ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വെല്ലുവിളിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെങ്കിൽ താൻ ഇടപെടുമെന്ന് ഗവർണർ പറഞ്ഞു. അക്കാര്യം അന്വേഷിക്കേണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചു. നാളെ കേരളത്തിൽ തിരിച്ചെത്താനിരിക്കെയാണ് ഗവർണർ നിലപാട് വ്യക്തമാക്കിയത്.
സർവകലാശാലകളിൽ സ്വന്തക്കാരെ നിയമിച്ചിട്ടുണ്ടെങ്കിൽ അതിലും ഇടപെടുമെന്നും ഗവർണർ വ്യക്തമാക്കി. എല്ലാ നിയമവിരുദ്ധ നടപടികളിലും മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെടുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. താൻ ആർഎസ്എസിന്റെ നോമിനിയാണെന്ന ആരോപണങ്ങളെ ഗവർണർ തള്ളിക്കളഞ്ഞു.
രാജ്ഭവൻ ഇടപെട്ട് ഒരു രാഷ്ട്രീയ നിയമനം പോലും നടത്തിയിട്ടില്ലെന്ന് ഗവർണർ അവകാശപ്പെട്ടു. ആർഎസ്എസ് നോമിനി പോയിട്ട് സ്വന്തം ആളെ പോലും താൻ നിയമിച്ചിട്ടില്ല. അനാവശ്യ നിയമനങ്ങൾ നടത്തിയെന്ന് തെളിയിച്ചാൽ ഗവർണർസ്ഥാനം രാജിവയ്ക്കുമെന്നും ഗവർണർ വ്യക്തമാക്കി. തെളിയിക്കാനായില്ലെങ്കിൽ മുഖ്യമന്ത്രി രാജി വയ്ക്കുമോയെന്നും ഗവർണർ ചോദിച്ചു.
കേരളത്തിലെ ഒമ്പത് യൂനിവേഴ്സിറ്റികളുടെ വൈസ് ചാൻസിലർമാരുടെ കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വി.സിമാരുടെ വിശദീകരണം ലഭിച്ചിട്ടില്ല. വി.സിമാർക്ക് നേരിട്ട് കാണാൻ നവംബർ ഏഴ് വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വി.സിമാരുടെ ശമ്പളം പിടിക്കുന്നതിലും തീരുമാനമായിട്ടില്ല. അനാവശ്യമായി താൻ ഇടപെടൽ നടത്തിയതിന് മുഖ്യമന്ത്രി തെളിവ് നൽകട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
കൂടാതെ ധനമന്ത്രിയെ പുറത്താക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഗവർണർ പറഞ്ഞു. മന്ത്രി പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ജനത്തെ അറിയിക്കുകയാണ് ചെയ്തത്. മന്ത്രിയിൽ തനിക്കുള്ള അപ്രീതിയാണ് വ്യക്തമാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.
ഗവർണർ സമാന്തര സർക്കാരാകാൻ ശ്രമിക്കുകയാണെന്നും കേരളത്തിൽ കേന്ദ്ര ഇടപെടലിനുള്ള അന്തരീക്ഷം ഒരുക്കാനാണു നോക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ആരോപിച്ചിരുന്നു. നിയമനിർമാണ സഭയ്ക്കു മേലുള്ള ഒരു കടന്നുകയറ്റവും അനുവദിക്കില്ല. മന്ത്രിസഭയുടെ ഉപദേശപ്രകാരമാണു ഗവർണർ പ്രവർത്തിക്കേണ്ടത്.
ഗവർണർമാർ സാധാരണ സജീവ രാഷ്ട്രീയത്തിൽ ഇടപെടാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇവിടെ രാജ്ഭവനിൽ പത്രസമ്മേളനം നടത്തുന്നു. മന്ത്രിയെ പിരിച്ചുവിടാൻ പറയുന്നു. പൊലീസ് മേധാവിക്കു നിർദേശം നൽകുന്നു. അതിനെല്ലാം ഇവിടെ സർക്കാരുണ്ട്. എന്നാൽ താനാണ് ഇതൊക്കെ ചെയ്യേണ്ട സർവാധികാരിയെന്നു ഗവർണർ കരുതിയാൽ അതു മനസ്സിലിരുന്നാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.