ഷാർജ അന്താരാഷ്ട്രപുസ്തകോത്സവം നാളെ തുടങ്ങും

ഷാർജ അന്താരാഷ്ട്രപുസ്തകോത്സവം നാളെ തുടങ്ങും

ഷാർജ: പുസ്തകപ്രേമികള്‍ കാത്തിരിക്കുന്ന ഷാർജ അന്താരാഷ്ട്രപുസ്തകോത്സവത്തിന് നാളെ തുടക്കമാകും. പുസ്തകോത്സവത്തിന്‍റെ 41 മത് പതിപ്പിനാണ് നാളെ എക്സ്പോ സെന്‍ററില്‍ തുടക്കമാകുന്നത്. വിവിധ മേഖലകളില്‍ നിന്നായി 95 രാജ്യങ്ങളില്‍ നിന്നുളള അതിഥികള്‍ പുസ്തകോത്സവത്തിന്‍റെ ഭാഗമാകും. ഇറ്റലിയാണ് ഇത്തവണത്തെ അതിഥി രാജ്യം. 

വിവിധ പുസ്തക പ്രസാധകരുടെ പവലിയനുകള്‍, സെഷനുകള്‍, അതിഥി അഭിമുഖങ്ങള്‍, പാചക പ്രദർശനങ്ങള്‍ എന്നിവയ്ക്കൊപ്പം സംഗീത നാടക പ്രകടനങ്ങളും കുട്ടികള്‍ക്കായുളള വിവിധ പരിപാടികളും പുസ്തകോത്സവത്തിലെ 12 ദിവസങ്ങളില്‍ അരങ്ങേറും. അറബ് മേഖലയില്‍ നിന്ന് 1298 പേരുള്‍പ്പടെ 2213 പ്രസാധകരാണ് ഇത്തവണയെത്തുന്നത്. എട്ട് രാജ്യങ്ങളില്‍ നിന്നുളള 22 കലാകാരന്മാർ നയിക്കുന്ന 123 സംഗീത പരിപാടികളും അരങ്ങേറും. 

അറബ്, അന്തർദേശീയ പാചകവിദഗ്ധരുടെ നേതൃത്വത്തിലുള്ള 30 ലധികം പരിപാടികളും നടക്കും. വാക്കുകള്‍ പരക്കട്ടെയെന്നുളളതാണ് ഇത്തവണത്തെ ആപ്തവാക്യം. വാക്കുകള്‍ക്ക് ഭാവി കെട്ടിപ്പടുക്കാനും യാഥാർത്ഥ്യങ്ങള്‍ അറിയിക്കാനും കഴിയും അതുകൊണ്ടുതന്നെ വാക്കുകളുമായി ചങ്ങാത്തം കൂടുക, അവരുമായി അടുത്തിടപഴകുക, ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നല്‍കുന്ന സന്ദേശമിതാണ്. 

അതിഥികളുടെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാണ് ഇത്തവണയും പുസ്തകോത്സവം. 150 വിശിഷ്ട എഴുത്തുകാർ പുസ്തകോത്സവത്തിന്‍റെ ഭാഗമാകും. 1500 സെഷനുകളും വർക്ക് ഷോപ്പുകളും ചർച്ചകളും സെമിനാറുകളുമടക്കം 200 ലധികം പ്രവർത്തനങ്ങളും ഇത്തവണയുണ്ടാകും. കുട്ടികള്‍ക്കായി 14 രാജ്യങ്ങളില്‍ നിന്നുളള 45 പ്രൊഫഷണലുകളുടെയും വിദഗ്ധരുടേയും നേതൃത്വത്തില്‍ 623 പ്രവർത്തനങ്ങളും വർക്ക് ഷോപ്പുകളും സംഘടിപ്പിക്കും. 

അറബ് പ്രസാധകരില്‍ ഇത്തവണയും യുഎഇയാണ് ഒന്നാം സ്ഥാനത്ത്. ഈജിപ്തും ലെബനനും തൊട്ടുപിന്നിലുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയും യുകെയും ഇറ്റലിയുമെല്ലാം സജീവ സാന്നിദ്ധ്യമാണ്.
ത്രില്ലറുകളിലൂടെ വായനക്കാരുടെ മനം കീഴടക്കിയ രവി സുബ്രമണ്യനും, 2022 ലെ ബുക്കർ പ്രൈസ് ജേതാവായ ഗീതാഞ്ജലി ശ്രീയും നവംബർ അഞ്ചിനാണ് പുസ്തകോത്സവ വേദിയിലെത്തുക.ഇന്ത്യൻ-അമേരിക്കൻ എഴുത്തുകാരനും ഇതര വൈദ്യശാസ്ത്ര അഭിഭാഷകനുമായ ദീപക് ചോപ്ര, നവംബർ ആറാം തീയതി പുസ്തകമേളയിൽ പങ്കെടുക്കും.

യാത്രാ രചനകൾക്ക് പേരുകേട്ട ബ്രിട്ടീഷ് ഉപന്യാസകാരനും നോവലിസ്റ്റുമായ പികോ അയ്യർ നവംബർ ഒൻപതിന് പുസ്തകമേളയിൽ എത്തും. നവംബർ പത്താം തിയതിയാണ് നടന്‍ ജയസൂര്യ പുസ്തകോത്സവ വേദിയിലെത്തുക. സംവിധായകനും എഴുത്തുകാരനുമായ പ്രജേഷ് സെനിനൊപ്പമാണ് ജയസൂര്യയെത്തുക. 

പോപ് സംഗീതത്തിലെ പകരം വയ്ക്കാനില്ലാത്ത പ്രതിഭ ഉഷാഉതുപ്പ് പന്ത്രണ്ടാം തിയതി ആരാധരുമായി സംവദിക്കാനെത്തും. മലയാളത്തില്‍ നിന്ന് ജിആർ ഇന്ദുഗോപന്‍ (നവംബർ അഞ്ച് ), സുനില്‍ പി ഇളയിടം ( നവംബർ ആറ്) ജോസഫ് അന്നംക്കുട്ടി (നവംബർ പന്ത്രണ്ട്)സി വി ബാലകൃഷ്ണൻ (നവംബർ (പതിമൂന്ന്)എന്നിവരും പുസ്തകമേളയില്‍ സാന്നിദ്ധ്യമറിയിക്കും. 

രുചിക്കൂട്ടുകളുടെ രസമുകളുങ്ങളുമായി നാലാം തീയതി ഷെഫ് വിക്കി രത്‌നാനി , അഞ്ചാം തീയതി ഷെഫ് അർച്ചന ദോഷി , പതിനൊന്നാം തീയതി ഷെഫ് അനഹിത ധോണ്ടി എന്നിവരെത്തും. അമേരിക്കൻ ലൈബ്രറി അസോസിയേഷന്‍റെ പങ്കാളിത്തത്തോടെ ഷാർജ ഇന്‍റർനാഷണല്‍ ലൈബ്രറി കോൺഫറൻസും നാഷണൽ ലൈബ്രറി സമ്മിറ്റും നടക്കും. 30 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഒരുമിച്ച് കൊണ്ടുവരുന്ന ദ്വിദിന ദേശീയ ലൈബ്രറി ഉച്ചകോടിയുടെ രണ്ടാം പതിപ്പ് നവംബർ 6-7 തീയതികളിലാണ് നടക്കുക. ലൈബ്രറി കോണ്‍ഫറന്‍സ് നവംബർ 8 മുതല്‍ 10 വരെ നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.