ഓസ്റ്റിന്‍: അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്ത് കനത്ത നാശം വിതച്ച് ശക്തമായ ചുഴലിക്കാറ്റ്. വെള്ളിയാഴ്ച്ച വൈകിട്ടോടെയാണ് സംസ്ഥാനത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലൂടെ ചഴലിക്കാറ്റ് കടന്നുപോയത്. പല ഭാഗങ്ങളിലും വീടുകള്‍ നിലംപൊത്തിയത് ഉള്‍പ്പെടെ വ്യാപകമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു.
ചുഴലിക്കാറ്റ് വീശുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെതുടര്‍ന്ന് അടിയന്തര സേവന വിഭാഗങ്ങളോട് തയാറായിരിക്കാന്‍ ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്തുടനീളം കനത്ത മഴ, ഇടി മിന്നല്‍, പെട്ടെന്നുള്ള പ്രളയം, മഞ്ഞുവീഴ്ച്ച എന്നിവയ്ക്കും സാധ്യതയുണ്ടെന്നായിരുന്നു പ്രവചനം.
ചുഴലിക്കാറ്റ് വീശിയടിച്ചതിനെതുടര്‍ന്ന് വാഹനങ്ങളും വീടുകളും തകര്‍ന്ന നിലയില്‍
ഡാളസില്‍ നിന്ന് 80 മൈല്‍ അകലെയുള്ള സള്‍ഫര്‍ സ്പ്രിംഗ്‌സ് നഗരത്തിലൂടെ ചുഴലിക്കാറ്റ് നീങ്ങുന്ന ദൃശ്യങ്ങള്‍ പലരും ട്വിറ്ററിലൂടെ പങ്കുവച്ചു. സള്‍ഫര്‍ സ്പ്രിംഗ്‌സിലെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി അമേരിക്കന്‍ മാധ്യമമായ സിബിഎസ് റിപ്പോര്‍ട്ട് ചെയ്തു. നിരവധി മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
ലാമര്‍ കൗണ്ടിയിലൂടെ കടന്നുപോയ ചുഴലിക്കാറ്റില്‍ 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും 50 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റ 10 പേരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നും അതേസമയം അപകടനില തരണം ചെയ്തതായും പാരീസ് റീജിയണല്‍ മെഡിക്കല്‍ സെന്റര്‍ അറിയിച്ചു.
ഹോപ്വെല്‍, കാവിനസ്, ബീവര്‍ ക്രീക്ക്, പൗഡര്‍ലി എന്നീ മേഖലകളിലൂടെ ചുഴലിക്കാറ്റ് കടന്നുപോയി. പല വീടുകളുടെയും മുന്നില്‍ അവശിഷ്ടങ്ങള്‍ കൂടിക്കിടക്കുകയാണ്. സംസ്ഥാന-പ്രാദേശിക അടിയന്തര സേവന വിഭാഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.
അതേസമയം നാശനഷ്ടങ്ങളുടെ പൂര്‍ണമായ കണക്കെടുപ്പ് ഇപ്പോഴും നടത്തിയിട്ടില്ല. കാലാവസ്ഥാ മുന്നറിയിപ്പ് സംബന്ധിച്ച അപ്‌ഡേറ്റുകള്‍ ടെക്‌സാസിലെ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും സുരക്ഷിതരായിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു. ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ വീഴ്ച്ച കൂടാതെ അനുസരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.