സിഡ്‌നി: കോവിഡ് ബാധിച്ച ആളുകൾക്ക് ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങൾക്കുള്ള സാധ്യത ഭാവിയിൽ കൂടുതലാണെന്ന് തെളിയിക്കുന്ന പഠനറിപ്പോർട്ടുകൾ പുറത്ത്. പാർക്കിൻസൺസ് രോഗത്തോട് സമാനമായ തലച്ചോറിലെ കോശജ്വലന പ്രതികരണത്തെ കോവിഡ് 19 സജീവമാക്കുന്നുവെന്നാണ് ഓസ്‌ട്രേലിയയിലെ ക്യൂൻസ്ലാൻഡ് സർവകലാശാലയുടെ പഠനത്തിൽ വ്യക്തമാക്കുന്നത്.
കോവിഡിന് കാരണമാകുന്ന സാർസ്-കോവി-2 വൈറസ് ബാധിച്ച ആളുകളിൽ നാഡീവ്യവസ്ഥയെ ബാധിക്കുന്ന ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങൾക്കുള്ള സാധ്യത ഭാവിയിൽ കൂടുതലാണ് എന്നാണ് കണ്ടെത്തലുകൾ വ്യക്തമാക്കുന്നതെന്ന് സർവകലാശാലയിലെ ന്യൂറോ-ഇൻഫ്ലമേഷൻ ലബോറട്ടറിയിലെ പ്രധാന ഗവേഷകനായ ഡോ. ട്രെന്റ് വുഡ്റഫ് പറഞ്ഞു. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കൂടി അവതാളത്തിലാക്കുന്ന തരത്തിലുള്ള രോഗങ്ങളാണിവ. അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് എന്നിവയെല്ലാം ഇതിനുദാഹരണമാണ്.
എന്നാൽ കോവിഡ് ബാധിച്ച എല്ലാവർക്കും പാർക്കിൻസൺസ് രോഗം ഉണ്ടാകില്ല. എന്നാൽ ദീർഘകാലം നീണ്ട് നിന്ന കോവിഡും മറവി, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ആശയക്കുഴപ്പം തുടങ്ങിയ ക്രമരഹിതമായ ചിന്തകൾക്ക് കാരണമാകുന്ന മസ്തിഷ്ക മന്ദത എന്നിവ പിടിപെട്ട ആളുകളിൽ സംഭവിക്കുന്ന ചില ലക്ഷണങ്ങൾ പാർക്കിൻസൺസ് രോഗം ഉണ്ടാകാനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നു.
പരീക്ഷണം എലികളിൽ
സാർസ്-കോവി-2 വൈറസ് മനുഷ്യന്റെ തലച്ചോറിനെ ഏതൊക്കെ രീതിയിൽ ഇത് ബാധിക്കുമെന്നതിനെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണെന്നും ഡോ. വുഡ്റഫ് വിശദീകരിച്ചു. മൈക്രോഗ്ലിയ എന്നറിയപ്പെടുന്ന തലച്ചോറിന്റെ രോഗപ്രതിരോധ കോശങ്ങളിൽ സാർസ്-കോവി-2 ന്റെ സ്വാധീനം ക്യൂൻസ്ലാൻഡ് ഗവേഷകർ പഠിച്ചു. എലികളിലാണ് ഗവേഷകർ കൂടുതൽ പഠനങ്ങൾ നടത്തിയത്.
കേന്ദ്രനാഡീവ്യവസ്ഥയിലെ നാഡീകോശങ്ങളെ സംരക്ഷിക്കുന്ന, കോശങ്ങളെ വിഴുങ്ങിനശിപ്പിക്കാൻ കഴിവുള്ള മാക്രോഫേജുകൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന കോശസമൂഹങ്ങളാണ് മൈക്രോഗ്ലിയ. ഇത്തരം മൈക്രോഗ്ലിയകൾ ആരോഗ്യമുള്ള സന്നദ്ധപ്രവർത്തകരുടെ രക്തത്തിൽ നിന്ന് ഗവേഷകർ വളർത്തുകയും ആ കോശങ്ങളിലേക്ക് സാർസ്-കോവി-2 വൈറസിനെ അയയ്ക്കുകയും ചെയ്തു.
