ഷാ‍ർജ അന്താരാഷ്ട്ര പുസ്തകോത്സവം, ആദ്യദിനമെത്തിയത് ആയിരങ്ങള്‍

ഷാ‍ർജ അന്താരാഷ്ട്ര പുസ്തകോത്സവം, ആദ്യദിനമെത്തിയത് ആയിരങ്ങള്‍

ഷാർജ : വായനയുടെ ലോകത്തേക്ക് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം വാതിലുകള്‍ തുറന്നപ്പോള്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഷാ‍ർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തത്. ബുധനാഴ്ച രാവിലെ മുതല്‍ തന്നെ എക്സ്പോ സെന്‍ററിലേക്ക് സന്ദർശകർക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ പൂർണമായും നീക്കിയതിന് ശേഷമെത്തുന്ന ആദ്യപുസ്തകോത്സവം കൂടിയാണ് ഇത്തവണത്തേത്. വാക്കുകള്‍ പരക്കട്ടെയുളളതാണ് ആപ്തവാക്യം.95 രാജ്യങ്ങളില്‍ നിന്നുളള 2213 പ്രസാധകർ പുസ്തകോത്സവത്തിന്‍റെ ഭാഗമാകും.

എല്ലാത്തവണത്തേയും പോലെ ഇത്തവണയും സജീവ സാന്നിദ്ധ്യമായി മലയാളമുണ്ട്. ഇന്ത്യന്‍ പ്രസാധകരുടെ പ്രദർശനം നടക്കുന്നത് എക്സ്പോ സെന്‍ററിന്‍റെ ഏഴാം ഹാളിലാണ്. ഇവിടെ പകുതിയലധികം മലയാള പ്രസാധകരും പുസ്തകങ്ങളുമാണ്. ഹാളിലെ റൈറ്റേഴ്സ് ഫോറത്തിലാണ് പുസ്തകപ്രകാശനം നടക്കുന്നത്. മലയാളത്തില്‍ നിന്ന് പ്രമുഖ എഴുത്തുകാരും സാമൂഹിക -സാംസ്കാരിക പ്രവർത്തകരും സജീവസാന്നിദ്ധ്യമായി ഇത്തവണയുമുണ്ട്. സിനിമാ പ്രവർത്തകരായ നാദിർഷ, കോട്ടയം നസീർ,ബാലചന്ദ്രമേനോന്‍ എന്നിവരുടെ സാന്നിദ്ധ്യവും ആദ്യദിനം തന്നെ ശ്രദ്ധിക്കപ്പെട്ടു. നടന്‍ ജയസൂര്യയും സംവിധായകന്‍ പ്രജേഷ് സെന്നും എഴുത്തുകാരായ സിവി ബാലകൃഷ്ണനും, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവും, പ്രഭാഷകന്‍ സുനില്‍ പി ഇളയിടവുമൊക്കെ വരും ദിവസങ്ങളില്‍ വേദിയിലെത്തും.

ഓരോ വർഷവും പുതിയ എഴുത്തുകാരുടേത് ഉള്‍പ്പടെ നിരവധി പുസ്തകങ്ങളാണ് പ്രകാശിതമാകാറുളളത്. ഇത്തവണയും അതിന് മാറ്റമൊന്നുമില്ല. ആദ്യദിനം തന്നെ 20 ഓളം മലയാള പുസ്തകങ്ങള്‍ പ്രകാശനം ചെയ്യപ്പെട്ടു. ഈ വർഷം 350 ഓളം പുസ്തകങ്ങളാണ് പ്രകാശനത്തിനായി രജിസ്ട്രർ ചെയ്തിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.