയും മതാധ്യാപകരുടെയും നേതൃത്വത്തിൽ നടത്തിയ പ്രദിക്ഷണം അപ്പസ്തോലരുടെയും ആദ്യനൂറ്റാണ്ടുകളിലെ വേദ സാക്ഷികളുടെയും സഭാ പിതാക്കന്മാരുടെയും സഭാപണ്ഡിതരുടെയും വിശ്വാസത്തിനു വേണ്ടി രക്തസാക്ഷികളായ വിശുദ്ധരെയും മിഷനറിമാരെയും ഉൾക്കൊള്ളുന്നതും വിശ്വാസ ജീവിതത്തിന് ഉത്തേജനം നൽകുന്നതും ആയിരുന്നു. തക്കല രൂപത അധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ പ്രസ്തുത ദിനത്തിനോട് അനുബന്ധിച്ചുള്ള പ്രത്യേക സന്ദേശം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.