മെസിക്കും നെയ്മറിനും 'ചുവപ്പ് കാര്‍ഡ്'; പുഴയുടെ സ്വഭാവിക ഒഴുക്ക് തടസപ്പെടുത്തിയെന്ന് പരാതി

മെസിക്കും നെയ്മറിനും 'ചുവപ്പ് കാര്‍ഡ്'; പുഴയുടെ സ്വഭാവിക ഒഴുക്ക് തടസപ്പെടുത്തിയെന്ന് പരാതി

കോഴിക്കോട്: ഫുട്‌ബോള്‍ ലോകകപ്പ് ആവേശത്തിന് തിരികൊളുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മെസിയുടേയും നെയ്മറിന്റേയും കട്ടൗട്ടുകള്‍ക്ക് തദ്ദേശ ഭരണ സ്ഥാപനത്തിന്റെ 'ചുവപ്പ് കാര്‍ഡ്'. പുഴയുടെ സ്വഭാവിക ഒഴുക്കിന് തടസം ഉണ്ടാക്കും വിധം 'ഫൗള്‍' ചെയ്ത മെസിയെയും നെയ്മറെയും നീക്കാന്‍ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. 

കോഴിക്കോട് ചാത്തമംഗലം എന്‍.ഐ.ടിക്ക് സമീപം പുള്ളാവൂരിലെ ചെറുപുഴയ്ക്ക് നടുവിലാണ് ഫുട്‌ബോള്‍ ആരാധകര്‍ മെസിയുടേയും നെയ്മറിന്റേയും കട്ടൗട്ടുകള്‍ സ്ഥാപിച്ചത്. ആദ്യം മെസിയുടെ 30 അടിക്ക് മുകളിലുളള കട്ടൗട്ട് സ്ഥാപിച്ച് 24 മണിക്കൂര്‍ തികയും മുന്‍പ് അതിനേക്കാള്‍ ഉയരത്തിലുള്ള നെയ്മറുടെ 40 അടി ഉയരത്തിലുളള കട്ടൗട്ട് പുഴയില്‍ ഉയര്‍ന്നു. 

ഇരു കട്ടൗട്ടുകളും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലോകമെമ്പാടും ശ്രദ്ധനേടി. ഫോക്‌സ് സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുളള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ കേരളത്തിലെ ലോകകപ്പ് ആവേശം വാര്‍ത്തയാക്കി. ഇതിനിടെയാണ് കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി എത്തിയത്. 

കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയുടെ പരാതിയെത്തുടര്‍ന്ന് സ്ഥലത്ത് പരിശോധന നടത്തിയെന്നും വസ്തുതകള്‍ ബോധ്യപ്പെട്ടതിനാലാണ് കട്ടൗട്ടുകള്‍ നീക്കാന്‍ നിര്‍ദേശം നല്‍കിയതെന്നുമാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.

സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. നെയ്മറുടെ കട്ടൗട്ട് കരയിലാണെന്നും മെസിയുടേത് പുഴക്ക് നടുവിലെ തുരുത്തിലാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി. കരയില്‍ വെച്ച കട്ടൗട്ടുകള്‍ എങ്ങനെയാണ് പുഴയുടെ ഒഴുക്ക് തടയുകയെന്നും ആരാധകര്‍ ചോദിച്ചു. പരാതിക്കാരന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കമന്റുകള്‍ നിറയുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.