കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനം; ഗവര്‍ണര്‍ക്കെതിരെ നിയമോപദേശത്തിന് സര്‍ക്കാര്‍ ചെലവാക്കിയത് 46.90 ലക്ഷം

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനം; ഗവര്‍ണര്‍ക്കെതിരെ നിയമോപദേശത്തിന്  സര്‍ക്കാര്‍ ചെലവാക്കിയത് 46.90 ലക്ഷം

ന്യൂഡല്‍ഹി: സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് ലക്ഷങ്ങള്‍.

ഗവര്‍ണര്‍ തടഞ്ഞുവച്ച ബില്ലുകള്‍ ഉള്‍പ്പെടെ നിയമസഭ പാസാക്കിയ ബില്ലുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി 46.90 ലക്ഷം രൂപയാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളത്.

ഗവര്‍ണര്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമ നടപടികളെ സംബന്ധിച്ച് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ദ്ധനുമായ ഫാലി എസ് നരിമാനില്‍ നിന്നാണ് സര്‍ക്കാര്‍ നിയമ ഉപദേശം തേടിയത്. ഫാലി എസ് നരിമാന് മാത്രം ഫീസായി നല്‍കിയത് 30 ലക്ഷം രൂപ.

കൂടാതെ നരിമാന്റെ ജൂനിയര്‍ അഭിഭാഷകരായ സുഭാഷ് ചന്ദ്രയ്ക്ക് 9.9 ലക്ഷം, സഫീര്‍ അഹമ്മദിന് നാല് ലക്ഷം, ക്ലര്‍ക്ക് വിനോദ് കെ ആനന്ദിന് മൂന്ന് ലക്ഷം എന്നിങ്ങനെയാണ് തുക നല്‍കിയത്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കി.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ 11 ബില്ലുകളാണ് പാസാക്കിയത്. ഇതില്‍ ലോകായുക്ത, സര്‍വകലാശാല ഭേദഗതി അടക്കമുള്ള നാല് ബില്ലുകള്‍ക്കും കഴിഞ്ഞ വര്‍ഷം നിയമസഭ പാസാക്കിയ രണ്ട് ബില്ലുകള്‍ക്കും ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടില്ല.

കേരള നിയമസഭാ ബില്ലുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമോപദേശം എഴുതി നല്‍കുന്നതിനാണ് ഫീസ് കൈമാറുന്നത് എന്ന് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസിലെ വിചാരണ കേരളത്തിന് പുറത്തേക്കു മാറ്റണമെന്ന ഇ.ഡിയുടെ ഹര്‍ജിയില്‍ കേരളത്തിനു വേണ്ടി ഹാജരാകാന്‍ സീനിയര്‍ അഭിഭാഷകന്‍ കബില്‍ സിബലിന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നല്‍കിയത് 15.50 ലക്ഷം രൂപയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.