'ചവിട്ടിയത് ഞാനല്ലല്ലോ'; കാറില്‍ ചാരി നിന്ന ബാലനെ തൊഴിച്ച് തെറിപ്പിച്ച സംഭവത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പ്രതികരണം

'ചവിട്ടിയത് ഞാനല്ലല്ലോ'; കാറില്‍ ചാരി നിന്ന ബാലനെ തൊഴിച്ച് തെറിപ്പിച്ച സംഭവത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പ്രതികരണം

തിരുവനന്തപുരം: കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ക്രൂരമായി തൊഴിച്ച് തെറിപ്പിച്ച സംഭവത്തെ ഗൗരവമായെടുക്കാതെ സ്ഥലം എംഎല്‍എ കൂടിയായ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പ്രതികരണം.

സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടും പ്രതിക്കെതിരെ പൊലീസ് കേസെടുക്കാത്തതിനെപ്പറ്റി മാധ്യമ പ്രവര്‍ത്തര്‍ ചോദിച്ചപ്പോഴാണ് 'ചവിട്ടിയത് ഞാനല്ല, നിങ്ങളുടെ ചോദ്യം കേട്ടാല്‍ ഞാന്‍ ചെയ്തതു പോലെയാണല്ലോ തോന്നുക' എന്ന് ഷംസീര്‍ പ്രതികരിച്ചത്.

തലശേരിയില്‍ തിരക്കേറിയ റോഡില്‍ വച്ചാണ് കാറില്‍ ചാരി നിന്ന കുട്ടിക്കു നേരെ യുവാവിന്റെ അതിക്രമമുണ്ടായത്. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദാണ് (20) കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചത്. കുട്ടിയുടെ നടുവിന് നേരെ ഇയാള്‍ ചവിട്ടുകയായിരുന്നു.

റോഡില്‍ തെറ്റായ ദിശയില്‍ വണ്ടി നിര്‍ത്തിയിട്ട ശേഷമാണ് ഇയാള്‍ അക്രമം നടത്തിയത്. ഒരു വിവാഹ ആവശ്യത്തിനായി കുടുംബത്തോടൊപ്പം എത്തിയ ശിഹ്ഷാദ് വണ്ടി നിര്‍ത്തിയ സമയം രാജസ്ഥാന്‍ സ്വദേശികളുടെ മകനായ ഗണേഷ് എന്ന ആറ് വയസുകാരന്‍ കാറില്‍ ചാരി നിന്നു. ഇത് ഇഷ്ടപ്പെടാതെയാണ് കുട്ടിയെ ചവിട്ടിയത്.

കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് ഇയാള്‍ പറയുന്നത്. കണ്ടുനിന്നവരില്‍ ചിലര്‍ ഉടനെത്തി ശിഹ്ഷാദിനെ ചോദ്യം ചെയ്തു. എന്നാല്‍ ഇവരോട് തര്‍ക്കിച്ച ശേഷം സ്ഥലംവിട്ട ഇയാള്‍ക്കെതിരെ അപ്പോള്‍ പൊലീസ് നടപടിയെടുത്തില്ല എന്ന് പരാതിയുണ്ട്.

മണിക്കൂറുകള്‍ക്ക് ശേഷം ഇയാളെ വിളിച്ച് വരുത്തി കാര്യം തിരക്കുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവം വിവാദമായതോടെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് രാഷ്ട്രീയ സ്വാധീനം ഉള്ളതിനാലാണ് നടപടി സ്വീകരിക്കാന്‍ വൈകിയതെന്നാണ് ആരോപണം.

ചവിട്ടേറ്റ ബാലന് നടുവിന് ഗുരുതര പരിക്കുണ്ട്. കുട്ടിയെ ദൃക്സാക്ഷികളില്‍ ചിലര്‍ ആശുപത്രിയിലെത്തിച്ചു. അതേസമയം സംഭവം ശ്രദ്ധയില്‍പെട്ടതായും പ്രശ്നത്തില്‍ ഇടപെടുമെന്നും ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് കുമാര്‍ പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.