തിരുവനന്തപുരം: യുവജന സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കിയ തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ വേണ്ടെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഭരണപക്ഷ യുവജന സംഘടനകളില്‍ നിന്നടക്കം ശക്തമായ എതിര്‍പ്പ് നേരിട്ടതിന് പിന്നാലെയാണ് പുതിയ നീക്കം.
സംസ്ഥാനത്തെ 122 പൊതുമേഖലാ സ്ഥാപനങ്ങളിലെയും ആറ് ധനകാര്യ കോര്‍പ്പറേഷനുകളിലെയും ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ല്‍ നിന്ന് അറുപതാക്കി ഉയര്‍ത്തി ഒക്ടോബര്‍ 29 നാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. ഒന്നര ലക്ഷത്തോളം ജീവനക്കാരാണ് ഇവിടങ്ങളിലുള്ളത്.
വലിയ പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, ജല അതോറിട്ടി ഒഴികെയുള്ളവയിലാണ് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചത്. മൂന്നിടത്തും 56 വയസ് എന്ന പെന്‍ഷന്‍ പ്രായം മൂന്നു മാസത്തെ പഠനത്തിനു ശേഷം അറുപതാക്കി വര്‍ധിപ്പിക്കുമെന്നും അറിയിച്ചിരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ സേവന, വേതന വ്യവസ്ഥകള്‍ ഏകീകരിക്കുന്നതടക്കം പഠിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് സമ്പൂര്‍ണമായി നടപ്പാക്കാന്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വകുപ്പ് സെക്രട്ടറിമാരുടെ സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.
ഏപ്രില്‍ 20 ന് ചേര്‍ന്ന മന്ത്രിസഭാ യോഗം, തൊഴിലന്വേഷകരായ യുവാക്കളുടെ രോഷം ഭയന്ന് കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, ജല അതോറിട്ടി എന്നിവയെ ഒഴിവാക്കി റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.