രാജ്യത്തെ ആദ്യ വോട്ടര്‍ ശ്യാം സരണ്‍ നേഗി അന്തരിച്ചു; അവസാനം വോട്ടു ചെയ്തത് രണ്ട് ദിവസം മുമ്പ്

രാജ്യത്തെ ആദ്യ വോട്ടര്‍ ശ്യാം സരണ്‍ നേഗി അന്തരിച്ചു; അവസാനം വോട്ടു ചെയ്തത് രണ്ട് ദിവസം മുമ്പ്

ഷിംല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യാം സരണ്‍ നേഗി (106) അന്തരിച്ചു. ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം അന്തരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു നേഗിയുടെ അന്ത്യം. ഹിമാചൽ പ്രദേശിലെ കിന്നൗർ നിവാസിയായിരുന്നു.

വരാനിരിക്കുന്ന ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനായി നവംബർ രണ്ടിന് അദ്ദേഹം പോസ്റ്റൽ വോട്ടും രേഖപ്പെടുത്തിയിരുന്നു. നേഗിയുടെ സംസ്‌കാര ചടങ്ങുകൾക്കുള്ള ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടം നടത്തി വരികയാണെന്നും ഔദ്യോഗിക ബഹുമതികളോടെ വിട നൽകുമെന്നും കിന്നൗർ കളക്ടർ ആബിദ് ഹുസൈൻ അറിയിച്ചു.

1917 ജൂലൈ ഒന്നിനാണ് നേഗിയുടെ ജനനം. സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തു. രാജ്യത്തെ ബ്രിട്ടീഷ് ഭരണം 1947 ൽ അവസാനിക്കുകയും ഇന്ത്യ സ്വതന്ത്രമാകുകയും ചെയ്ത ശേഷം ആദ്യ പൊതുതിരഞ്ഞെടുപ്പിന്റെ ഭൂരിഭാഗം പോളിങ്ങും നടന്നത് 1952 ഫെബ്രുവരിയിലാണ്. എങ്കിലും ഹിമാചലില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രതികൂല കാലാവസ്ഥ കാരണം അഞ്ച് മാസം മുമ്പ് വോട്ടെടുപ്പ് നടത്തുകയായിരുന്നു.

തുടർന്ന് 1951 ഒക്ടോബർ 25 ന് പ്രഥമ പൊതുതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടന്നു. ഇതോടെ ഹിമാചലിലെ കിന്നൗറില്‍ നിന്നും ആദ്യമായി വോട്ട് രേഖപ്പെടുത്താനുള്ള അവസരം നേഗിയെ തേടിയെത്തുകയായിരുന്നു. പിന്നീടുള്ള ഒരു തിരഞ്ഞെടുപ്പിൽ പോലും അദ്ദേഹം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിട്ടില്ല.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായെങ്കിലും എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്താൻ അദ്ദേഹം പ്രത്യേക താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ഹിന്ദി ചിത്രമായ സനം റേയിലും ശ്യാം ശരൺ നേഗി ഒരു പ്രധാന വേഷം ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.