ഇരുട്ടു കൊണ്ട് ഓട്ടയടക്കാനുള്ള ശ്രമം വിഴിഞ്ഞത്ത് വിലപ്പോകില്ല

ഇരുട്ടു കൊണ്ട് ഓട്ടയടക്കാനുള്ള ശ്രമം വിഴിഞ്ഞത്ത് വിലപ്പോകില്ല

'അണ്ടിയോട് അടുക്കുമ്പോളറിയാം മാങ്ങയുടെ പുളി' എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കി അദാനിയുടെ പണക്കൊഴുപ്പിനു മുന്നില്‍ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ അടിയറവ് വച്ച് സിപിഎമ്മും ബിജെപിയും ഒന്നിച്ചു. അതാണ് ചൊവ്വാഴ്ച തിരുവനന്തപുരത്ത് കണ്ടത്.

പ്രാദേശിക ജനകീയ കൂട്ടായ്മ എന്നൊരു തട്ടിക്കൂട്ട് സംഘടനയുണ്ടാക്കി പുറത്തു നിന്ന് ആളുകളെ കൂലിക്കിറക്കി സെക്രട്ടറിയേറ്റിലേക്ക് ഒരു ലോങ് മാര്‍ച്ച് നടത്തിയാല്‍ തകര്‍ന്നു പോകുന്നതല്ല കടലിന്റെ മക്കള്‍ കഴിഞ്ഞ മൂന്നു മാസത്തിലധികമായി നടത്തി വരുന്ന അതിജീവനത്തിനായുള്ള സമരം എന്ന സാമാന്യ ബോധം സംഘാടകരായ സിപിഎം, ബിജെപി നേതാക്കള്‍ക്ക് ഇല്ലാതെ പോയത് സ്വയം അപഹാസ്യരാകാന്‍ വിധിക്കപ്പെട്ട നിങ്ങളുടെ തലേവര എന്നു മാത്രമേ പറയാനാകൂ.

മത്സ്യത്തൊഴിലാളികളുടെ ഐതിഹാസിക സമരത്തെ തകര്‍ക്കാന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാന ഭരണം കൈയ്യാളുന്ന സിപിഎമ്മും  പഠിച്ച പണി  പതിനെട്ടും പയറ്റിയിട്ടും നടക്കാതെ വന്നതോടെയാണ് വ്യാജ പ്രചാരണങ്ങളുമായി ഇരുകൂട്ടരും ഒന്നിച്ച് രംഗത്ത് വന്നിട്ടുള്ളത്. മത്സ്യത്തൊഴിലാളി സംയുക്ത സമര സമിതിയില്‍ വിള്ളല്‍ എന്നായിരുന്നു ആദ്യം ഇറക്കി വിട്ട നമ്പര്‍. സൈബറിടങ്ങളില്‍ പരക്കം പായുന്ന സഖാക്കളും സംഘികളും അത് പരമാവധി ആഘോഷിച്ചു.

പക്ഷേ, മത്സ്യത്തൊഴിലാളി സമരത്തിന് പിന്തുണയേറുകയും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഐക്യദാര്‍ഢ്യ സമിതികള്‍ രൂപീകരിച്ച് സമരം കൂടുതല്‍ ശക്തിയാര്‍ജിക്കുകയും ചെയ്തപ്പോള്‍ മറ്റൊരു കുപ്രചാരണവുമായി സിപിഎം, ബിജെപി നേതാക്കള്‍ രംഗത്തെത്തി. വിഴിഞ്ഞം തുറമുഖ പദ്ധതി  അട്ടിമറിക്കാന്‍ വിദേശ ഫണ്ട് സ്വീകരിച്ചുള്ള ദേശ വിരുദ്ധ സമരം എന്നതായിരുന്നു അത്.

ഇക്കാര്യത്തില്‍ അന്വേഷണം നടക്കട്ടെയെന്നും അത്തരത്തിലുള്ള ഏതന്വേഷണവും സ്വാഗതം ചെയ്യുന്നതായും മത്സ്യത്തൊഴിലാളി സമര സമിതിയും അതിന് നേതൃത്വം കൊടുക്കുന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപതയും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രത്തിലും കേരളത്തിലും ഭരണത്തിലിരിക്കുന്ന പാര്‍ട്ടികളുടെ നേതാക്കന്മാരാണ്  ആരോപണം  ഉന്നയിച്ചവര്‍.

അവര്‍ക്ക് കേന്ദ്ര, സംസ്ഥാന ഏജന്‍സികളെ വച്ച് അന്വേഷണം നടത്താന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. അപ്പോള്‍പ്പിന്നെ കൂടെക്കൂടെ പ്രസ്താവനകളിറക്കാതെ അന്വേഷണം നടത്തുകയാണ് വേണ്ടത്. അന്വേഷണത്തില്‍ സംസ്ഥാനത്തെ ഒരു മന്ത്രിയുമായി ബന്ധപ്പെട്ട സംഘടന പ്രതിക്കൂട്ടിലാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നു മാത്രം.

