തിരുവനന്തപുരം: ഗവര്‍ണറെ സര്‍വകലാശാലാ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനൊരുങ്ങി സര്‍ക്കാര്‍. ഇതു സംബന്ധിച്ച് സിപിഎം സംസ്ഥാന സമിതിയില്‍ തീരുമാനം ഉണ്ടായതിനെ തുടര്‍ന്നാണ് നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കാനൊരുങ്ങുന്നത്. ഓര്‍ഡിനന്‍സ് പാസാകണമെങ്കില്‍ ഗവര്‍ണര്‍ ഒപ്പു വയ്ക്കണം. ഗവര്‍ണര്‍ക്കെതിരായ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുമെന്ന പ്രതീക്ഷ സിപിഎമ്മിനും സര്‍ക്കാരിനുമില്ല.
ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ നിയമസഭയില്‍ ബില്ല് കൊണ്ടു വരാനും ബില്ല് ഒപ്പിടാതെ തിരിച്ചയച്ചാല്‍ കോടതിയെ സമീപിക്കാനും സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. നിയമോപദേശത്തിനായി ഭരണഘടന വിദഗ്ധന്‍ ഫാലി എസ്. നരിമാന്റെ സഹായം സര്‍ക്കാര്‍ തേടും. 45.9 ലക്ഷം രൂപ ഫീസായി നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ്. നിയമ ഉപദേശം നല്‍കുന്നതിന് ഫീസായി മാത്രം മുപ്പത് ലക്ഷം രൂപയും നരിമാന്റെ ജൂനിയര്‍മാരും ക്ലര്‍ക്കുമാര്‍ക്കുമായി 15.9 ലക്ഷം രൂപയുമാണ് നല്‍കുന്നത്.
നിയമോപദേശം ലഭിച്ചാല്‍ ഉടന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. സര്‍ക്കാരിനു വേണ്ടി സുപ്രീം കോടതിയില്‍ ഫാലി എസ്.നരിമാനോ, കെ.കെ. വേണുഗോപാലോ ഹാജരാകും. നേരത്തെ ദില്ലിയില്‍ എത്തിയ എജി ഗോപാലകൃഷ്ണക്കുറുപ്പ് ഉള്‍പ്പെടെയുള്ളവര്‍ മുന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനെ കണ്ടിരുന്നു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രക്ഷോഭം വിപുലീകരിക്കാനും സംസ്ഥാന സമിതിയില്‍ തീരുമാനമുണ്ടായി. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ കൂടി ഉറപ്പിച്ചാകും പ്രക്ഷോഭം കടുപ്പിക്കുക. നവംബര്‍ 15ന് രാജ്ഭവനു മുന്നില്‍ നടക്കുന്ന ധര്‍ണയില്‍ ഡിഎംകെയുടെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ പങ്കെടുക്കും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും പങ്കെടുക്കും.
സംസ്ഥാന സമിതിയില്‍ ഗവര്‍ണര്‍ക്കു നേരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിനു പിന്നാലെയാണ് സമാനമായ പ്രശ്‌നം അഭിമുഖീകരിക്കുന്ന തമിഴ്‌നാടിനെ ഉള്‍പ്പെടുത്തി പ്രക്ഷോഭം വിപുലീകരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.