ഷാ‍ർജയില്‍ പ്രവാസികള്‍ക്ക് സ്വന്തം പേരില്‍ ഭൂമിയും കെട്ടിടങ്ങളും വാങ്ങാം, റിയല്‍ എസ്റ്റേറ്റ് നിയമത്തില്‍ ഭേദഗതി

ഷാ‍ർജയില്‍ പ്രവാസികള്‍ക്ക് സ്വന്തം പേരില്‍ ഭൂമിയും കെട്ടിടങ്ങളും വാങ്ങാം, റിയല്‍ എസ്റ്റേറ്റ് നിയമത്തില്‍ ഭേദഗതി

 ഷാർജ: എമിറേറ്റിലെ റിയല്‍ എസ്റ്റേറ്റ് നിയമത്തില്‍ സമഗ്രഭേദഗതി വരുത്തി അധികൃതർ. പുതിയ ഇളവുകള്‍ പ്രകാരം പ്രവാസികള്‍ക്ക് സ്വന്തം പേരില്‍ ഭൂമിയും കെട്ടിടങ്ങളും വാങ്ങാന്‍ കഴിയും. അതേസമയം കർശന വ്യവസ്ഥകള്‍ക്ക് വിധേയമായാണ് പ്രവാസികള്‍ക്ക് ഷാർജയില്‍ സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ സാധിക്കുക.

ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സിൽ അംഗവുമായി ഡോ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് റിയൽ എസ്റ്റേറ്റ് നിയമത്തിലെ പുതിയ ഭേദഗതിക്ക് അനുമതി നൽകിയത്. പുതിയ ഭേദഗതി പ്രകാരം ഭൂമിയും കെട്ടിടങ്ങളും സ്വകാര്യ വ്യക്തികള്‍ക്കും കൂട്ടായ്മകളുടെ നേതൃത്വത്തിലുളള കണ്‍സോർഷ്യത്തിനും വാങ്ങാം. ഭരണാധികാരിയുടെ അനുമതി നിർബന്ധമാണ്. 

പ്രത്യേക റിയല്‍ എസ്റ്റേറ്റ് പദ്ധതികളിലും എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനങ്ങൾക്ക് അനുസൃതമായി വിദേശികൾക്ക് ഭൂമിയും വസ്തുവും സ്വന്തമാക്കാം. പക്ഷെ ക‍ർശന നിബന്ധനകള്‍ ബാധകമാണ്. യുഎഇ പൗരന്‍റെ പാരമ്പര്യ സ്വത്തില്‍ നിയമാനുസൃതം അവകാശമുളള വിദേശപൗരനും ഇനിമുതല്‍ സ്വത്തിന്‍റെ ഉടമസ്ഥാവകാശം ലഭിക്കും. 

നിയമപരമായ വ്യക്തിയുടെ ഉടമസ്ഥതയിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ അത് റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പിനെ അറിയിക്കണം. അതായത് പങ്കാളികളുടെ ഓഹരികൾ കുറയുകയോ വർദ്ധിപ്പിക്കുകയോ ചെയ്യുക, ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുക, അല്ലെങ്കിൽ അതിന്‍റെ നിയമപരമായ രൂപത്തിലോ വ്യാപാര നാമത്തിലോ മാറ്റം വരുത്തുകയാണെങ്കിൽ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പിനെ അറിയിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

നിലവില്‍ യുഎഇ പൗരന്മാർക്കും ജിസിസി രാജ്യങ്ങളില്‍ നിന്നുളളവർക്കും മാത്രമാണ് ഷാർജയില്‍ സ്വത്തുക്കള്‍ വാങ്ങാന്‍ അനുമതിയുളളത്. ദുബായും അബുദബിയും നേരത്തെ തന്നെ വിദേശികൾക്ക് സ്വകാര്യ സ്വത്ത് അവകാശം അനുവദിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.