ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി: പോളിങ് ഡിസംബര്‍ ഒന്നിനും അഞ്ചിനും; വോട്ടെണ്ണല്‍ ഹിമാചലിനൊപ്പം എട്ടിന്

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി: പോളിങ് ഡിസംബര്‍ ഒന്നിനും അഞ്ചിനും; വോട്ടെണ്ണല്‍ ഹിമാചലിനൊപ്പം എട്ടിന്

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഡിസംബർ ഒന്ന്, അഞ്ച് ദിവസങ്ങളിൽ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. ഡിസംബർ എട്ടിന് ഫലം പ്രഖ്യാപിക്കുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഹിമാചലിലും വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിനാണ്.

രണ്ട് ഘട്ടമായി 182 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ 89 മണ്ഡലങ്ങളിലേക്കും രണ്ടാം ഘട്ടത്തിൽ 93 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും. ആദ്യഘട്ട തിരഞ്ഞെടുപ്പിനുളള വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ മാസം അഞ്ചിന് രണ്ടാം ഘട്ടത്തിലേക്കുളള വിജ്ഞാപനം പത്തിനും പുറത്തിറക്കും. 3,24,420 കന്നിവോട്ടര്‍ ഉൾപ്പെടെയുള്ള 4.9 കോടി വോട്ടർമാർക്കായി 51,782 പോളിംങ് സ്റ്റേഷനുകൾ സജ്ജമാക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാർ അറിയിച്ചു.

പോളിംങ് സ്റ്റേഷനുകളിൽ 34,000 കേന്ദ്രങ്ങള്‍ പ്രാദേശിക മേഖലകളിലാണ്. 142 മോഡൽ പോളിങ് സ്റ്റേഷനുകളാണുള്ളത്. 1274 പോളിംഗ് സ്റ്റേഷനുകളിൽ സ്ത്രീകളെ മാത്രം വിന്യസിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷർ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി 160 കമ്പനി കേന്ദ്ര സായുധ പോലീസ് സേനയെ കേന്ദ്രം സംസ്ഥാനത്തേക്ക് വിന്യസിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ നവംബര്‍ 14 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നവംബര്‍ 15 നാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 15 തന്നെയാണ്. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ നവംബര്‍ 17 മുതലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. നവംബര്‍ 18 ന് സൂക്ഷ്മ പരിശോധനയും ഒപ്പം പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയുമാണ്.

വോട്ടർമാരെ ഏതെങ്കിലും സ്ഥാനാർത്ഥിയോ പാർട്ടിയോ സ്വാധീനിച്ചാൽ മൊബൈൽ ഫോണിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് പരാതിപ്പെടാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ 60 മിനിറ്റിനുള്ളിൽ ഒരു സംഘം രൂപീകരിച്ച് 100 മിനിറ്റിനുള്ളിൽ പരാതി പരിഹരിക്കുമെന്നും രാജീവ് കുമാർ വ്യക്തമാക്കി. കൊറോണ രോഗികൾക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ 25 കൊല്ലമായി ബി.ജെ.പി. ഭരിച്ചുകൊണ്ടിരുന്ന സംസ്ഥാനമാണെങ്കിലും ഇത്തവണ ബി.ജെ.പി.ക്ക് വെല്ലുവിളികളേറെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതൃസംസ്ഥാനമായ ഗുജറാത്തിലെ മോർബിയിൽ 135 പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലം ദുരന്തം മുഖ്യ വിഷയമായി ഉയർത്തിയാണ് പ്രതിപക്ഷ പ്രചാരണം. അഴിമതയും കെടുകാര്യസ്ഥതയുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന ആരോപണവുമായി പ്രതിപക്ഷവും സജീവമാണ്.

ഗുജറാത്തിലും വേരുറപ്പിക്കാൻ ശ്രമിക്കുന്ന ആംആദ്മി പാർട്ടി സൃഷ്ടിക്കുന്ന വെല്ലുവിളിയും ബിജെപിക്കു മുന്നിലുണ്ട്. ഈ വർഷമാദ്യം പഞ്ചാബിൽ നേടിയ മിന്നുന്ന വിജയത്തിന്റെ ആവർത്തനമാണ് ആംആദ്മി പാർട്ടി ഗുജറാത്തിലും മോഹിക്കുന്നത്. ശക്തമായ ത്രികോണ പോരാട്ടമാണ് ഗുജറാത്തിൽ രാഷ്ട്രീയ നിരീക്ഷകർ പ്രവചിക്കുന്നത്.

നിലവിലെ നിയമസഭയുടെ കാലാവധി 2023 ഫെബ്രുവരി 18 ന് കഴിയും. സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിനു വേണ്ടത് ആകെ 92 സീറ്റുകളാണ്. 2017ലെ വാശിയേറിയ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 99 സീറ്റുകൾ ലഭിച്ചു. 62 സീറ്റുകളുള്ള കോണ്‍ഗ്രസാണ് രണ്ടാമത്തെ വലിയ കക്ഷി. തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് അംഗങ്ങളിൽ ചിലർ പലപ്പോഴായി ബിജെപിയിലേക്കു ചേക്കേറിയതോടെ നിലവിൽ ബിജെപിക്ക് 111 സീറ്റുകളാണുള്ളത്.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തകർപ്പൻ പ്രപകടനം പുറത്തെടുത്ത കോൺഗ്രസും ഇത്തവണ പ്രതീക്ഷയിലാണ്. സമീപകാലത്ത് കോൺഗ്രസിന്റെ ഏറ്റവും മികച്ച പ്രകടനമാണ് തിരഞ്ഞെടുപ്പിൽ ഉണ്ടായതെങ്കിലും, ബിജെപി അധികാരം നിലനിർത്തുകയായിരുന്നു. ആംആദ്മി പാർട്ടിയെയും അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിനെയും ബിജെപിയുടെ ‘ബി ടീമാ’യി വിശേഷിപ്പിച്ചാണ് കോൺഗ്രസിന്റെ പ്രചാരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.