തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ തമിഴ്നാട്ടിലെ രാമവർമൻചിറയിലുള്ള വീടിന്റെ പൂട്ട് പൊളിച്ച നിലയിൽ. കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരുമായി തെളിവെടുപ്പു നടത്തിയ ശേഷം പൊലീസ് സീൽ ചെയ്ത വീടാണ് അജ്ഞാതൻ തുറന്നത്.
വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത അജ്ഞാതൻ ഉള്ളിൽ കടന്നതായും പോലീസ് സംശയിക്കുന്നുണ്ട്. ഈ വീട്ടിലാണ് കേസില്‍ നിര്‍ണായക തെളിവെടുപ്പ് നടക്കേണ്ടത്. ഗ്രീഷ്മയുമായി ഇവിടെ തെളിവെടുപ്പു നടത്താനിരിക്കെയാണ് സംഭവം. കേരള പൊലീസും തമിഴ്നാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗ്രീഷ്മയുടെ വീട്ടിലേക്ക് പോകും.
മോഷണശ്രമമാണോ തെളിവു നശിപ്പിക്കാൻ ശ്രമിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മയുടെ സഹോദരന്‍ നിർമൽ കുമാറിനെയും വീട്ടിന് പുറകുവശത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിരുന്നു. ഈ തെളിവെടുപ്പിൽ ഷാരോണിന് കഷായത്തില്‍ കലര്‍ത്തി നല്‍കിയ കളനാശിനിയുടെ കുപ്പിയും ഇതിന്റെ ലേബലും കണ്ടെടുത്തിരുന്നു.
എന്നാല്‍ ഗ്രീഷ്മ ഇല്ലാത്തതിനാല്‍ വീട് തുറന്നുള്ള തെളിവെടുപ്പ് നടത്തിയിരുന്നില്ല. തുടര്‍ന്ന് വീട് സീല്‍ ചെയ്ത് ക്രൈംബ്രാഞ്ച് സംഘം മടങ്ങുകയായിരുന്നു. വീടിനുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നില്ല. നാളെ ഗ്രീഷ്മയെയും അമ്മയെയും അമ്മയുടെ സഹോദരനെയും വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് അജ്ഞാതൻ വീടിന്റെ പൂട്ട് പൊളിച്ചത്.
എന്തെല്ലാം സാധനങ്ങൾ നഷ്ടപ്പെട്ടെന്നു പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. വീടിനു കാവൽ ഏർപ്പെടുത്താത്തത് പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണെന്ന് ആരോപണം ഉയർന്നു. തെളിവുകൾ നഷ്ടപ്പെട്ടാൽ കേസിൽ തിരിച്ചടിയുണ്ടാകും.
മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച ഗ്രീഷ്മ അന്ധവിശ്വാസത്തെ തുടർന്ന് മകനെ കൊന്നു എന്ന് ഷാരോണിന്റെ മാതാപിതാക്കൾ ആരോപിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അടക്കം വ്യക്തത വരുത്തിയ ശേഷം മതി തെളിവെടുപ്പെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
ഷാരോണിന്റെ മരണത്തിൽ ഗ്രീഷ്മയുടെ പങ്ക് തെളിഞ്ഞതിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രി വീടിനു നേർക്ക് കല്ലേറുണ്ടായിയിരുന്നു. ഞായറാഴ്ച രാത്രി രണ്ട് മണിയോടെ ആണ് അക്രമം നടന്നത്. കല്ലേറിൽ മുൻവശത്തെ ഏതാനും ജനൽ ചില്ലുകൾ തകർന്നു.
ഗ്രീഷ്മയെയും മാതാപിതാക്കളേയും ചോദ്യം ചെയ്യലിനു വിളിച്ചതിനാൽ അന്ന് വീട്ടിൽ ആളുണ്ടായിരുന്നില്ല. ബൈക്കിൽ എത്തിയ രണ്ടു പേരാണ് കല്ലെറിഞ്ഞത്. ശബ്ദം കേട്ട് സമീപവാസികൾ ഉണർന്ന് നോക്കുമ്പോൾ രണ്ട് പേർ ബൈക്കിൽ കടന്നു പോകുന്നതായി കണ്ടിരുന്നു.
അതേസമയം കേസിൽ ഗ്രീഷ്മയെയും അമ്മയെയും അമ്മാവനെയും റൂറൽ എസ്പി ഓഫീസിൽ ചോദ്യം ചെയ്യുകയാണ്. ഇന്നലെയാണ് ഗ്രീഷ്മയെ നെയ്യാറ്റിൻക്കര മജിസ്ട്രേറ്റ് കോടതി ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. മാതാവ് സിന്ധുവിനെയും അമ്മാവൻ നിർമൽ കുമാറിനെയും അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്.
മൂവരെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യൽ പൂർത്തിയാകുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. ചോദ്യം ചെയ്യലും തെളിവെടുപ്പും ക്യാമറയിൽ പകർത്തണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ കുറ്റസമ്മതം നടത്തിയ ദിവസം മാത്രമാണ് ക്രൈംബ്രാഞ്ച് സംഘത്തിന് ഗ്രീഷ്മയെ ചോദ്യംചെയ്യാനായത്. ഇതിനുപിന്നാലെ അണുനാശിനി കുടിച്ച് ആത്മഹത്യാശ്രമം നടത്തിയതോടെ ഗ്രീഷ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 14നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്കു വിളിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകുകയായിരുന്നു. കഷായം കുടിച്ച് അവശനായ ഷാരോൺ 25ന് മരിച്ചു. പ്രണയബന്ധത്തിൽനിന്ന് പിൻമാറാൻ ഷാരോൺ തയാറാകാത്തതിനെ തുടർന്നാണ് ഗ്രീഷ്മ വിഷം നൽകിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.