വൈറസ് ബാധിച്ചതോടെ ഇതിനെ തുരത്താനായി രക്തത്തിൽ നിന്നുണ്ടാകുന്ന സങ്കീർണമായ പ്രതികരണ പ്രവർത്തനമായ കോശജ്വലനം ഉണ്ടായതായും ഗവേഷകർ കണ്ടെത്തി. സാർസ്-കോവ്-2 ബാധിച്ച എലികളെയും ബാധിക്കാത്ത എലികളെയും ഗവേഷകർ താരതമ്യം ചെയ്തു. വൈറസിനോട് ശക്തമായി പ്രതികരിക്കുന്നതിന്റെ ഭാഗമായി വളരെ കൂടിയ രീതിയിലുള്ള കോശജ്വലനമാണ് ഉണ്ടായത്.
ഇത്തരം അമിതമായ കോശജ്വലനം ഇൻഫ്ലമസോം എന്ന് വിളിക്കുന്ന ഒരു പാതയിലേക്ക് തിരിഞ്ഞു. വൈറസ് ബാധിച്ച ചില എലികളുടെ തലച്ചോറിൽ ഇൻഫ്ലമസോം ആക്ടിവേഷൻ അവർ കണ്ടെത്തി. ഇത്തരം കോശജ്വലനം പാർക്കിൻസൺസ്, അൽഷിമേഴ്സ് പോലുള്ള മസ്തിഷ്ക രോഗങ്ങളുടെ പുരോഗതി ത്വരിതപ്പെടുത്തുന്നതാണെന്നും ഡോ. വുഡ്റഫ് വ്യക്തമാക്കി.
ചികിത്സ സാധ്യം
ഇൻഫ്ലമസോം ആക്ടിവേഷന് ചികിത്സ സാധ്യമാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ഡോ. വുഡ്‌റഫും സഹപ്രവർത്തകൻ ഡോ. എഡ്വേർഡോ അൽബോർനോസ് ബൽമസീഡയും ഉൾപ്പെടെയുള്ള ഗവേഷകർ രോഗബാധിതരായ എലികൾക്ക് ക്യൂൻസ്ലാൻഡ് വികസിപ്പിച്ച ഒരു മരുന്ന് നൽകി. ഇത് പാർക്കിൻസൺസ് രോഗികകളായ മനുഷ്യരിൽ പരീക്ഷിച്ച മരുന്നായിരുന്നു.
കോവിഡ് വൈറസ് സജീവമാക്കിയ എലിയുടെ തലച്ചോറിലെ കോശജ്വലന പാതയെ മരുന്ന് തടഞ്ഞു. ഡോ. അൽബോർനോസ് ബൽമസീഡ മരുന്നിന്റെ പ്രവർത്തനത്തെ തലച്ചോറിലെ "തീ" കെടുത്തുന്നതിനോടാണ് ഉപമിച്ചത്. ഭാവിയിൽ ന്യൂറോ ഡീജനറേഷൻ തടയുന്നതിന് സഹായിക്കുന്ന ചികിത്സ രീതിയിലേക്കുള്ള കാൽവെയ്പ്പിന് പരീക്ഷണം സഹായിച്ചു.
കോശജ്വലന പാത തടയാൻ രൂപകൽപ്പന ചെയ്ത ഡസൻ കണക്കിന് മറ്റ് മരുന്നുകൾ ലോകമെമ്പാടും വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിൽ ഏതെങ്കിലും ഒരു ചികിത്സാരീതി ക്ലിനിക്കൽ ആപ്ലിക്കേഷനിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. വുഡ്‌റഫ് പറഞ്ഞു.
പാർക്കിൻസൺസ് രോഗം ബാധിക്കാനിടയുള്ള ആളുകളിൽ കോവിഡ് മൂലം ഇൻഫ്ലമസോം ആക്ടിവേഷൻ ഉണ്ടായാൽ അത് തലച്ചോറിലെ ആ "തീ"യിൽ കൂടുതൽ ഇന്ധനം പകരുന്നതുപോലെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും ഒരുപാട് ഗവേഷണങ്ങൾ നടത്താനുണ്ട്. മനുഷ്യരിൽ ഈ മരുന്ന് എങ്ങനെ പ്രവർത്തിക്കും എന്നറിയാൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ അത്യാവശ്യമാണെന്നും ഡോ. വുഡ്‌റഫ് കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.