പെൻഷൻ പ്രായം വർധിപ്പിച്ച നടപടി: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകി മുഖ്യമന്ത്രി

പെൻഷൻ പ്രായം വർധിപ്പിച്ച നടപടി: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 വയസായി ഉയർത്തിയ നടപടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകി. പെൻഷൻ പ്രായം ഉയർത്തൽ പാർട്ടി നയമല്ലെന്നും അതുകൊണ്ടാണ് ആദ്യം പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ പൊതുചട്ടക്കൂട് തയാറാക്കുന്നതിന്റെ ഭാഗമായി വന്ന തീരുമാനമാണെന്നും പിണറായി വിജയൻ പാർട്ടിയെ ബോധിപ്പിച്ചു.

പെൻഷൻ പ്രായവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ അവസാനിപ്പിക്കാൻ സിപിഎമ്മിനുള്ളിൽ ധാരണയായെന്നാണ് സൂചന. നാളത്തെ സംസ്ഥാന കമ്മിറ്റിക്ക് മുൻപ് വിവാദം അവസാനിപ്പിക്കുകയെന്നത് ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി വിശദീകരണം നൽകിയത്. പാര്‍ട്ടിയില്‍ ആലോചിക്കാതെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം കൂട്ടിയതിലെ കടുത്ത അതൃപ്തി പരസ്യമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പാർട്ടി ഫോറത്തിൽ യാതൊരു കൂടിയാലോചനയും നടന്നിട്ടില്ലെന്നും ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ഉൾപ്പെടെയുള്ള യുവജനസംഘടനകൾ ഉത്തരവിനെ എതിർത്ത് പ്രതിഷേധിച്ചത് തെറ്റല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാർട്ടി സെക്രട്ടറിയായ ശേഷം ആദ്യമായാണ് സർക്കാറിന്റെ തീരുമാനത്തെ എംവി ഗോവിന്ദൻ പരസ്യമായി വിമർശിക്കുന്നത്.

നയപരമായ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഏകപക്ഷീയ തീരുമാനമെടുക്കുന്നത് അംഗീകരിക്കില്ലെന്ന ശക്തമായ സന്ദേശമാണ് എംവി ഗോവിന്ദന്‍ നല്‍കിയത്. പെൻഷൻ പ്രായം ഉയർത്തൽ സർക്കാർ തിരുത്തിയെങ്കിലും പ്രശ്നത്തിൽ കടുത്ത അഭിപ്രായ ഭിന്നതയാണ് പാർട്ടിയിലും സർക്കാറിലും ഇപ്പോഴുമുള്ളത്. ധനവകുപ്പ് മാത്രമല്ല മുഖ്യമന്ത്രിയും കൂടിയാണ് പാർട്ടി സെക്രട്ടറിയുടെ വിമർശനത്തിലൂടെ പ്രതിക്കൂട്ടിലായത്.

കെഎസ്ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി ഒഴികെയുള്ള 122 പൊതുമേഖലസ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഏകീകരിച്ച് 60 വയസാക്കിയായിരുന്നു ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ ഡിവൈഎഫ്‌ഐ അടക്കമുള്ള യുവജന സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തിയതോടെ ഉത്തരവ് മരപ്പിക്കുകയായിരുന്നു.

തുടർന്ന് പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായവർധന പിൻവലിച്ച് ഇന്ന് ധനവകുപ്പ് ഉത്തരവിറക്കി. പെൻഷൻ പ്രായം 60 ലേക്ക് ഉയർത്തിയത് ശക്തമായ പ്രതിഷേധത്തിന് വഴിവെച്ചതോടെയാണ് നടപടി പിൻവലിതും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്ന് പുറത്തിറക്കിയതും.

ഓരോ പൊതുമേഖല സ്ഥാപനത്തിന്റേയും നിലവിലുള്ള സ്ഥിതി വിശദമായി പരിശോധിച്ചതിന് ശേഷം ആവശ്യമായ പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കുന്നതായിരിക്കുമെന്ന് ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഇറക്കിയ ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്. ഓരോ സ്ഥാപനത്തിനും വെവേറെ ഉത്തരവുകൾ ഇറങ്ങുമെന്നാണ് ധനവകുപ്പിന്റെ ഉത്തരവിൽ നിന്ന് വ്യക്തമാകുന്നത്.

ഒക്ടോബർ 26 ലെ സംസ്ഥാന മന്ത്രിസഭാ യോഗമാണ് പെൻഷൻ പ്രായം ഉയർത്താൻ അനുമതി നൽകിയത്. ഒക്ടോബർ 29 ന് ഇത് സംബന്ധിച്ച് ഇറക്കിയ വിവാദ ഉത്തരവിനെതിരെ പ്രതിപക്ഷത്തിന് ഒപ്പം ഇടത് മുന്നണിക്കുള്ളിൽ നിന്നും പ്രതിഷേധമുണ്ടായി. തുടർന്ന് നവംബർ 2 ലെ മന്ത്രിസഭ യോഗത്തിൽ പെൻഷൻ പ്രായം ഉയർത്തിയ ഉത്തരവ് റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.