വീണ്ടും ഗവര്‍ണര്‍: വിദേശയാത്ര പോയത് അറിയിച്ചില്ല; മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്ത്

വീണ്ടും ഗവര്‍ണര്‍: വിദേശയാത്ര പോയത് അറിയിച്ചില്ല; മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്ത്

തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുതിയ വഴിത്തിരിവിലേക്ക്‌. ഭരണത്തലവനായ തന്നെ അറിയിക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തിയതിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചു. മേലധികാരിയെന്ന നിലയിലാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് പരാതി നല്‍കിയത്. ഇക്കാര്യത്തില്‍ കേന്ദ്ര ഇടപെടലുണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തിന്റെ പകര്‍പ്പും നല്‍കി. 

വിദേശയാത്രയ്ക്കു പോകുന്നതിനുമുമ്പും വന്നശേഷവും സംസ്ഥാനത്തിന്റെ ഭരണത്തലവനെന്ന നിലയ്ക്ക് തന്നെ മുഖ്യമന്ത്രി യാത്രക്കാര്യം അറിയിച്ചില്ല. ഇത് ബിസിനസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ഗവര്‍ണര്‍ കത്തില്‍ പറഞ്ഞു.

വിദേശരാജ്യങ്ങളില്‍ ഔദ്യോഗിക യാത്ര പോകുംമുമ്പ് പ്രധാനമന്ത്രി രാഷ്ട്രപതിയെയും മുഖ്യമന്ത്രിമാര്‍ ഗവര്‍ണര്‍മാരെയും കാര്യങ്ങള്‍ നേരിട്ടെത്തി ധരിപ്പിക്കാറുണ്ട്. നടത്താന്‍ പോകുന്ന പ്രധാന ചര്‍ച്ചകളെയും മറ്റും പറ്റിയാണ് ഇത്തരത്തില്‍ ഭരണത്തലവന്മാരെ ധരിപ്പിക്കുക. പോയിവന്നശേഷം യാത്രയുടെ ഫലത്തെക്കുറിച്ചും അറിയിക്കും.

എന്നാല്‍, ഒക്ടോബര്‍ മൂന്നു മുതല്‍ 13 വരെയുള്ള മുഖ്യമന്ത്രിയുടെ പത്തുദിവസം നീണ്ട യാത്രയും നാലുരാജ്യങ്ങള്‍ സന്ദര്‍ശിച്ചതും അവിടെ നടന്ന ഔദ്യോഗിക ചര്‍ച്ചകള്‍ സംബന്ധിച്ചും വിവരങ്ങള്‍ ഗവര്‍ണറെ ധരിപ്പിച്ചില്ല. മന്ത്രിമാരായ വി. ശിവന്‍കുട്ടി, പി. രാജീവ്, വീണാ ജോര്‍ജ്, വി. അബ്ദുറഹ്‌മാന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം പല രാജ്യങ്ങളിലായി ഔദ്യോഗിക യാത്ര നടത്തി. ഇവരാരും തന്നെ ഔദ്യോഗികമായി യാത്രയുടെ കാര്യം അറിയിച്ചിരുന്നില്ലെന്നാണ് കത്തിലുള്ളത്.

ഗവര്‍ണറുടെ കത്ത് കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായെടുക്കുമെന്നാണ് സൂചന. ഗവര്‍ണറുടെ കത്തിനെക്കുറിച്ച് രാഷ്ട്രപതി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അഭിപ്രായം തേടും. ഗവര്‍ണര്‍മാരുടെ കാര്യങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റ കീഴിലായതിനാല്‍ അവിടെ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടി.

ഔദ്യോഗിക വിദേശയാത്രകള്‍ സംബന്ധിച്ച് ഗവര്‍ണറെ അറിയിക്കുന്നതാണ് കീഴ് വഴക്കമെങ്കിലും ഇപ്രാവശ്യം സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ സര്‍വകലാശാലാ വി.സി. നിയമനപ്രശ്‌നത്തില്‍ കടുത്ത ഏറ്റുമുട്ടലിലായിരുന്നു. അതുകൊണ്ടുതന്നെ ഗവര്‍ണറെ രാജ്ഭവനില്‍ ചെന്ന് കാണുന്ന കീഴ് വഴക്കം മുഖ്യമന്ത്രി പാലിച്ചില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.