ഷാരോണിന്റെ കൊലപാതകം: അന്വേഷണം തമിഴ്നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് കുടുംബം

ഷാരോണിന്റെ കൊലപാതകം: അന്വേഷണം തമിഴ്നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് കുടുംബം

തിരുവനന്തപുരം: പാറശാലയിലെ ഷാരോണ്‍ കൊലപാതകക്കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുനല്‍കിയതായി ഷാരോണിന്റെ കുടുംബം. കേസ് കേരള പൊലീസ് തന്നെ അന്വേഷിക്കുമെന്നും നിലവിലെ അന്വേഷണത്തില്‍ തൃപ്തരാണെന്നും കുടുംബം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഷാരോണിന്റെ പിതാവ് ജയരാജനാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

കേസ് അന്വേഷണം തമിഴ്‌നാട് പൊലീസിന് കൈമാറണമെന്ന് റൂറല്‍ എസ്.പിക്ക് നിയമോപദേശം ലഭിച്ചിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും തൊണ്ടിമുതല്‍ കണ്ടെത്തിയതും തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നാണ്. ഇതിനാല്‍ കേസ് തമിഴ്‌നാട് പൊലീസിന് കൈമാറണമെന്നായിരുന്നു നിയമോപദേശം. ഈ നിയമോപദേശത്തിൻമേൽ ആഭ്യന്തര സെക്രട്ടറി തീരുമാനമെടുക്കാനിരിക്കെയാണ് കൊല്ലപ്പെട്ട ഷാരോണിന്റെ കുടുംബം ഇതിനെതിരെ പരാതി നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത്.

കേരളാ പൊലീസ് തന്നെ കേസ് തുടർന്നും അന്വേഷിക്കണം എന്നതായിരുന്നു ആവശ്യം. മുഖ്യമന്ത്രി സ്ഥലത്തില്ലായിരുന്നു. തുടർന്ന് കേസ് തമിഴ്നാട്ടിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് സെക്രട്ടറിക്ക് പരാതി നല്‍കി. കേസ് മാറ്റില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും ഷാരോണിന്റെ പിതാവ് ജയരാജന്‍ പറഞ്ഞു.

കേസിന്റെ അധികാരപരിധി സംബന്ധിച്ച് ചില സംശയങ്ങൾ കേരള പൊലീസിന് ഉണ്ടായിരുന്നു. നിയമപ്രകാരം ഒരു കുറ്റകൃത്യം നടന്ന സ്ഥലത്തോ കുറ്റകൃത്യത്തിന്റെ അനന്തരഫലമുണ്ടായ സ്ഥലത്തോ അന്വേഷണം നടത്താമെന്ന് വ്യവസ്ഥയുണ്ട്. ഷാരോണിന് വിഷം നല്‍കിയത് തമിഴ്നാട്ടിലെ ഗ്രീഷ്മയുടെ വീട്ടില്‍വെച്ചാണെങ്കിലും മരണം സംഭവിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു.

ഷാരോണ്‍ വധക്കേസിലെ പ്രതികളെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാൻ ജില്ലാ ക്രൈംബ്രാഞ്ച് ഒരുങ്ങുമ്പോഴാണ് നിയമോപദേശം ലഭിച്ചത്. കുറ്റപത്രം നൽകി വിചാരണയിലേക്ക് പോകുമ്പോള്‍ അന്വേഷണ പരിധി പ്രതികൾ ചോദ്യം ചെയ്താൽ കേസിനെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ തുടരന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്നായിരുന്നു ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ നിയമോപദേശം.

ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളോജ് ആശുപത്രിയിലായതിനാൽ കേസ് കൈമാറേണ്ട ആവശ്യമില്ലെന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.അസഫലി അടക്കമുള്ള ഒരു വിഭാഗം നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് കൈമാറുന്നതിൽ പ്രതിഭാഗത്തിന്റെ വാദവും നിർണായകമാണെന്നും നിയമോപദേശത്തിൽ പറയുന്നു. നിയമോപദശം ഡിജിപി പരിശോധിച്ച ശേഷമായിരിക്കും സർക്കാരിനെ അഭിപ്രായം അറിയിക്കുക. മറ്റൊരു സംസ്ഥാനത്തേക്ക് കേസ് മാറ്റണമെങ്കിൽ ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കേണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.