പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടു വരും: കേരളം സുപ്രീം കോടതിയില്‍

പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടു വരും: കേരളം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഭൂപതിവ് നിയമ പ്രകാരം നല്‍കിയ പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രധാന പ്രഖ്യാപനം സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചത്.

എന്നാല്‍ നിലപാട് സത്യവാങ് മൂലം ആയി ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കാര്‍ഷിക ആവശ്യങ്ങള്‍ക്കും വീട് വയ്ക്കാനും ആയി നല്‍കുന്ന പട്ടയ ഭൂമികള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് എങ്ങനെ കൈമാറാന്‍ കഴിയുമെന്ന് സുപ്രീം കോടതി വാക്കാല്‍ ആരാഞ്ഞു.

ഭൂപതിവ് നിയമ പ്രകാരം സര്‍ക്കാര്‍ പട്ടയം നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ക്വാറി ഉള്‍പ്പടെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പട്ടയ ഭൂമി തിരിച്ചെടുക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ക്വാറി ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കാര്‍ഷിക ഭൂമി ഒഴികെയുള്ള പട്ടയ ഭൂമികള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരും എന്ന സൂചനയാണ് സര്‍ക്കാര്‍ സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ ശശി സുപ്രീം കോടതിയില്‍ നല്‍കിയത്.

എല്ലാ പട്ടയ ഭൂമിയും ഒരു പോലെ കണക്കാക്കാന്‍ കഴിയില്ലെന്ന് ക്വാറി ഉടമകള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകരായ കെ.വി വിശ്വനാഥന്‍, വി. ഗിരി എന്നിവര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ക്വാറി ഉടമകളും തമ്മില്‍ ഒത്തു കളിക്കുകയാണെന്ന് പരിസ്ഥിതി വാദികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷാകന്‍ പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സത്യവാങ്മൂലമായി അറിയിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍തിയത്.

ക്വാറി ഉടമകള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ കെ വി വിശ്വനാഥന്‍, വി ഗിരി അഭിഭാഷകരായ ഇ.എം.എസ് അനാം, എം.കെ .എസ് മേനോന്‍, ഉഷ നന്ദിനി, മുഹമ്മദ് സാദിഖ് എന്നിവര്‍ ഹാജരായി. പരിസ്ഥിതി വാദികള്‍ക്ക് വേണ്ടി അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ജെയിംസ് ടി തോമസ് എന്നിവരും ഹാജരായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.