മധ്യപൗര്യസ്ത്യദേശത്തെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരശീല വീണു: താരശോഭയിൽ കലാതിലകങ്ങൾ

മധ്യപൗര്യസ്ത്യദേശത്തെ ഏറ്റവും വലിയ  കലാമാമാങ്കത്തിന് തിരശീല വീണു: താരശോഭയിൽ കലാതിലകങ്ങൾ

കുവൈറ്റ് സിറ്റി : ഗൾഫ് നാടുകളിലെ ഏറ്റവും വലിയ  കല-സംസ്കാരിക മത്സരവേദിയായ കുവൈറ്റ് എസ്എം സി എയുടെ ബൈബിൾ കലോത്സവത്തിന് വെള്ളിയാഴ്ച തിരശീല വീണു. നൂറുകണക്കിന് പ്രതിഭകൾ മാറ്റുരച്ച വേദിയിൽ  പ്രവാസനാട്ടിലെ പ്രതിഭകൾ ഇഞ്ചോടിച്ച് പോരാടി നക്ഷത്ര തിളക്കവുമായി വിജയതിലകമണിഞ്ഞു. മത്സരങ്ങളുടെ  സമാപനവേദിയായ ഇന്ത്യൻ ഇന്റഗ്രേറ്റഡ് സ്‌കൂളിൽ നാടകം, മാർഗംകളി, സംഘനൃത്തം, നാടോടി നൃത്തം, കഥാപ്രസംഗം, പ്രസംഗം, പാട്ട്  എന്നീ  മത്സരങ്ങൾ പല സ്റ്റേജുകളിലായി നടന്നു.

കോവിഡ്  കാലത്തിനു ശേഷം നടന്ന ആദ്യ കലോത്സവവേദിയിൽ  അഭൂതപൂർവമായ ജനത്തിരക്കാണ്  അനുഭവപ്പെട്ടത്. എസ് എം  സി എ കുവൈറ്റ് പ്രസിഡന്റ് സാൻസിലാൽ ചക്യത്ത്, ജനറൽ സെക്രട്ടറി ഷാജിമോൻ ഈരെത്തറ, ട്രഷറർ ജോസ് മത്തായി പൊക്കാളിപ്പടവിൽ ആർട്സ് കൺവീനർ ജിമ്മി ആന്റണി എന്നിവർ മത്സരങ്ങൾക്ക്  നേതൃത്വം നൽകി. അബ്ബാസിയ ഏരിയ കൺവീനർ ബോബി കയ്യാലപ്പറമ്പിൽ, സാൽമിയ ഏരിയ കൺവീനർ സുനിൽ തൊടുക, ഫഹാഹീൽ ഏരിയ കൺവീനർ സന്തോഷ് ജോസഫ്, സിറ്റി-ഫർവാനിയ ഏരിയ കൺവീനർ ജിസ് എം ജോസ് എന്നിവർ മല്സര വേദികളെ നിയന്ത്രിച്ചു. സെൻട്രൽ-ഏരിയ മാനേജിങ് കമ്മറ്റി അംഗങ്ങൾ മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി അഹോരാത്രം യത്നിച്ചതായി ആർട്സ് കൺവീനർ ജിമ്മി ആന്റണി പറഞ്ഞു.


പ്രായത്തിന്റെ അടിസ്ഥാനതിൽ അഞ്ചു ഗ്രൂപ്പുകളിലായി വ്യക്തിഗത ഇനങ്ങളും ഗ്രൂപ്പ് ഇനങ്ങളും അരങ്ങേറി. ഓരോ ഗ്രൂപ്പിലും ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ വ്യക്തികൾക്ക് കലാതിലകപട്ടവും നൽകി. എ ഗ്രൂപ്പിൽ ഇവാനിയ നാഷ്,  ബി ഗ്രൂപ്പിൽ മിലിയ അന്ന രാജേഷ്, സി ഗ്രൂപ്പിൽ സെറാഫിൻ ഫ്രഡി,ഡി ഗ്രൂപ്പിൽ മിറിയം അൽഫോൻസാ ജോർജ്, ഇ ഗ്രൂപ്പിൽ ലിതാ രാജേഷ് എന്നിവർ കലാതിലകപട്ടം കരസ്ഥമാക്കി.

