'എല്ലാവർക്കും വിദ്യാഭ്യാസം'; മെസി ബൈജൂസ് അംബാസഡര്‍: കമ്പനിയുമായി കരാര്‍ ഒപ്പിട്ടു

'എല്ലാവർക്കും വിദ്യാഭ്യാസം'; മെസി ബൈജൂസ് അംബാസഡര്‍: കമ്പനിയുമായി കരാര്‍ ഒപ്പിട്ടു

ന്യൂഡൽഹി: എഡ്യുക്കേഷൻ ടെക്ക് കമ്പനിയായ ബൈജൂസിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡറായി അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. ബൈജൂസുമായി മെസി കരാറിൽ ഒപ്പുവെച്ചു. 'എല്ലാവർക്കും വിദ്യാഭ്യാസം' എന്ന ബൈജൂസിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ അംബാസഡര്‍ എന്ന നിലയില്‍ ഇനി മെസി പ്രവര്‍ത്തിക്കും.

ബൈജൂസിന്റെ ജഴ്സി ധരിച്ച് ഖത്തർ ലോകകപ്പിന് ഉപയോഗിക്കുന്ന അൽ രിഹ്ല പന്തും പിടിച്ച് നിൽക്കുന്ന മെസിയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ബൈജൂസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കമ്പനി കാല്‍പ്പന്ത് ലോകത്തെ ബിഗ് ഫിഷുമായി കൈകോര്‍ത്തിരിക്കുന്നത്.

ബൈജൂസിന്റെ എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ആശയത്തോട് വലിയ താല്‍പര്യമുണ്ടെന്ന് മെസി പ്രതികരിച്ചു. വിദ്യാഭ്യാസത്തിലൂടെ മുന്നേറാന്‍ കുട്ടികള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ബൈജൂസ് മെസിയെ ബ്രാൻഡ് അംബാസിഡറായി നിയമിച്ചുകൊണ്ട് സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക സ്പോൺസർമാർ കൂടിയാണ് ബൈജൂസ് ലേണിങ് ആപ്പ്. മെസിയെ പോലുള്ള താരത്തെ അംബാസിഡറായി അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് കമ്പനി അറിയിച്ചു.

താഴ്ന്നനിലയിൽ നിന്നും ഉയർന്നുവന്ന താരമാണ് മെസി. ബൈജൂസിന്റെ എജ്യുക്കേഷൻ ഫോർ ആൾ എന്ന ക്യാമ്പയിന്റെ ബ്രാൻഡ് അംബാസിഡറാകാൻ മെസിയല്ലാതെ മറ്റൊരുമില്ലെന്ന് ബൈജൂസ് സഹ സ്ഥാപക ദിവ്യ ഗോകുൽനാഥ് പറഞ്ഞു. പദ്ധതി 5.5 ദശലക്ഷത്തോളം കുട്ടികളെയാണ് നിലവിൽ ശാക്തീകരിക്കുക. ലോകത്തിലെ ഏറ്റവും മഹാനായ കളിക്കാരിൽ ഒരാളാണ് മെസി. അദ്ദേഹവുമായുള്ള കൂട്ടുകെട്ട് ലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കും. വലിയ സ്വപ്നങ്ങൾ കാണാനും അതിനായി പഠിക്കാനും അതവർക്ക് പ്രചോദനം നൽകുമെന്നും ദിവ്യ ഗോകുൽനാഥ് കൂട്ടിച്ചേർത്തു.

ഫുട്‌ബോളിന് ലോകമെമ്പാടും ഏകദേശം 3.5 ബില്യൺ ആരാധകരുള്ളതിനാൽ ബൈജൂസും മെസിയുമായുള്ള കരാർ സ്ഥാപനത്തിന്റെ സാധ്യത വർദ്ധിപ്പിക്കും. ലയണൽ മെസിക്ക് ഏകദേശം 450 ദശലക്ഷത്തിലധികം സോഷ്യൽ മീഡിയ ഫോളോവേഴ്‌സ് ഉണ്ട്. അതേസമയം എത്രകാലത്തേക്കാണ് കരാര്‍ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

നേരത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരളത്തിലെ ഓഫീസ് പൂട്ടുകയാണെന്നും ജീവനക്കാരോട് ബെംഗളൂരു ഓഫീസിലേക്ക് മാറാനും ബൈജൂസ് നിര്‍ദേശിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചർച്ചകൾക്ക് ശേഷം ഈ തീരുമാനത്തിൽ നിന്നും ബൈജൂസ്‌ പിന്മാറുകയായിരുന്നു.

തുടർന്ന് കേരളം തല്‍ക്കാലം വിടുന്നില്ലെന്നും സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനാണ് ഉദേശിക്കുന്നതെന്നും ബൈജൂസ് വ്യക്തമാക്കി. സംസ്ഥാനത്തെ 11 ബൈജൂസ് സ്ഥാപനങ്ങളിലെ മൂവായിരത്തിലേറെ ജീവനക്കാരില്‍ 140 പേരെ ബംഗളൂരുവിലേക്ക് സ്ഥലം മാറ്റാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ മൂന്ന് ഓഫീസുകള്‍ കൂടി കേരളത്തില്‍ ആരംഭിക്കും. ഇതോടെ ആകെയുള്ള ഓഫീസുകളുടെ എണ്ണം 14 ആകും. 600 പുതിയ തൊഴിലവസരങ്ങള്‍ കൂടി ലഭ്യമാകുന്നതോടെ ജീവനക്കാരുടെ എണ്ണം 3600 ആയി ഉയരുമെന്നും കമ്പനി അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.