ഹിമാചലില്‍ വിമതരെ ഒതുക്കാന്‍ പുറത്താക്കല്‍ നടപടിയുമായി ബിജെപി; വിമത ഭീഷണിയില്‍ കോണ്‍ഗ്രസും

ഹിമാചലില്‍ വിമതരെ ഒതുക്കാന്‍ പുറത്താക്കല്‍ നടപടിയുമായി ബിജെപി; വിമത ഭീഷണിയില്‍ കോണ്‍ഗ്രസും

ധര്‍മ്മശാല: ഹിമാചല്‍ പ്രദേശില്‍ ഭരണ തുടര്‍ച്ചയെന്ന ബിജെപിയുടെ മോഹങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് വിമതന്മാര്‍. ഈ മാസം 12 ന് നടക്കുന്ന ഹിമാചല്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിമത ശല്യം ബിജെപിക്ക് വലിയ തലവേദനയായി മാറി.

മുന്‍ എംഎല്‍എമാരടക്കമുള്ളവര്‍ വിമത സ്ഥാനാര്‍ത്ഥികളായി മത്സരരംഗത്തെത്തിയതോടെ ബിജെപി അച്ചടക്ക നടപടിയിലേക്ക് കടന്നു. അഞ്ച് വിമതരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദേശം അവഗണിച്ച് സ്വതന്ത്രരായി മത്സരിക്കുന്ന അഞ്ച് പേരെ പുറത്താക്കിയെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.

ഇവരില്‍ നാലു പേര്‍ മുന്‍ എംഎല്‍എമാരാണ്. ആറ് വര്‍ഷത്തേക്കാണ് പുറത്താക്കല്‍. പക്ഷേ ഇവര്‍ മത്സരിക്കുമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നത് വിജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ പോലും ബിജെപിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കും.

ഭരണ വിരുദ്ധ വികാരം മുന്നില്‍ക്കണ്ട് നേരത്തെ പ്രചാരണം തുടങ്ങി കളത്തില്‍ സജീവമായ ബിജെപിക്ക് പത്തിടങ്ങളിലാണ് വിമതര്‍ കാര്യമായ ഭീഷണി ഉയര്‍ത്തുന്നത്. ഇതില്‍ മൂന്ന് മണ്ഡലങ്ങള്‍ മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ ജില്ലയായ മണ്ടിയിലാണ്. മുന്‍ മന്ത്രിയുടെ മകനടക്കം ടിക്കറ്റ് നിഷേധിക്കപ്പെട്ടവരാണ് മണ്ടിയില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്നത്.

കാംഗ്ര ജില്ലയില്‍ അഞ്ചും കുളുവില്‍ മൂന്നും സീറ്റുകളില്‍ ബിജെപിക്ക് വിമത ഭീഷണിയുണ്ട്. അതിനിടെ കുളു സദറില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ മഹേശ്വര്‍ സിംഗ് അവസാന നിമിഷം പത്രിക പിന്‍വലിച്ചത് ബിജെപിക്ക് ആശ്വാസമായി. പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നഡ്ഡ നേരിട്ട് ചര്‍ച്ച നടത്തിയാണ് മഹേശ്വര്‍ സിംഗിന്റെ പത്രിക പിന്‍വലിപ്പിച്ചത്.

അതേസമയം കോണ്‍ഗ്രസിനും കാര്യമായ വിമത ഭീഷണിയുണ്ട്. പന്ത്രണ്ട് മണ്ഡലങ്ങളിലാണ് നിലവില്‍ കോണ്‍ഗ്രസിന് വിമതന്മാരുള്ളത്.  ഉനയില്‍ നിന്നും വിമതനായി മത്സരിക്കാനിരുന്ന മുന്‍ പിസിസി അധ്യക്ഷനും മന്ത്രിയുമായിരുന്ന കുല്‍ദീപ് കുമാര്‍ പിന്‍വാങ്ങിയത് കോണ്‍ഗ്രസിന് ആശ്വാസമാണ്.

ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കാന്‍ തയാറെടുത്ത ഭൂരിഭാഗം പേരുടെയും പത്രിക പിന്‍വലിപ്പിച്ചെന്നും കോണ്‍ഗ്രസ് അവകാശപ്പെടുമ്പോഴും വിമത ഭീഷണി പൂര്‍ണമായും ഒഴിവായിട്ടില്ല. രാജ്യസഭാ എംപി രാജീവ് ശുക്ലയ്ക്കാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല. ഷിംലയില്‍ ദിവസങ്ങളായി ക്യാംപ് ചെയ്യുന്ന ശുക്ല വിമതരുമായി ചര്‍ച്ചകള്‍ തുടരുകയാണ്.

അതേസമയം ദേശീയ നേതാക്കള്‍ക്കൂടി എത്തിയതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് കോണ്‍ഗ്രസിനായി പ്രധാനമായും രംഗത്തുള്ളത്.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഒരു ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നാണ് പ്രിയങ്കയുടെ മുഖ്യ വാഗ്ദാനം. 63,000 സര്‍ക്കാര്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുമ്പോഴും ജനങ്ങള്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാരിന് താല്‍പര്യം ഇല്ലെന്ന് പ്രിയങ്ക വിമര്‍ശിച്ചു.

നിലവിലെ മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ ജില്ലയാണ് മണ്ടി. ആയിരക്കണക്കിന് പേര്‍ ഇവിടെ പ്രിയങ്കയുടെ റാലിയില്‍ പങ്കെടുത്തു. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് പ്രിയങ്ക പൊതു സമ്മേളനത്തിന് എത്തിയത്.

അതേസമയം ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയും കേന്ദ്ര നേതാക്കളും ഹിമാചലില്‍ ക്യാമ്പ് ചെയ്താണ് പ്രചാരണം നയിക്കുന്നത്. നവംബര്‍ പന്ത്രണ്ടിനാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ എട്ടിനാണ് ഫലമറിയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.