സാൽമിയ ഏരിയായിൽ നിന്നുള്ള നാഷ് - സോണിയ ദമ്പതികളുടെ മകളായ ഇവാനിയ നാഷ് റിലീസ് ചെയ്യാനിരിക്കുന്ന വിവിധ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആക്ഷൻ സോങ്, സ്റ്റോറി ടെല്ലിങ്, ഫാൻസിഡ്രസ് എന്നീ മത്സരങ്ങളിൽ കഴിവ് തെളിയിച്ചാണ് ഇവാനിയ കലാതിലകപട്ടമണിഞ്ഞത്.

മിലിയ അന്ന രാജേഷ് രണ്ടാം തവണയാണ് കലാതിലകപട്ടം നേടുന്നത്. ബൈബിൾ സ്റ്റോറി ടെല്ലിങ്, ഫോക് ഡാൻസ് , ക്യാരക്ടറൈസേഷൻ മത്സരങ്ങളിൽ പങ്കെടുത്താണ് ബി ഗ്രൂപ്പിൽ ഒന്നാമത് എത്തിയത്. രാജേഷ്-ലിതാ ദമ്പതികളുടെ പുത്രിയായ മിലിയ പഠന-പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്നു.

സംഗീത രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുള്ള സെറാഫിൻ ഫ്രഡി, ഫ്രഡി-ബിനി ദമ്പതികളുടെ ഏകമകളാണ്. പങ്കെടുത്ത നാലു ഇനങ്ങളിലും ഒന്നാം സമ്മാനം നേടിയാണ് സെറാഫിൻ സി ഗ്രൂപ്പിൽ കലാതിലകപട്ടം നേടിയത്. രണ്ടാം തവണയാണ് സെറാഫിൻ കലാതിലകപട്ടപദവിയിലേറുന്നത്.

നൃത്തചുവടുകളിലൂടെ ഡി ഗ്രൂപ്പിൽ കലാതിലകപട്ടം നേടിയ മിറിയം അൽഫോൻസാ ജോർജ്,  ജോർജുകുട്ടി-ധന്യ ദമ്പതികളുടെ മകളാണ് ഭരതനാട്യം, മോഹിനിയാട്ടം, ഫോക് ഡാൻസ് എന്നിവയിൽ മികവ് തെളിയിച്ചാണ്  ഈ മിടുക്കി  നേട്ടം കൊയ്തത്. ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ വിദ്യാർത്ഥിയായ മിറിയം സ്‌കൂൾ കലാമത്സരത്തിലെ കലാതിലകം കൂടിയാണ്.

എസ്എംസിഎ ബൈബിൾ കലോത്സവത്തിൽ  കലാതിലകപട്ടം ഏർപ്പെടുത്തിയ കാലം മുതൽ ഇ ഗ്രൂപ്പിലെ കലാതിലകപട്ടം കരസ്ഥമാക്കിയിട്ടുള്ള ലിതാ രാജേഷ് പതിവ് തെറ്റിക്കാതെ തുടർച്ചയായി അഞ്ചാം തവണയും കലാതിലക പട്ടത്തിൽ മുത്തമിട്ടു. ബി ഗ്രൂപ്പിലെ കലാതിലകമായ മിലിയ അന്ന രാജേഷ്, ലിതയുടെ മകളാണ് . അമ്മയും മകളും കലാതിലക പട്ടം കരസ്ഥമാക്കുന്ന അസുലഭ നിമിഷത്തിന് വേദിയായിരിക്കുകയാണ് ഈ വർഷത്തെ എസ്എംസിഎ ബൈബിൾ കലോത്സവം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.