ഇരുപത്തൊന്ന് ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ എട്ട് ഭ്രൂണങ്ങള്‍; അത്യപൂര്‍വം, അഞ്ച് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കാവുന്നത്

ഇരുപത്തൊന്ന് ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ എട്ട് ഭ്രൂണങ്ങള്‍; അത്യപൂര്‍വം, അഞ്ച് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കാവുന്നത്

റാഞ്ചി: ഇരുപത്തൊന്നു ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ വയറ്റില്‍ എട്ട് ഭ്രൂണങ്ങള്‍ കണ്ടെത്തി. മൂന്ന് മുതല്‍ അഞ്ച് സെന്റിമീറ്റര്‍ വരെ വലിപ്പമുള്ളതാണ് ഭ്രൂണങ്ങള്‍. ഝാര്‍ഖണ്ഡിലെ രാംഗഢിലാണ് അപൂര്‍വ്വമായ ഈ സംഭവം.

വയറിനുള്ളില്‍ സിസ്റ്റ് പോലെ കെട്ടിക്കിടന്ന ഈ ഭ്രൂണങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഭ്രൂണത്തിനുള്ളില്‍ ഭ്രൂണം (എഫ്.ഐ.എഫ്) എന്ന അപൂര്‍വ പ്രതിഭാസമാണിതെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നത്. വൈകല്യമുള്ള ഭ്രൂണം മറ്റൊരു ഭ്രൂണത്തിനുള്ളില്‍ കയറിപ്പറ്റുന്ന അവസ്ഥയാണ് എഫ്.ഐ.എഫ്.

ഇതിന് മുമ്പും നവജാത ശിശുക്കളുടെ വയറ്റില്‍ നിന്ന് ഭ്രൂണം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ എട്ട് ഭ്രൂണങ്ങള്‍ ഉണ്ടാകുന്നത് ആദ്യമായിട്ടെന്നും അഞ്ച് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കാവുന്ന ഒന്നാണിതെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ മുഹമ്മദ് ഇമ്രാന്‍ പറയുന്നു.

രാംഗഢിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഒക്ടോബര്‍ പത്തിനാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ അടിവയറ് വീര്‍ത്തത് ശ്രദ്ധയില്‍പെട്ട ഡോക്ടര്‍മാര്‍ കൂടുതല്‍ പരിശോധന നടത്തുകയായിരുന്നു. ആദ്യ പരിശോധനയില്‍ മുഴ പോലെയുള്ള എന്തോ ഒന്നാണെന്നാണ് ഡോക്ടര്‍മാര്‍ കരുതിയത്.

ഡയഫ്രത്തിന് താഴെയായിരുന്നു ഇത് സ്ഥിതി ചെയ്തിരുന്നത്. തുടര്‍ന്ന് ശസ്ത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചു. കുഞ്ഞിന് 21 ദിവസം പ്രായമാകുന്ന നവംബര്‍ ഒന്നിന് ശസ്ത്രക്രിയയും ചെയ്തു. അതിനിടയിലാണ് വയറ്റിനുള്ളില്‍ എട്ട് ഭ്രൂണങ്ങള്‍ കണ്ടെത്തിയതെന്നും ഡോ. മുഹമ്മദ് ഇമ്രാന്‍ പറഞ്ഞു.

ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഒരാഴ്ച്ചക്കകം ഡിസ്ചാര്‍ജ് ചെയ്യുമെന്നും ഡോക്ടര്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.