ശക്തി തെളിയിച്ച് ബംഗ്ലാദേശ് കീഴടങ്ങി: ഇന്ത്യക്ക് അഞ്ച് റണ്‍സ് ജയം; സെമി സാധ്യതയേറി

ശക്തി തെളിയിച്ച് ബംഗ്ലാദേശ് കീഴടങ്ങി: ഇന്ത്യക്ക് അഞ്ച് റണ്‍സ് ജയം; സെമി സാധ്യതയേറി

അഡലെയ്ഡ്: ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ശക്തി തെളിയിച്ച ബംഗ്ലാദേശ് ഇന്ത്യയ്ക്കു മുന്നില്‍ കീഴടങ്ങി. അവസാന പന്തുവരെ നീണ്ട ആവേശ പോരാട്ടത്തില്‍ അഞ്ചു റണ്‍സിനാണ് ഇന്ത്യയുടെ വിജയം.

മഴ തടസപ്പെടുത്തിയ മത്സരത്തില്‍ ബംഗ്ലാദേശിന് വിജയ ലക്ഷ്യം 16 ഓവറില്‍ 151 റണ്‍സായി ചുരുക്കിയിരുന്നു. എന്നാല്‍, 16 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനെ ബംഗ്ലാദേശിന് കഴിഞ്ഞുള്ളു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തിരുന്നു. ജയത്തോടെ ഇന്ത്യ സെമി സാധ്യത സജീവമാക്കി ഗ്രൂപ്പില്‍ ആറു പോയന്റുമായി ഒന്നാമതെത്തി.

അടുത്ത മത്സരത്തില്‍ സിംബാവേയ്‌ക്കെതിരെ ജയിച്ചാല്‍ ഇന്ത്യക്ക് സെമിയിലെത്താനാകും. ഓപ്പണര്‍ ലിറ്റണ്‍ ദാസ് ബംഗ്ലാദേശിന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 21 പന്തില്‍ അര്‍ധ സെഞ്ച്വറി കുറിച്ചു. ടീം ഏഴ് ഓവറില്‍ 66 റണ്‍സെടുത്ത് നില്‍ക്കെയാണ് ഇന്ത്യയുടെ വില്ലനായി മഴയെത്തുന്നത്. അല്‍പസമയത്തിനകം 16 ഓവറില്‍ വിജയലക്ഷ്യം 151 റണ്‍സാക്കി ചുരുക്കി മത്സരം പുനരാരംഭിക്കുകയായിരുന്നു.

27 പന്തില്‍ 60 റണ്‍സെടുത്ത് ലിറ്റണ്‍ ദാസ് റണ്ണൗട്ടായി. പിന്നാലെ 25 പന്തില്‍ 21 റണ്‍സുമായി നജ്മുല്‍ ഹുസൈന്‍ ഷാന്റോയും ക്രീസ് വിട്ടു. അഫീഫ് ഹുസൈന്‍ അഞ്ച് പന്തില്‍ മൂന്നു റണ്‍സെടുത്തു. നായകന്‍ ഷക്കീബ് അല്‍ ഹസന്‍ 13 റണ്‍സും യാസിര്‍ അലി മൂന്നു പന്തില്‍ ഒരു റണ്‍സും മൊസദ്ദെക് ഹുസൈന്‍ മൂന്നു പന്തില്‍ ആറു റണ്‍സുമായി മടങ്ങി. 25 റണ്‍സുമായി നൂറുല്‍ ഹസനും 12 റണ്‍സുമായി തസ്‌കീന്‍ അഹ്മദും പുറത്താകാതെ നിന്നു.

അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ 31 റണ്‍സ് വേണ്ടിയിരുന്നു. ഹാര്‍ദിക്കിന്റെ 19-ാം ഓവറില്‍ ഒരോ സിക്‌സും ഫോറും ഉള്‍പ്പെടെ 11 റണ്‍സ് വഴങ്ങി. ഇതോടെ ആറു പന്തില്‍ 20 റണ്‍സായി വിജയ ലക്ഷ്യം. അവസാന ഓവര്‍ എറിയാനെത്തിയത് അര്‍ഷ്ദീപ് സിങ്. എന്നാല്‍, ഒരു സിക്‌സ് ഉള്‍പ്പെടെ 14 റണ്‍സെടുക്കാനെ ബംഗ്ലാദേശിന് കഴിഞ്ഞുള്ളു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങും ഹാര്‍ദിക് പാണ്ഡ്യയും രണ്ടു വിക്കറ്റ് നേടി. മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപ്പണര്‍ കെ.എല്‍. രാഹുല്‍, വിരാട് കോഹ്ലി എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് 184 റണ്‍സെടുത്തത്. മത്സരത്തിന്റെ തുടക്കത്തില്‍ നായകന്‍ രോഹിത് ശര്‍മ (എട്ട് പന്തില്‍ രണ്ട് റണ്‍സ്) പുറത്തായെങ്കിലും പിന്നീട് ക്രീസിലെത്തിയ കോലിയെ കൂട്ടുപിടിച്ച് രാഹുല്‍ തകര്‍പ്പന്‍ ഷോട്ടുകളുമായി കളം നിറഞ്ഞ് കളിച്ചത്തോടെ സ്‌കോര്‍ ഉയര്‍ന്നു. 32 പന്തില്‍ 52 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. കഴിഞ്ഞ മത്സരങ്ങളില്‍ നിറം മങ്ങിയ പ്രകടനമായിരുന്നു രാഹുലിന്റേത്.

ഇന്ത്യയുടെ സ്‌കോര്‍ 78 എത്തിനില്‍ക്കെ രാഹുല്‍ പുറത്തായി. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവും കോലിയും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് മുന്നോട്ടു ചലിപ്പിച്ചു. 16 പന്തില്‍ 30 റണ്‍സെടുത്താണ് സൂര്യകുമാര്‍ മടങ്ങിയത്.

ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായത് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോറിലേക്ക് എത്തുന്നതിന് തിരിച്ചടിയായി. അവസാന ഓവറുകളില്‍ ആര്‍. അശ്വിനും കോലിയും തകര്‍ത്തടിച്ചതോടെ സ്‌കോര്‍ 184 ല്‍ എത്തുകയായിരുന്നു. 44 പന്തില്‍ 64 റണ്‍സുമായി കോലി പുറത്താകാതെ നിന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.