കേരള ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കുന്നത് പരിഗണനയിൽ: സിപിഎമ്മിൽ ചർച്ചകൾ സജീവം

കേരള ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കുന്നത് പരിഗണനയിൽ: സിപിഎമ്മിൽ ചർച്ചകൾ സജീവം

തിരുവനന്തപുരം: സംസ്ഥാന സർക്കാറിനും സംസ്ഥാനത്തെ സർവകലാശാല വൈസ് ചാൻസിലർമാർക്കുമെതിരെ നിരന്തരം ഏറ്റുമുട്ടുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ യൂണിവേഴ്സിറ്റി ചാൻസലർ സ്ഥാനത്തു നിന്നും നീക്കുന്നത് സി.പി.എം പരിഗണനയിൽ. വിഷയത്തിൽ വെള്ളിയാഴ്ച ചേർന്ന സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിൽ ധാരണയായതായാണ് റിപ്പോർട്ട്.

ഇക്കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സമിതിയിലുണ്ടാകുമെന്നാണ് സൂചന. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുമ്പ് പലതവണ ഉന്നയിച്ചിരുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കുകയെന്ന തീരുമാനവുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് എൽഡിഎഫ്.

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട നിയമനിർമാണത്തിൽ ശ്രദ്ധചെലുത്തുകയാണ് സി.പി.എം. ഇക്കാര്യത്തിൽ നിയമസഭാ സമ്മേളനം വിളിച്ച് ബിൽ അവതരിപ്പിക്കണോ അതോ ഓർഡിനൻസായി കൊണ്ടുവരണോ തുടങ്ങിയ കാര്യങ്ങളിൽ ശനിയാഴ്ച ആരംഭിക്കുന്ന സംസ്ഥാന സമിതിയിൽ എൽഡിഎഫ് വിശദമായി ചർച്ച ചെയ്യും.

സംസ്ഥാനസമിതിയുടെ തീരുമാനത്തിനനുസരിച്ചാകും നിയമനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുക. ഗവർണറുടെ കാര്യത്തിൽ ശക്തമായ ഇടപെടലുകൾ വേണമെന്ന പൊതുവികാരം തീവ്രമായതിനാൽ സർക്കാർ നിയമനിർമാണം കൈക്കൊള്ളാനാണ് സാധ്യത.

വിസിമാരുടെ അടക്കം നിയമനത്തിൽ ചട്ടലംഘനമുണ്ടായെന്നും സ്വന്തക്കാരെ തിരുകിക്കയറ്റാൻ ഭരണ മുന്നണി ശ്രമിച്ചുവെന്നുമുള്ള ആരോപണമാണ് നിലവിൽ ആരിഫ് മുഹമ്മദ് ഖാൻ ശക്തമായി ഉയർത്തുന്നത്. വിസിമാരോട് രാജിയാവശ്യപ്പെട്ട അദ്ദേഹം, തന്റെ നിലപാടുകളെ ചോദ്യംചെയ്ത് പ്രതികരിച്ച മന്ത്രിമാരെയും താക്കീത് ചെയ്തിരുന്നു. മന്ത്രിമാരെ പിൻവലിക്കാൻ താൻ മടിക്കില്ലെന്ന മുന്നറിയിപ്പാണ് ഗവർണർ മന്ത്രിസഭക്കും മുഖ്യമന്ത്രിക്കും നൽകുന്നത്.

കെടിയു വൈസ് ചാൻസലറെ സുപ്രീം കോടതിയിടപെട്ട് പുറത്താക്കിത് ഏറെ നാളായി സർവകലാശാല വിസിമാർക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ടിരുന്ന ഗവർണർക്ക് ഗുണകരമായി. ഇതോടെ ഈ വിധി ചൂണ്ടിക്കാട്ടി മറ്റ് വിസിമാരുടെയും നിമയനങ്ങൾ ചട്ടലംഘനമാണെന്നാണ് ഗവർണർ കോടതിയിൽ അടക്കം ചൂണ്ടിക്കാട്ടാൻ ശ്രമിക്കുന്നത്.

എന്നാൽ ആദ്യഘട്ടത്തിലുടനീളം സംയമനം പാലിച്ച സർക്കാരും ഇടത് മുന്നണിയും, ഗവർണർ കൂടുതൽ കടുപ്പിച്ചതോടെയാണ് പരസ്യമായി പ്രതിഷേധവുമായി രംഗത്തിറങ്ങാൻ തയ്യാറായത്. ഗവർണർ സംഘപരിവാർ രാഷ്ട്രീയവും തന്ത്രങ്ങളും കേരളത്തിലെ സർവകലാശാലകളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെ ഏത് വിധേനെയും തടയുമെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.