മേയറെ പുറത്താക്കണം: പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും; കത്തിപ്പടര്‍ന്ന് കത്ത് വിവാദം

മേയറെ പുറത്താക്കണം: പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും; കത്തിപ്പടര്‍ന്ന് കത്ത് വിവാദം

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ താൽകാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് പട്ടിക ചോദിച്ച് മേയർ ആര്യാ രാജേന്ദ്രൻ അയച്ച കത്തിൽ കടുത്ത പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും. മേയറുടെ നടപടി സത്യപ്രതിഞ്ജാ ലംഘനമാണെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ നഗരസഭയിലേക്ക് തള്ളിക്കയറി.

പ്രതിഷേധക്കാരെ മാറ്റാൻ ശ്രമിച്ചതോടെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. മേയറുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മേയറുടെ ഓഫീസിന് സമീപത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നഗരസഭയിലെ ബിജെപി അംഗങ്ങളും മേയർക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. യുവമോർച്ച പ്രവർത്തകർ റോഡ് ഉപരോധിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എരഞ്ഞിപ്പാലത്ത് നിന്ന് ആരംഭിച്ച മാർച്ച് കളക്ടറേറ്റിന് മുന്നിലൊരുക്കിയ ബാരിക്കേഡ് തകർത്ത് അകത്തുകയറാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവർത്തകർ ചിതറിയോടി. വീണ്ടും സംഘടിച്ചെത്തിയ പ്രവർത്തകർ തകർത്ത ബാരിക്കേഡ് ദേശീയ പാതയിലേയ്ക്ക് വലിച്ചെടുത്ത് മുദ്രാവാക്യം മുഴക്കി.

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചതിൽ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് എന്നിവർ ദേശീയപാതയിൽ കിടന്ന് ഗതാഗതം സ്തംഭിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ ഡി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

യുവമോർച്ചയുടെ നേതൃത്വത്തിൽ 12.15 ഓടെയെത്തിയ പ്രവർത്തകർ അരമണിക്കൂറോളം കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിച്ചു. ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. യുവമോർച്ച മാർച്ച് എരഞ്ഞിപ്പാലത്ത് നിന്നാണ് ആരംഭിച്ചത്. യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി.റനീഷ് ഉൾപ്പടെ 13 പേർക്കെതിരെ കേസെടുത്തു. അതേസമയം കത്ത് വിവാദമായെങ്കിലും ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഇതുവരെ മേയർ തയ്യാറായിട്ടില്ല.

ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു ഔദ്യോഗിക കത്തയച്ച മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ പിരിച്ചുവിടണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് വിവി രാജേഷും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു.

തിരുവനന്തപുരം കോർപറേഷനിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ഒഴിവുണ്ടെങ്കിൽ അതു നികത്തേണ്ടത് സിപിഎം ജില്ലാ സെക്രട്ടറി ആണോയെന്നും സുരേന്ദ്രൻ ചോദിച്ചു. സത്യപ്രതിഞ്ജാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മേയർക്ക് സ്ഥാനത്ത് തുടരാൻ അവകാശമില്ല. എല്ലായിടത്തും സിപിഎം പ്രവർത്തകരായാൽ മാത്രം ജോലി എന്ന പിണറായി സർക്കാരിന്റെ നയം തന്നെയാണ് തിരുവനന്തപുരം കോർപറേഷനും പിന്തുടരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

കഴിവുള്ളവരെയും അർഹതയുള്ളവരെയും മാറ്റിനിർത്തി സിപിഎമ്മിന് താല്പര്യമുള്ളവരെയാണ് നിയമിക്കുന്നത്, പാർട്ടി ക്രിമിനലുകളെ കുത്തിനിറയ്ക്കാനുള്ള കേന്ദ്രമായി തിരുവനന്തപുരം കോർപ്പറേഷൻ മാറിയെന്നും രാജേഷ് ആരോപിച്ചു. മേയറെ സിപിഎം പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.