ന്യൂഡല്‍ഹി: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് മൂന്ന് മലയാളികളടക്കം 16 ഇന്ത്യക്കാര്‍ ആഫ്രിക്കന്‍ രാജ്യമായ ഇക്വറ്റോറിയല്‍ ഗിനിയില്‍ അറസ്റ്റിലായി. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലത്ത് ജീവനൊടുക്കിയ വിസ്മയയുടെ സഹോദരന്‍ വിജിത്തും അറസ്റ്റിലായവരിലുണ്ട്.
സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് കാണിച്ച് 16 ഇന്ത്യക്കാരടക്കം 26 യാത്രക്കാര്‍ അടങ്ങുന്ന സംഘത്തെ ഇക്വറ്റോറിയല്‍ ഗിനി പിടികൂടുകയായിരുന്നു. നൈജീരിയയുടെ നിര്‍ദേശ പ്രകാരമായിരുന്നു അറസ്റ്റെന്നാണ് വിവരം. ഓഗസ്റ്റ് 12 മുതല്‍ ഇക്വറ്റോറിയല്‍ ഗിനിയിലെ നേവിയുടെ തടവിലാണ് വിജിത്ത് ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാര്‍.
ക്രൂഡ് ഓയിലുമായി നൈജീരിയയിലേക്ക് എത്തിയതായിരുന്നു ഇവരുടെ കപ്പല്‍. തുറമുഖത്തേക്ക് അടുപ്പിക്കാന്‍ അനുമതിക്കായി കാത്തു കിടക്കുന്നതിനിടെയാണ് ഇക്വറ്റോറിയല്‍ ഗിനിയിലെ നേവി ഉദ്യോഗസ്ഥരെത്തി കപ്പലിനെയും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തത്.
രാജ്യാതിര്‍ത്തി ലംഘിച്ചെന്ന് വ്യക്തമാക്കി 20 ലക്ഷം അമേരിക്കന്‍ ഡോളര്‍ പിഴയും ചുമത്തി. ഈ തുക അടച്ചെങ്കിലും ഇതിനു പിന്നാലെ തങ്ങളെ നൈജീരിയന്‍ നേവിക്ക് കൈമാറാന്‍ നീക്കം നടക്കുന്നതായി തടവിലാക്കപ്പെട്ടവര്‍ ആരോപിച്ചു. നൈജീരിയയ്ക്ക് കൈമാറിയാല്‍ എന്തു സംഭവിക്കുമെന്ന ആശങ്കയിലാണ് കപ്പല്‍ ജീവനക്കാര്‍.
രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചാണ് കപ്പല്‍ കസ്റ്റഡിയിലെടുക്കുകയും തങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തതെന്ന് തടവിലാക്കപ്പെട്ടവര്‍ ആരോപിച്ചു. നാല് മാസമായി 16 ഇന്ത്യക്കാര്‍ തടവറയിലായിട്ടും വിദേശകാര്യ മന്ത്രാലയം ഇതുവരെ സംഭവത്തില്‍ ഇടപെട്ടിട്ടില്ല. ഇക്വറ്റോറിയല്‍ ഗിനിയുടെ തലസ്ഥാനമായ മാലോബോയിലാണ് സംഘം ഇപ്പോഴുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.