വിഴിഞ്ഞം സമര സമിതി കലാപത്തിന് കോപ്പു കൂട്ടുകയാണെന്ന് ഇടയ്ക്കിടെ മാലോകരെ ഓര്‍മ്മിപ്പിക്കുന്ന നമ്മുടെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് ഇപ്പോള്‍ മറ്റൊരു സന്ദേഹം കൂടിയുണ്ട്. അത് മറ്റൊന്നുമല്ല, സൂസൈപാക്യം പിതാവിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചോര്‍ത്താണ്.

ചികിത്സയില്‍ കഴിയുന്ന മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യത്തെ സമരത്തിലേക്കു വലിച്ചിഴക്കാന്‍ ശ്രമിക്കുന്നത് അപായകരമായ നീക്കമാണന്നും അദ്ദേഹത്തിന്റെ ആരോഗ്യ നിലയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സമര സമിതിക്കാണെന്നുമാണ് ശിവന്‍കുട്ടിയുടെ മുന്നറിയിപ്പ്. എന്തായാലും മന്ത്രിസത്തമന്റെ ഉള്ളിലിരിപ്പ് 'ക്ഷ' ബോധ്യമായി.

ആയതിനാല്‍ ഒരു കാര്യം വ്യക്തമാക്കാം. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ഉദ്ധരിക്കാന്‍ തിരക്കു പിടിച്ച വിദേശ യാത്രകളും നിയമ സഭയിലെ കൈയ്യാങ്കളി കേസും മറ്റുമായി സദാ 'കര്‍മ്മ നിരതനായിരിക്കുന്ന' അങ്ങ് സൂസൈപാക്യം തിരുമേനിയുടെ ആരോഗ്യ നിലയെക്കുറിച്ചു കൂടി ഓര്‍ത്ത്‌  ബേജാറാകേണ്ടതില്ല. അതിനിവിടെ ക്രൈസ്തവ സഭയും അതിന്റെ വിശാലമായ സംവിധാനങ്ങളുമുണ്ട്. അവര്‍ ഭംഗിയായി നോക്കിക്കൊള്ളും.

മത്സ്യത്തൊഴിലാളികള്‍ നടത്തി വരുന്ന സമരത്തിന്റെ ലക്ഷ്യം അവരുടെ ജീവിത സുരക്ഷിതത്വം ഒന്നു മാത്രമാണെന്ന് അറിയാമെന്നിരിക്കെ അതിനെ തുറമുഖ വിരുദ്ധ സമരമെന്നും ദേശവിരുദ്ധ സമരമെന്നും ചാപ്പയടിക്കുന്ന സിപിഎം, ബിജെപി നേതാക്കള്‍ ഒന്നോര്‍ക്കണം. സമരം നടത്തുന്ന മത്സ്യത്തൊഴിലാളികളാരും വിഴിഞ്ഞത്ത് തുറമുഖം വേണ്ട എന്ന് പറഞ്ഞിട്ടില്ല.

അവര്‍ മുന്നോട്ടു വച്ച ഏഴ് ആവശ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തി വച്ച് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നും ആ പഠന സമിതിയില്‍ മത്സ്യത്തൊഴിലാളി പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തണം എന്നുമായിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കാതെ മത്സ്യത്തൊഴിലാളികളെ ദേശ വിരുദ്ധരായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ പ്രശ്‌ന പരിഹാരത്തിന് ഉതകുന്നതല്ല.

പുതിയ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണം നടപ്പാക്കാനെന്ന് സില്‍വര്‍ ലൈന്‍ കേസില്‍ ഹൈക്കോടതി പ്രത്യേകം എടുത്തു പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളി സമൂഹം ഒന്നടങ്കം നടത്തി വരുന്ന സമരത്തോട് സത്യസന്ധമായി പ്രതികരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഇത്തരത്തില്‍ 'ഇരുട്ടു കൊണ്ട് ഓട്ടയടക്കാന്‍' ബിജെപിയും സിപിഎമ്മും ഒരുമിച്ച് എത്രവട്ടം കൈ കോര്‍ത്താലും എന്തെല്ലാം കുപ്രചാരണങ്ങള്‍ അഴിച്ചു വിട്ടാലും മത്സ്യത്തൊഴിലാളികള്‍ ഭയന്ന് പിന്മാറുമെന്ന് കരുതേണ്ട. കാരണം അവര്‍ ചോര നീരാക്കി കുടുംബം പോറ്റുന്ന കടലിന്റെ മക്കളാണ്... നേരും നെറിവും ഉള്ളവരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.