നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കി; കോര്‍പറേഷന്‍ അധികാരം റദ്ദാക്കി: മുഖം രക്ഷിക്കാന്‍ സിപിഎമ്മിന്റെ ഒറ്റമൂലി

നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കി; കോര്‍പറേഷന്‍ അധികാരം റദ്ദാക്കി: മുഖം രക്ഷിക്കാന്‍ സിപിഎമ്മിന്റെ ഒറ്റമൂലി

മേയര്‍ ആര്യ രാജേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിലും വിജിലന്‍സിലും പരാതി.

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്കു പാര്‍ട്ടി പ്രവര്‍ത്തകരുടെ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയര്‍ ആര്യ രാജേന്ദ്രന്റെ കത്ത് പുറത്തായതിനു പിന്നാലെ കോര്‍പറേഷന്റെ നിയമനാധികാരം റദ്ദാക്കി സര്‍ക്കാര്‍.

കോര്‍പറേഷനിലെ എല്ലാ താല്‍ക്കാലിക ഒഴിവുകളിലും നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. പിന്‍ വാതില്‍ നിയമന വിവാദത്തില്‍ പാര്‍ട്ടി വലിയ പ്രതിരോധത്തിലായതോടെ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

മേയറുടെ കത്തിന് പിന്നാലെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ഒന്‍പത് നിയമനങ്ങള്‍ക്കായി യോഗ്യരായവരുടെ പട്ടിക കൈമാറണമെന്ന് ആവശ്യപ്പെട്ട് നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായ ഡി.ആര്‍. അനില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ഒക്ടോബര്‍ 24 ന് അയച്ച കത്തും പുറത്തായിരുന്നു.

മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാര്‍ട്ടി നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകള്‍ വഴി പുറത്തായതോടെയാണ് വിവാദമായത്. 'സഖാവേ' എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയ ശേഷം ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു എന്നാണ് എഴുതിയിട്ടുള്ളത്. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്.

കത്ത് പുറത്തായതിന് പിന്നാലെ മേയറുടെ നടപടിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്തു വന്നു. യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് തള്ളിക്കയറി. ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സിനും തിരഞ്ഞെടുപ്പ് കമ്മീഷനും യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.