തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ തുടരന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം. കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും തൊണ്ടിമുതലുകൾ കണ്ടെത്തിയതും തമിഴ്നാട് അതിർത്തിയിലാണ്. അതിനാൽ ഭാവിയിൽ പ്രതി പോലീസ് അന്വേഷണത്തിന്റെ അധികാരപരിധി ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് കേസ് തമിഴ്നാടിന് കൈമാറുന്നതാണ് ഉചിതമെന്ന് റൂറൽ എസ്‍പിക്ക് നിയമോപദേശം ലഭിച്ചത്.
കേസ് അന്വേഷണം തമിഴ്നാട് പോലീസിന് കൈമാറണമെന്ന നിയമോപദേശം റൂറൽ എസ്‍പി ഡിജിപിക്ക് നൽകും. മറ്റൊരു സംസ്ഥാനത്തേക്ക് കേസ് കൈമാറാനുളള തീരുമാനമെടുക്കേണ്ടത് ആഭ്യന്തര സെക്രട്ടറിയാണ്. കേസ് കൈമാറുന്നതിൽ മുഖ്യമന്ത്രിയുമായി ഡിജിപിയുമായി ചർച്ച നടത്തും. അതിന് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.
കേസിലെ മുഖ്യ പ്രതി ഗ്രീഷ്മയുടെ വീട് കന്യാകുമാരിയിലെ രാമവര്‍മന്‍ചിറയിലാണ്. തമിഴ്നാട് പോലീസിന്റെ പളുഗൽ സ്റ്റേഷൻ പരിധിയിലാണ് ഈ പ്രദേശം. ഗ്രീഷ്മയുടെ വീട്ടിൽവെച്ചാണ് ഷാരോണിന് കഷായത്തിൽ കലർത്തി കീടനാശിനി നൽകിയത്. തുടർന്ന് ശാരീരിക അസ്വസ്ഥതകളനുഭവപ്പെട്ട യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുമ്പോഴാണ് മരണപ്പെടുന്നത്. കൃത്യം നടന്ന സ്ഥലത്തിന്റെ പരിധിയിലുള്ള പോലീസ് സ്റ്റേഷന് കേസ് കൈമാറുന്നതാണ് നിലവിലുള്ള രീതി. ഇത് കൂടി കണക്കിലെടുത്താണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.
അതേസമയം കഷായത്തിൽ വിഷം കലർത്തി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ ഗ്രീഷ്മയ്ക്ക് അമ്മയുടെയും അമ്മാവന്റെയും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. കേസിൽ തെളിവ് നശിപ്പിച്ച കുറ്റമാണ് നിലവിൽ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെതിരെയും അമ്മാവൻ നിർമ്മൽ കുമാറിനെതിരെയും ചുമത്തിയിരിക്കുന്നത്. ഇരുവരെയും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം ഇന്ന് അപേക്ഷ നൽകും . നെയ്യാറ്റിൻകര കോടതിയിലാണ് അപേക്ഷ സമർപ്പിക്കുക.
ജീവനൊടുക്കാൻ ശ്രമിച്ച ഗ്രീഷ്മ ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുകയാണ്. യുവതി അപകടനില തരണം ചെയ്തുവെങ്കിലും ഉടൻ ഡിസ്ചാർജ് ചെയ്യില്ല. മെഡിക്കൽ കോളേജിലെ പോലീസ് സെല്ലിലേക്ക് ഗ്രീഷ്മയെ വൈകാതെ മാറ്റിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ആരോഗ്യസ്ഥിതി തൃപ്തികരമെന്ന ഡോക്ടർമാരുടെ അഭിപ്രായം ലഭിച്ചാൽ ഗ്രീഷ്മയെയും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.
അതിനുശേഷം ഗ്രീഷ്മയെയും അവരുടെ അമ്മയെയും അമ്മാവനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. ഷാരോണ്‍ വധക്കേസില്‍ കഴിഞ്ഞ ദിവസമാണ് ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഗ്രീഷ്മയുടെ അച്ഛനും ബന്ധുവായ യുവതിക്കും കൊലപാതകത്തിലോ തെളിവ് നശിപ്പിക്കലിലോ പങ്കില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
അതേസമയം പ്രതി ഗ്രീഷ്മയുടെ വീട്ടിൽ ഇന്നലെ അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. യുവതിയുടെ അമ്മയേയും അമ്മാവനെയും സ്ഥലത്ത് എത്തിച്ചായിരുന്നു പരിശോധന. ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് ലഭിച്ച കീടനാശിനിയുടെ ലേബല്‍ ക്യാപിക്യൂവിന്റേതല്ലെന്ന് പോലീസ് കണ്ടെത്തി. മറ്റൊരു കീടനാശിനിയുടെ ലേബലാണ് കണ്ടെത്തിയത്. കഷായത്തില്‍ മറ്റ് കീടനാശിനികള്‍ ഉപയോഗിച്ചോയെന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. ഗ്രീഷ്മയുടെ വീട് നിലവിൽ പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്.
അതിനിടെ പാറശാല പൊലീസിന്റെ വീഴ്ച മറയ്ക്കാൻ ഓഡിയോ സന്ദേശം പ്രചരിപ്പിച്ച സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷാരോൺ രാജിന്റെ കുടുംബം രംഗത്തെത്തി. കുടുംബത്തിനെതിരെ ആരോപണം ഉന്നയിക്കുന്ന സിഐ ഹേമന്ത് കുമാറിന്റെ ശബ്ദരേഖ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയക്കുന്നതായി ഷാരോണിന്റെ പിതാവ് ജയരാജ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.